പരാജയങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്നും അതിലൂടെ തന്റെ പ്രകടനത്തെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കാറുള്ളതെന്നും ബോളിവുഡ് താരം താപ്‌സി പന്നു. ‘മുള്‍ക്’, ‘സൂര്‍മ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ‘മന്‍മര്‍സിയാന്റെ’ റിലീസിനായി കാത്തിരിക്കുകയാണ് താപ്‌സി.

‘ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പരാജയങ്ങളെ ഭയപ്പെടുന്നില്ല. അതെന്റെ സ്‌ക്രീനിലെ പ്രകടനത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഊര്‍ജമാണ്. ഞാന്‍ അങ്ങേയറ്റം സത്യസന്ധമായി എന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ പിന്നെന്തിനാണ് പേടിക്കുന്നതെന്ന് സ്വയം പറയാറുണ്ട്. ഞാന്‍ പരാജയപ്പെടും, അല്ലേ? അതുകൊണ്ട് ജീവിതം അവസാനിപ്പിക്കാന്‍ പറ്റുമോ? വീണ്ടും ശ്രമിക്കും,’ ഐഎഎന്‍എസിനു നല്‍കിയ അഭിമുഖത്തില്‍ താപ്‌സി പറഞ്ഞു.

‘എന്റെ സിനിമകള്‍ പരാജയപ്പെട്ടാല്‍ ഞാന്‍ മറ്റെന്തെങ്കിലും ചെയ്യും. അല്ലാതെ ജീവിതമൊന്നും അവസാനിപ്പിക്കില്ല. ജീവിതത്തിന്റെ അവസാനം എന്നു പറയുന്നതും ഈ സിനിമകള്‍ അല്ല. ഒരുപക്ഷെ ആ ഒരു ആത്മവിശ്വസമായിരിക്കാം ‘പിങ്ക്’, ‘ബേബി’, ‘നാം ഷബാന’ തുടങ്ങിയ സിനിമകളെല്ലാം തിരഞ്ഞെടുക്കാനുള്ള ധൈര്യം എനിക്കു നല്‍കിയത്,’ താപ്തി മനസു തുറന്നു.

അഭിനയത്തിനു പുറമേ, താപ്‌സി തന്റെ സഹോദരിക്കൊപ്പം ഒരു വെഡ്ഡിംഗ് പ്ലാനിംഗ് ബിസിനസ് ആരംഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ സ്വന്തമായി ഒരു കഫെ കൂടി തുടങ്ങാനാണ് തപ്‌സിയുടെ പദ്ധതി. ഇതിനൊന്നും സിനിമയുമായി ബന്ധമില്ലെന്നും അതുകൊണ്ടു തന്നെ നാളെ സിനിമ അവസാനിപ്പിക്കേണ്ടി വന്നാലും അത് മറ്റു മേഖലകളെ ബാധിക്കില്ലെന്നും പറഞ്ഞ താപ്‌സി, സിനിമയ്ക്കു പുറമേ ഒരു ജീവിതം ഉണ്ടാകുന്നത് നല്ലതാണെന്നും പറഞ്ഞു.

വിക്കി കൗശല്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ക്കൊപ്പം താപ്‌സിയെത്തുന്ന ‘മാന്‍മര്‍സിയാന്‍’ ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്. ചിത്രത്തില്‍ റൂമി എന്ന കഥാപാത്രത്തെയാണ് താപ്തി അവതരിപ്പിക്കുന്നത്. റൂമിക്ക് താനുമായി സാദൃശ്യങ്ങളുണ്ടെന്നും താപ്‌സി പറയുന്നു. ചിത്രം സെപ്തംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും.

സിനിമയ്ക്കകത്തുള്ള ആളുകളുമായും താന്‍ ഒരുപാടൊന്നും ഇടപഴകാറില്ലെന്നും എന്നാല്‍ ഇപ്പോള്‍ തനിക്ക് ഭേദപ്പെട്ട സ്‌ക്രിപ്റ്റുകള്‍ ലഭിക്കുന്നുണ്ടെന്നും താപ്‌സി പറയുന്നു.
‘വിജയങ്ങള്‍ ജീവിതത്തിലെ ചില കാര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആളുകള്‍ കൂടുതല്‍ ബഹുമാത്തോടെ എന്നോട് പെരുമാറുന്നു. തിരക്കഥയെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ചോദിക്കുന്നുണ്ട്. ഒടുക്കം എന്റെ കഠിനാദ്ധ്വാത്തിന് ഫലം കണ്ടുതുടങ്ങി എന്നു തോന്നുന്നു,’ താപ്‌സി മനസു തുറന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook