ഇന്ത്യൻ താരസുന്ദരി ശ്രീദേവി മരിച്ച് മൂന്നു ദിവസങ്ങള്‍ പിന്നിടുകയാണ്. പോസ്റ്റുമോർട്ടത്തിനും മറ്റു പരിശോധനകൾക്കും ശേഷം മൃതശരീരം നാട്ടിലെത്തിച്ചു. തങ്ങളുടെ പ്രിയ താരത്തെ അവസാനമായി കാണാൻ ആരാധകരുടെ പ്രവാഹമാണ്. ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾക്കു പുറകെ മറ്റൊരു കൂട്ടർ പായുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ശ്രീദേവി നടത്തിയ ശസ്ത്രക്രിയകളും അവരുടെ അമിത സൗന്ദര്യ ഭ്രമവുമാണ് മരണത്തിലേക്കെത്തിച്ചത് എന്നുവരെയുള്ള ഊഹാപോഹങ്ങൾ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ശ്രീദേവിയുടെ പേഴ്സണൽ മേക്കപ്പ്മാനായിരുന്ന സുഭാഷ് ഷിന്‍ഡേ പ്രതികരണവുമായി മാധ്യമങ്ങൾക്കു മുന്നില്‍ എത്തിയിരിക്കുകയാണ്.

‘അവര്‍ മരിച്ചുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. മോഹിത് മര്‍വയുടെ വിവാഹത്തിനു ദുബായില്‍ അവരോടൊപ്പം ഞാനും ഉണ്ടായിരുന്നു. അവര്‍ എപ്പോഴത്തേയും പോലെ വളരെ സുന്ദരിയും സന്തോഷവതിയുമായിരുന്നു. രണ്ട് ദിവസം മുന്‍പ് ഞാന്‍ മടങ്ങിയെത്തിയിരുന്നു. ശനിയാഴ്ച രാത്രിയാണ് വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. ഞാനിപ്പോഴും അതിന്റെ ആഘാതത്തിലാണ്.’

‘വളരെ ഊഷ്മളതയും പോസിറ്റിവിറ്റിയുമുള്ള ആളായിരുന്നു അവര്‍. 2012 ല്‍ പുറത്തിറങ്ങിയ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന ചിത്രത്തിനു ശേഷമാണ് ഞാന്‍ അവരോടൊപ്പം ജോലിചെയ്തു തുടങ്ങിയത്. അവരുടെ കൂടെ ജോലി ചെയ്യുന്നവരെയെല്ലാം അവര്‍ ഒരു കുടുംബം പോലെയാണ് കണ്ടിരുന്നത്.’

നിറങ്ങളെക്കുറിച്ചും ഷേഡുകളെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അവര്‍ക്ക് അവരുടെ സൗന്ദര്യത്തെക്കുറിച്ചും അത് എങ്ങനെ സംരക്ഷിക്കണമെന്നതിനെക്കുറിച്ചും നല്ല ബോധ്യമുണ്ടായിരുന്നു. അവരില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്,’ സുഭാഷ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook