ജീവിതത്തില്‍ താന്‍ ആരുടേയും ഉപദേശം കേള്‍ക്കാന്‍ കൂട്ടാക്കിയിട്ടില്ലെന്നും, അതുകൊണ്ടു തന്നെ തന്റെ മക്കളേയും ഉപദേശിക്കാറില്ലെന്ന് നടന്‍ കമല്‍ഹാസന്‍.

“ഞാനവര്‍ക്ക് തൊഴില്‍ സംബന്ധിച്ച് ഇന്നുവരെ ഒരു ഉപദേശവും നല്‍കിയിട്ടില്ല. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ സഹായം ചോദിക്കാറുണ്ട്. അപ്പോള്‍ അത് ചെയ്‌തു കൊടുക്കും. എന്റെ ജീവിതത്തിലോ തൊഴില്‍ സംബന്ധിച്ചോ എനിക്ക് ലഭിച്ച ഉപദേശങ്ങളൊന്നും ഞാന്‍ സ്വീകരിച്ചിട്ടില്ല. എന്റെ സ്വന്തം തീരുമാനങ്ങളാണ് ജീവിതത്തില്‍ നടപ്പാക്കിയത്. എന്റെ രക്ഷിതാക്കള്‍ എന്നോട് ചെയ്‌തത് ഞാന്‍ എന്റെ മക്കളോടും ചെയ്യുന്നു. അവരെന്നെ സഹായിച്ചതും വിമര്‍ശിച്ചതുമെല്ലാം ഞാന്‍ ചോദിച്ചപ്പോള്‍ മാത്രമാണ്,” കമല്‍ഹാസന്‍ ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും സിനിമാ മേഖലയിലാണ്.

അഭിനയത്തിന്റെ അങ്കത്തട്ടില്‍ പയറ്റിത്തെളിഞ്ഞ ഉലകനായകന്‍ കമല്‍ഹാസന്‍ അടുത്തിടെയാണ് തന്റെ ജീവിതത്തിലെ നിര്‍ണായക രാഷ്ട്രീയ യാത്രയ്‌ക്ക് തുടക്കം കുറിച്ചത്. ‘മക്കള്‍ നീതി മയ്യം’ എന്ന പുതിയ പാര്‍ട്ടിയാണ് കമല്‍ പ്രഖ്യാപിച്ചത്. നിലവില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ബിഗ് ബോസ് തമിഴ് 2ന്റെ അവതാരക വേഷത്തിലും കമല്‍ സജീവമാണ്.

അദ്ദേഹം നായകനാകുന്ന വിശ്വരൂപം രണ്ടാംഭാഗത്തിന്റെ ട്രെയിലറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2. കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ആസ്‌കര്‍ പ്രൊഡക്ഷന്‍സും കമല്‍ഹാസനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളിലെത്തും.

വിശ്വരൂപം ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച ഒരു സ്‌പൈ ത്രില്ലര്‍ ചിത്രമായിരുന്നു. മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് തമിഴ്നാട്ടിലെ ചില സംഘടനകള്‍ സിനിമയ്‌ക്ക് എതിരെ രംഗത്തുവന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook