കേരളത്തില്‍ സിനിമകളുടെ പ്രൊമോഷന് വരാത്തത് ആരും വിളിക്കാത്തത് കൊണ്ടാണെന്ന് വിജയ് സേതുപതി. ഇതുവരെ തന്നെയാരും വിളിച്ചിട്ടില്ലെന്നും ഇതിന് മുമ്പ് മലയാളം ചാനലുകള്‍ അഭിമുഖത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും സേതുപതി മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

“സിനിമാ തിരക്കുകള്‍ കൂടി ഒരു കാരണമാണ്. ഇതിന് മുമ്പ് ഇത് പോലെ മലയാളം ചാനലുകള്‍ എന്നെ അഭിമുഖം ചെയ്യാന്‍ വന്നിട്ടില്ല. കേരളത്തില്‍ എനിക്ക് ആരാധകരുണ്ടെന്ന് അറിയാം. നിരവധി പേര്‍ ഫെയ്സ്ബുക്കില്‍ സന്ദേശം അയക്കാറുണ്ട്. ചിലര്‍ അണ്ണനെന്നും ചിലര്‍ ചേട്ടനെന്നും വിളിക്കാറുണ്ട്. വിളിച്ചാല്‍ തീര്‍ച്ചയായും കേരളത്തിലേക്ക് വരുമെന്നും സേതുപതി പറഞ്ഞു.

Read More: അതൊരു ജിന്നാണ് ബെഹന്‍! തമിഴില്‍ സേതുപതി വസന്തം

ഒരു കഥാപാത്രത്തിന് വേണ്ടി മുന്‍കൂട്ടിയുളള തയ്യാറെടുപ്പുകള്‍ ഒന്നും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.”ലൊക്കേഷനില്‍ വെച്ചാണ് കഥാപാത്രത്തെ കുറിച്ച് ആലോചിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യാറുളളത്. വിക്രം വേദയും അപ്രകാരം ചെയ്തതാണ്. ജിഎസ്ടി അടക്കമുളള പ്രതിസന്ധിക്കിടെയാണ് വിക്രം വേദ റിലീസ് ചെയ്തത്. എന്നാല്‍ ഇത്രയും വിജയം ആകുമെന്ന് പ്രതീക്ഷിച്ചില്ല. കേരളത്തില്‍ നിന്ന് എന്നെ അഭിമുഖം ചെയ്യാന്‍ വരമെന്ന് പ്രതീക്ഷിച്ചില്ല”, സേതുപതി വ്യക്തമാക്കി.

“ഒരു ചിത്രം മികച്ചതായാല്‍ അത് ഒരു അഭിനേതാവിന്റെ കഴിവ് മാത്രമല്ല. സഹനടന്മാരും സംവിധായകനും ഛായാഗ്രാഹകനും മറ്റെല്ലാവരും ചേര്‍ന്നാണ് നല്ല ചിത്രം ഉണ്ടാകുന്നത്. മലയാളത്തില്‍ നല്ല അവസരം ലഭിച്ചാല്‍ അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഒരു കഥ ഇഷ്ടമായാല്‍ സംവിധായകനോട് ഇതുമായി ചര്‍ച്ച നടത്തും. അദ്ദേഹത്തിന് എത്രമാത്രം ഇതിനെ കുറിച്ച് ധാരണയുണ്ടെന്ന് സംഭാഷണത്തിലൂടെ തിരിച്ചറിയാന്‍ കഴിയും. അത് പ്രകാരമാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കാറുളളത്,” അദ്ദേഹം പറഞ്ഞു.

Read More: ഒരു കഥൈ സൊല്ലട്ടുമാ സാര്‍? ‘കഥ പറഞ്ഞ് വേദ’ നേടിയത് കോടികള്‍

കരിയറിലെ മികച്ച ചിത്രം ഏതെന്ന ചോദ്യത്തിന് എല്ലാ ചിത്രങ്ങളും ഇഷ്ടമാണെന്നും എന്നാല്‍ ‘പന്നൈയാരും പത്മിനിയും’ എന്ന ചിത്രമാണ് കൂടുതല്‍ ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. മലയാളി പ്രേക്ഷകരെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചാല്‍ വരുമെന്നും സ്നേഹത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ വിക്രം വേദ ബോക്സോഫീസുകളില്‍ മികച്ച നേട്ടം കൊയ്യുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് തന്നെ 17 കോടി നേടിയ വിക്രം വേദ ബാഹുബലിക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് കയറുമെന്നാണ് പ്രവചനം. പുഷ്‌കര്‍ ഗായത്രി എന്നീ ഇരട്ട സംവിധായകരുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ വിക്രം വേദയുമായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത് തങ്ങളുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ