ഷാരൂഖ് ഖാൻ-ജൂഹി ചൗള ജോഡികളായി എത്തിയ നിരവധി ബോളിവുഡ് ചിത്രങ്ങളുണ്ട്. ഡ്യൂപ്ലിക്കേറ്റ്, യെസ് ബോസ്, ദർ, റാം ജാനേ തുടങ്ങിയവ അവയിൽ ചിലതു മാത്രം. ഇരുവരും തമ്മിൽ അടുത്ത സുഹൃദ് ബന്ധമാണുളളത്. ഡ്യൂപ്ലിക്കേറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ഇരുവരുടെയും സുഹൃദ് ബന്ധം കൂടുതൽ ദൃഢമായത്. ചിത്രം പുറത്തിറങ്ങി 19 വർഷം പിന്നിട്ടുമ്പോൾ ആ സമയത്തെ ചില ഓർമകൾ പങ്കെടുക്കുകയാണ് ജൂഹി ചൗള. ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ജൂഹി ഷാരൂഖിനെക്കുറിച്ചും ഇരുവരുടെയും സൗഹൃദത്തെക്കുറിച്ചും പങ്കുവച്ചത്.

”ഡ്യൂപ്ലിക്കേറ്റിന്റെ ഷൂട്ടിങ് സമയത്താണ് എനിക്ക് എന്റെ അമ്മയെ നഷ്ടമാകുന്നത്. പ്രാഗിലായിരുന്നു ഷൂട്ടിങ്. അമ്മയും കൂടെ ഉണ്ടായിരുന്നു. പിറ്റേ ദിവസം കരണിന്റെ (കരൺ ജോഹർ) പിറന്നാളായിരുന്നു. ഞാനും അമ്മയും കൂടി ചേർന്ന് കരണിന് നൽകാനായി സമ്മാനം വാങ്ങി. അടുത്ത ദിവസം രാവിലെ ഞാൻ ഷൂട്ടിങ്ങിനു പോകുന്നതിനു മുൻപായി അമ്മ നടക്കാൻ പോയി. പിന്നെ തിരിച്ചുവന്നില്ല. ഒരു ദിവസം മുൻപാണ് ഞാനും അമ്മയും ഇവിടെ എത്തിയത്. മൂന്നാമത്തെ ദിവസം അമ്മയ്ക്ക് അപകടമുണ്ടായി. അമ്മയുടെ മൃതശരീരം ശവപ്പെട്ടിയിലാക്കി കൊണ്ടുപോകേണ്ടി വന്നു. ഇതെന്നെ ശരിക്കും തകർത്തു”.

”ഈ സമയത്ത് എന്നെ ആശ്വസിപ്പിച്ചത് ഷാരൂഖ് ഖാനാണ്. മാതാപിതാക്കൾ നഷ്ടപ്പെടുമ്പോഴുളള വേദന ഷാരൂഖിന് നന്നായി അറിയാം. കാരണം ഷാരൂഖിന്റെ മാതാപിതാക്കൾ നേരത്തെ അദ്ദേഹത്തെ വിട്ടുപോയിരുന്നു. എന്റെ വേദനകൾ ഞാൻ മറക്കാൻവേണ്ടി ഷാരൂഖ് എപ്പോഴും എന്നെ ചിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു”.

”ജീവിതത്തിലേക്ക് തിരികെ വരാനുളള ഒരേയൊരു മാർഗം നമ്മുടെ ജോലിയിൽ ശ്രദ്ധിക്കുക എന്നതാണെന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെ വീണ്ടും ഞാൻ സിനിമയിലേക്ക് മടങ്ങി. ഷാരൂഖിനൊപ്പം ഡ്യൂപ്ലിക്കേറ്റ്, യെസ് ബോസ് എന്നീ ചിത്രങ്ങൾ ചെയ്തു. എന്റെ വിഷമങ്ങൾ മറന്നത് ഷാരൂഖ് ഉളളതുകൊണ്ട് മാത്രമാണ്. അതൊക്കെ വെറും ദുഃസ്വപ്നങ്ങൾ മാത്രമാണെന്ന് കരുതാൻ ഷാരൂഖ് എന്നോട് പറഞ്ഞു. അതിനാൽതന്നെ ഷാരൂഖ് എനിക്ക് വളരെ സ്പെഷലാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ദുർഘടമായ സമയത്ത് എന്നെ സഹായിച്ചത് ഷാരൂഖാണ്”.- ജൂഹി അഭിമുഖത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook