സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് താൻ എതിരാണെന്നും എന്നാൽ അതിനെ പ്രതിരോധിക്കാൻ തനിക്ക് വേറിട്ട വഴിയാണുള്ളതെന്നും നിത്യ മേനോൻ പറയുന്നു. സംഘടിതമായ പോരാട്ടങ്ങളുടെ ഭാഗമായല്ല, തനിയെ നിശബ്ദയായി പോരാടാനാണ് തനിക്കിഷ്ടമെന്ന് നിത്യ കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ പാർവ്വതി, അഞ്ജലി മേനോൻ പോലുള്ള സിനിമ പ്രവർത്തകർ പുറത്തുവന്ന് മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അതിനെ അഭിസംബോധന ചെയ്യാനുള്ള വഴികൾ കണ്ടെത്തുന്നതിനുമായി വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന വനിതാ കൂട്ടായ്മയ്ക്ക് രൂപം നൽകിയിരുന്നു. മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധിയേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നിത്യ മേനോൻ എന്നാൽ ഇതുവരെ ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നില്ല. മുൻപൊരു അഭിമുഖത്തിൽ താൻ ഒരിക്കലും ലൈംഗിക പീഡനം നേരിട്ടിട്ടില്ലെന്നും നിത്യ വെളിപ്പെടുത്തിയിരുന്നു.

മലയാള സിനിമയിൽ നിന്നും ഒരു നടി ആക്രമിക്കപ്പെടുകയും സഹപ്രവർത്തകരായ കൂട്ടുകാരികൾ ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തപ്പോൾ അതിന്റെ ഭാഗമാവണമെന്ന് നിത്യയ്ക്ക് ഒരിക്കലും തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനു ഉത്തരമേകുകയായിരുന്നു നിത്യ മേനോൻ. ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നം പൂർണ്ണമായും ഞാൻ മനസ്സിലാക്കുന്നു. അതിനെ എന്നാലാവും വിധം ഞാൻ പ്രതിരോധിക്കാറുണ്ട്. ഞാൻ പ്രത്യക്ഷത്തിൽ ഇടുപെടുന്നില്ല എന്നതിന് ഞാൻ അതിനെ പ്രതിരോധിക്കുന്നില്ലെന്നോ അല്ലെങ്കിൽ അത്തരം പ്രതിരോധങ്ങൾക്ക് ഞാനെതിരാണ് എന്നോ അർത്ഥമില്ല. ഞാനും ചെയ്യാറുണ്ട്, പക്ഷേ എന്റെ രീതി വേറെയാണ്.”

“എന്റെ ജോലി തന്നെയാണ് പ്രതിരോധത്തിനുള്ള മാർഗ്ഗമെന്നു ഞാൻ വിശ്വസിക്കുന്നു. ഞാൻ ജോലി ചെയ്യുന്ന രീതി, ചെയ്യുന്ന കാര്യങ്ങൾ,​ ആളുകളെ സമീപിക്കുന്ന രീതി അതിലൂടെയൊക്കെ കൂടെ ജോലി ചെയ്യുന്നവർക്കും എന്റെ സിനിമകൾ കാണുന്നവർക്കും ഒരു ശക്തമായ സന്ദേശം നൽകാൻ സാധിക്കും.”

“മറ്റെല്ലാവരെയും പോലെ എനിക്കും എന്റേതായ കാഴ്ചപ്പാടുകളുണ്ട്. പക്ഷേ അത് എന്റേതായ രീതിയിൽ ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. മറ്റുള്ളവർ തെറ്റു ചെയ്യുന്നു എന്നോ എനിക്കതിന്റെ ഭാഗമാവേണ്ടയെന്നോ ഞാൻ കരുതുന്നില്ല, ഞാനതിന്റെ ഭാഗം തന്നെയാണ്. ഇത്തരം കാര്യങ്ങളെ നേരിടാൻ എനിക്ക് എന്റേതായൊരു രീതിയുണ്ടെന്നു മാത്രം,” നിത്യ കൂട്ടിച്ചേർക്കുന്നു. തിരുവനന്തപുരത്ത് പുതിയ ചിത്രം ‘കോളാമ്പി’യുടെ ലൊക്കേഷനിലാണ് നിത്യ ഇപ്പോൾ.

ആരെങ്കിലും മോശമായി പെരുമാറിയാലോ ലൈംഗിക ചുവയോടെ സംസാരിച്ചാലോ സെറ്റിൽ നിന്നും ഇറങ്ങിപ്പോവുമോ എന്നു ചോദിച്ചപ്പോൾ
തീർച്ചയായും, ഞാൻ പോയിട്ടുമുണ്ടെന്ന് ചിത്രത്തിന്റെ പേരു വെളിപ്പെടുത്താതെ നിത്യ പറഞ്ഞു. ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ ഞാനത് നിശബ്ദയായാണ് ചെയ്തത്. ഇത്തരത്തിലൊരു അനുഭവം കൊണ്ട് ഒരു ചിത്രത്തിനോട് ഞാൻ നോ പറഞ്ഞിട്ടുണ്ട്.

ബോളിവുഡ് അരങ്ങേറ്റത്തിനുളള തയ്യാറെടുപ്പിലാണ് നിത്യ. മംഗൾ പാണ്ഡെ ആണ് നിത്യയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.

സംവിധായകൻ ജഗൻ ശക്തിയും നിർമാതാവായ ആർ.കൽക്കിയും വിളിച്ചു, ഒരു ഇൻഡസ്ട്രിങ് ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞയുടെ വേഷം കൈകാര്യം ചെയ്യാവോ എന്നു ചോദിച്ചു.​ അക്ഷയ് കുമാറും ചിത്രത്തിലുണ്ടെന്ന് പറഞ്ഞു, നിത്യ പറയുന്നു.

“മുൻപും ഹിന്ദിയിൽ നിന്ന് ധാരാളം അവസരങ്ങൾ വന്നിരുന്നു. മറ്റു ഭാഷകളിൽ ചിത്രം തിരഞ്ഞെടുക്കുന്നതുപോലെ ഹിന്ദിയിലും ശ്രദ്ധയോടെ ചിത്രം തിരഞ്ഞെടുക്കണം എന്നുണ്ടായിരുന്നു. ഹിന്ദിയിലെ അരങ്ങേറ്റ ചിത്രം മികച്ച ഒന്നാവണമെന്നുണ്ടായിരുന്നു, നല്ലൊരു കഥാപാത്രത്തെ തന്നെ ഇപ്പോൾ കിട്ടി. ബഹിരാകാശ സംബന്ധിയായ ഇതുപോലെ ഒരു ചിത്രം മുൻപ് ഉണ്ടായിട്ടില്ലല്ലോ.”

നവംബർ അവസാനത്തോടെ മുംബൈയിലും ബെംഗളൂരുവിലുമായി മംഗൾ പാണ്ഡെയുടെ ചിത്രീകരണം ആരംഭിക്കും. തപ്സി പാന്നു, സൊനാക്ഷി സിൻഹ, വിദ്യ ബാലൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഞാനാണോ കേന്ദ്രകഥാപാത്രം എന്നൊന്നും ഞാൻ ആലോചിക്കാറില്ല. കുറച്ചുകൂടി വിശാലമായൊരു ക്യാൻവാസിലാണ് ഞാൻ ചിത്രത്തെ നോക്കി കാണാറുള്ളത്. എന്റെ കഥാപാത്രത്തിന്റെ സാധ്യതകൾക്കൊപ്പം തന്നെ സിനിമയുടെ ആംഗിളിൽ കൂടി ഞാൻ നോക്കി കാണാറുണ്ട്. നല്ല ചിത്രമാണോ, ഞാൻ കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണോ? എന്നു നോക്കും.

എൻടിആറിന്റെ ബയോപിക് ചിത്രത്തിന്റെ ഇടയിലാണ് ഞാൻ വിദ്യയെ പരിചയപ്പെടുന്നത്. ഞങ്ങൾക്ക് ഒരു സീൻ ഒന്നിച്ചുണ്ടായിരന്നു. എന്റെ ചിത്രങ്ങളായ ഓകെ കൺമണി, ബാംഗ്ലൂർ ഡേയ്സ് ഒക്കെ കണ്ടിരുന്നു എന്നു പറഞ്ഞു.

ജയലളിതയുടെ ജീവചരിത്ര ചിത്രത്തിലും നിത്യ അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ വേഷമാണ് നിത്യ കൈകാര്യം ചെയ്യുന്നത്

“അതിനു മുൻപായി ധാരാളം ചിത്രങ്ങൾ തീർക്കാനുണ്ട്. ഒരു ദേശീയ കായികതാരത്തിന്റെ കഥ പറയുന്ന മലയാള ചിത്രമാണ് അടുത്തത്. ദംഗൽ പോലൊരു ചിത്രമാണ്. അതിനു ശേഷമേ ജയലളിതയുടെ ബയോക് ചിത്രം തുടങ്ങൂ.”

“വളരെ ഹെവിയായ കഥാപാത്രമാണ് ജയലളിതയുടെ ബയോപിക് ചിത്രത്തിലേത്. സംവിധായിക പ്രിയദർശിനി കഥാപാത്രത്തെ കുറിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ എക്സൈറ്റഡായി. നല്ല ഫോക്കസ്ഡ് ആയ സംവിധായികയാണ് പ്രിയദർശിനി. നമ്മളൊരു ബയോപിക് ചെയ്യുമ്പോൾ ആ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തുമെന്ന് ഉറപ്പാക്കാൻ സാധിക്കണമെന്ന് ഞാൻ പ്രിയദർശിനിയോട് പറഞ്ഞു. അവർ ആത്മവിശ്വാസത്തിലാണ്. ആ ചിത്രം ഞാനും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. എന്നിലെ അഭിനേത്രിയെ എക്‌സ്‌പ്ലോർ ചെയ്യുന്ന കഥാപാത്രമാകും അത്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook