ലണ്ടന്‍: 20കാരിയായ ലണ്ടന്‍ മോഡല്‍ ക്ലോ എയ്‍ലിങ് ആയിരുന്നു കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഒരു ഫോട്ടോഗ്രാഫര്‍ തട്ടിക്കൊണ്ടു പോയതിന് പിന്നാലെയായിരുന്നു ക്ലോ എയ്‍ലിങ് വാര്‍ത്താതലക്കെട്ടുകളായത്. ഇറ്റലിയിലെ മിലാനില്‍ മോഡലിങ് ജോലി ശരിയാക്കി തരാമെന്ന് വാഗ്‌ദാനം നല്‍കി ഒരു ഫോട്ടോഗ്രാഫറായിരുന്നു മോഡലിനെ തട്ടിക്കൊണ്ടു പോയത്. ലൂക്കാസ് ഹെര്‍ബ എന്ന അക്രമി ഇവരെ ആറ് ദിവസമാണ് ഇറ്റലിയില്‍ തടവിലാക്കിയത്. പിന്നീട് മിലാനിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ അക്രമി തന്നെ മോഡലിനെ കൊണ്ടുചെന്നാക്കി.

ഈ കഥകള്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും തടവുകാലത്ത് താന്‍ അനുഭവിച്ച പരീക്ഷണങ്ങളെ കുറിച്ച് എയ്‍ലിങ് ഇതുവരെയും പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഡല്‍ എല്ലാ വിവരങ്ങളും വെളിപ്പെടുത്തി. രണ്ട് ദിവസം കെട്ടിയിട്ട ശേഷം താനുമായി കിടക്ക പങ്കിടണമെന്ന അക്രമിയുടെ ആവശ്യത്തോട് ക്ലോ എയ്‍ലിങ് സമ്മതിച്ചു. ‘ഇതിന് ശേഷം ഞങ്ങള്‍ സംസാരിക്കും തോറും അയാള്‍ക്ക് എന്നോടുളള ഇഷ്ടം കൂടി വരുന്നതായി എനിക്ക് മനസ്സിലായി. ഇതാണ് അവസരമെന്ന് ഞാന്‍ കരുതി. അയാള്‍ക്ക് എന്നോടുളള ഇഷ്ടം ഉപയോഗിച്ച് രക്ഷപ്പെടണമെന്ന് ഞാന്‍ കണക്കുകൂട്ടി’, എയ്‍ലിങ് പറഞ്ഞു.

തടവിലാക്കിയ സമയം ലഹരിമരുന്നായ കെറ്റമിന്‍ തന്റെ ദേഹത്ത് കുത്തിവച്ചതായും തന്നെ നഗ്നയാക്കിയതായും ക്ലോ വെളിപ്പെടുത്തി. വിജനമായ പ്രദേശത്തുളള ഒരു ഫാം ഹൗസില്‍ എത്തിക്കാനായി 193 കിലോ മീറ്റര്‍ കാറില്‍ സഞ്ചരിച്ചിരുന്നു. ഈ സമയമത്രയും ഒരു ബാഗിനകത്താണ് തന്നെ പൂട്ടിവച്ചതെന്നും ക്ലോ പറഞ്ഞു. 3 ലക്ഷം യൂറോ (ഏകദേശം 2.5 കോടി രൂപ) മോചനദ്രവ്യമായി നല്‍കിയില്ലെങ്കില്‍ ലൈംഗിക അടിമയായി വില്‍ക്കുമെന്നാണ് തട്ടിക്കൊണ്ടു പോയയാള്‍ ഭീഷണിപ്പെടുത്തിയത്. പിന്നീട് താനുമായി പ്രണയത്തിലാവണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

ഇതാണ് രക്ഷപ്പെടാനുളള മാര്‍ഗമെന്ന് താൻ‍ തിരിച്ചറിഞ്ഞതായി ക്ലോ എയ്‍ലിങ് വ്യക്തമാക്കി. ‘പുറത്തു കടക്കാന്‍ ഇത് മാത്രമാണ് വഴിയെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ പിന്നീട് സംസാരിക്കുമ്പോള്‍ അയാള്‍ വളരെ ഉത്സാഹത്തോടെ കാണപ്പെട്ടു. എന്നോട് ദയവ് കാണിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അയാളെ പ്രണയിക്കുന്നത് പോലെ തന്നെ ഞാന്‍ അഭിനയിച്ചു’, എയ്‍ലിങ് ക്ലോ വെളിപ്പെടുത്തി.

‘ഇനി എനിക്ക് സ്വാതന്ത്ര്യം കിട്ടുമോ എന്ന് പോലും ഉറപ്പില്ലായിരുന്നു. വാക്കുകള്‍ക്ക് അതീതമാണ് ആ വികാരം. ഓര്‍ക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കാത്ത വികാരം. ആ നിമിഷം എന്ത് സംഭവിച്ചു എന്ന് മറ്റുളളവര്‍ എന്ത് പറഞ്ഞു നടന്നാലും ഞാന്‍ കാര്യമാക്കുന്നില്ല. അതിനെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നില്ല. അതില്‍ നിന്നും മുക്തി നേടാന്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്’, ക്ലോ എയ്‍ലിങ് പറഞ്ഞു.

സംഭവത്തില്‍ കുറ്റവാളിയായ ലൂക്കാസിനെ കോടതി 16 വര്‍ഷവും 9 മാസവും ഈ ജൂണില്‍ തടവിന് ശിക്ഷിച്ചു. മോഡലിനെ കണ്ട് താന്‍ പ്രണയിച്ച് പോയതായി ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി. മോഡലിന്റെ കരിയറിന്റെ ഗുണത്തിനായി അവര്‍ക്ക് പേരുണ്ടാക്കി കൊടുക്കാനാണ് തട്ടിക്കൊണ്ടു പോയതെന്നാണ് ഇയാള്‍ കോടതിയില്‍ വാദിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook