ശ്രീദേവിയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് സിനിമാ ലോകം ഇനിയും പുറത്തുവന്നിട്ടില്ല. മകള്‍ ജാന്‍വിയെ വെള്ളിത്തിരയില്‍ കാണാന്‍ കാത്തുനില്‍ക്കാതെയാണ് ശ്രീദേവി യാത്രയായത്. ധഡക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വിയുടെ രംഗപ്രവേശം. ചിത്രത്തില്‍ ജാന്‍വിയുടെ കഥാപാത്രത്തിന്റെ അമ്മയായെത്തുന്ന ശാലിനി കപൂറും ശ്രീദേവിയുടെ മരണത്തെ ഉള്‍ക്കൊള്ളാനാകാതെ വിഷമിക്കുകയാണ്. എന്നാല്‍ താന്‍ ഏറെ വേദനിക്കുന്നത് ആ പെണ്‍മക്കളെ ഓര്‍ത്താണെന്ന് ശാലിനി പറഞ്ഞു.

‘എന്റെ ഏറ്റവും വലിയ ആരാധനാപാത്രമായ ശ്രീദേവിയുടെ മരണം ഏറെ വേദനയോടെയാണ് ഞാന്‍ അറിഞ്ഞത്. അവര്‍ ചെയ്ത വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയ പ്രകടനങ്ങളിലൂടെയും അവരെ നാം എന്നെന്നും ഓര്‍ക്കും. എന്റെ മനസ്സ് ആ കുടുംബത്തിനൊപ്പമുണ്ട്. പക്ഷെ ഞാന്‍ ഏറെ വിഷമിക്കുന്നത് അവരുടെ പെണ്‍മക്കളെ ഓര്‍ത്താണ്,’ ശാലിനി പറഞ്ഞു.

‘ശ്രീദേവിയുടെ മൂത്തമകള്‍ ജാന്‍വിയുടെ അമ്മയായാണ് ഞാന്‍ അഭിനയിക്കുന്നത്. ജാന്‍വിക്കും ശ്രീദേവിക്കുമിടയിലെ സ്‌നേഹം ഞാന്‍ കണ്ടറിഞ്ഞതാണ്. അത് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. എന്റെ ഹൃദയം അവരെ ഓര്‍ക്കുന്നു. ശ്രീദേവിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.’

മകള്‍ ജാന്‍വി ബോളിവുഡിലേക്ക് കടക്കുന്നത് ശ്രീദേവിക്ക് ആദ്യമൊന്നും താല്‍പര്യമുണ്ടായില്ല. എങ്കിലും മകള്‍ക്ക് ഇഷ്ടം അഭിനയമാണെന്ന് അറിഞ്ഞതോടെ ഒപ്പംനിന്നു. മകളെ വെളളിത്തിരയില്‍ കാണാന്‍ കാത്തുനില്‍ക്കാതെ യാത്രയായെങ്കിലും മകള്‍ക്ക് മറക്കാനാവാത്ത ഉപദേശം നല്‍കിയാണ് ശ്രീദേവി മണ്‍മറഞ്ഞത്.

‘അഭിനയമല്ല, മറ്റേത് മേഖലയാണെങ്കിലും ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക. എന്റെ അമ്മ എനിക്ക് നല്‍കിയ ഉപദേശമാണിത്. എന്റെ മകള്‍ക്ക് ഞാന്‍ നല്‍കിയതും ഇതാണ്. കഠിനാധ്വാനം ചെയ്യുക, ചെയ്യുന്ന ജോലിയോട് 100 ശതമാനം ആത്മാര്‍ത്ഥത കാട്ടുക, കഠിനാധ്വാനം എപ്പോഴും നിങ്ങള്‍ക്ക് ഫലം നല്‍കും”, ഇതായിരുന്നു ശ്രീദേവി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook