മലയാളത്തിന്റെ സ്വന്തം പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ‘കരീബ് കരീബ് സിംഗിള്‍’ എന്ന ചിത്രം. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ മലയാളിയായ നായിക ജയ എന്ന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്. നവംബര്‍ 10ന് ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കുമ്പോള്‍ നായകന് ഒരു സങ്കടം. തന്റെ നായികയെ മിസ്സ് ചെയ്യുന്നുവെന്നതാണ് ആ സങ്കടം.

ഇര്‍ഫാന്‍ ഖാന്റെ ഏറ്റവും പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ‘പാര്‍വതി ഞാന്‍ കണ്ണുനീരിനെ വെറുക്കുന്നു. മുംബൈയില്‍ വേഗം കണ്ടുമുട്ടാം. കൊല്‍ക്കത്തയിലെ ഡേറ്റ് ഞാന്‍ മാത്രമായി അവസാനിച്ചു’. ഇര്‍ഫാന്‍ കുറിച്ചു. ഇതിന് പാര്‍വതി മറുപടിയും നല്‍കിയിട്ടുണ്ട്. ‘യോഗി ജി, ഞാനിതാ വരികയാണ് ഇനി കണ്ണീരില്ല, ഡേറ്റിങ്ങിനായി കാത്തിരിപ്പുമില്ല.’ ഇതാണ് പാര്‍വതി തന്റെ നായകന് നല്‍കിയ മറുപടി.

അടുത്തിടെയാണ് പാര്‍വതിയുടെ പ്രതിഭയെ പ്രശംസിച്ചു കൊണ്ട് ഇര്‍ഫാന്‍ ഖാന്‍ സംസാരിച്ചത്. ‘പാര്‍വതി ഒരു ഗംഭീര നടിയാണ്. ധാരാളം ആരാധകരുണ്ട് പാര്‍വതിക്ക്. അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കുറച്ച് സങ്കീര്‍ണമായിരുന്നു. ചിത്രത്തില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടുമോ എന്നു പോലും എനിക്കറിയില്ല. അവര്‍ അത്രയും നല്ലൊരു നടിയല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ഇത്രയും നല്ലൊരു കെമിസ്ട്രി സംഭവിക്കില്ലായിരുന്നു.’ എന്നാണ് ഇര്‍ഫാന്‍ അന്നു പറഞ്ഞത്.

ട്രെയിലര്‍ പുറത്തുവന്ന സമയത്തു തന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലറില്‍ പാര്‍വതിയുടെ കഥാപാത്രം മലയാളം പറയുന്നതും പ്രേക്ഷകര്‍ ആഘോഷമാക്കി. ‘വേഗം ഇറങ്ങ് കഴുതെ’ എന്നാണ് ഇര്‍ഫാന്‍ ഖാന്റെ കഥാപാത്രത്തോട് പാര്‍വതിയുടെ ജയ എന്ന കഥാപാത്രം പറയുന്നത്.

Read More: പാര്‍വതി ‘ഒരു രക്ഷയുമില്ലാത്ത’ നടി: ഇര്‍ഫാന്‍ ഖാന്‍

രാജസ്ഥാനിലെ ബിക്കനീറിലായിരുന്നു തനൂജ ചന്ദ്ര സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ്. ഒരു റോഡ് യാത്രയില്‍ കണ്ടുമുട്ടുന്നവര്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയവും കോമഡിയുമെല്ലാം ചേര്‍ന്നതാണ് പാര്‍വതിയുടെ ആദ്യ ഹിന്ദി ചിത്രം. ബിക്കനീര്‍, റിഷികേശ്, ഗാംഗ്ടോക്ക് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ