ചെന്നൈ: രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് തമിഴ് സൂപ്പര്‍ താരം അജിത്ത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു കാര്യത്തോടും തന്നെ ചേര്‍ത്ത് വെക്കേണ്ടതില്ലെന്നും തല തന്റെ ആരാധകരോടായി പറഞ്ഞു. അജിത്തിന്റെ ആരാധകരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രസ്താവനയിലൂടെയാണ് അജിത്ത് താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയത്.

”തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നത് മാത്രമാണ് രാഷ്ട്രീയത്തിലുള്ള എന്റെ പങ്ക്. ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കാനോ വോട്ട് ചെയ്യാനോ എന്റെ ആരാധകരോട് ഞാന്‍ ആവശ്യപ്പെടിട്ടില്ല. ഭാവിയിലും ചെയ്യില്ല. രാഷ്ട്രീയത്തില്‍ എനിക്ക് എന്റേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. മറ്റുള്ളവരുടെ കാഴ്ചപ്പാട് എനിക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിച്ചിട്ടുമില്ല’ അജിത്ത് വ്യക്തമാക്കി.

”സിനിമ ഇന്‍ഡസ്ട്രിയില്‍ അഭിനേതാവ് എന്നതാണ് എന്റെ പ്രൊഫഷന്‍. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഫാന്‍ ക്ലബ്ബുകള്‍ വേണ്ടെന്ന് വച്ചത്. രാഷ്ട്രീയ ബന്ധങ്ങളില്‍ നിന്നും എന്നേയും ഫാന്‍ ക്ലബ്ബുകളേയും അകറ്റി നിര്‍ത്തുകയായിരുന്നു. എന്നിട്ടും ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് എന്റേയും എന്റെ ആരാധകരുടേയും പേരുകള്‍ വരുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തു വരവെ ഇത്തരം വാര്‍ത്തകള്‍ എനിക്ക് രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന തോന്നലുകള്‍ ഉണ്ടാക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്റെ ആരാധകരോട് പഠനത്തിലും തൊഴിലിലും ശ്രദ്ധ ചെലുത്താനും താരം ആഹ്വാനം ചെയ്തു. ഭിന്നതകള്‍ മറന്ന് സമത്വത്തെ പ്രോത്സാഹിപ്പിക്കണമെന്നും നല്ല വിദ്യാഭ്യാസം നേടുകയാണ് വേണ്ടതെന്നും അജിത്ത് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വിശ്വാസത്തിനും പേട്ടയ്ക്കും വേണ്ടി നടക്കുന്ന പോരിലും അജിത്ത് തന്റെ നിലപാട് വ്യക്തമാക്കി. നടന്മാര്‍ക്കോ സിനിമകള്‍ക്കോ എതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങളെ താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് അജിത്ത് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook