scorecardresearch
Latest News

ഇസ്ലാമോഫോബിയയെക്കുറിച്ച് എന്തിനൊരു ചിത്രമെടുത്തു?: ‘മുല്‍ക്ക്’ സംവിധായകന്‍ അനുഭവ് സിന്‍ഹ പറയുന്നു

മതേതരത്വം, തീവ്രവാദം തുടങ്ങി ബോളിവുഡിനെ കയ്യാലപ്പുറത്തിരുത്തുന്ന ഭൂമികകളെക്കുറിച്ച് ‘മുല്‍ക്ക്’ സംവിധായകന്‍ അനുഭവ് സിന്‍ഹ

ഇസ്ലാമോഫോബിയയെക്കുറിച്ച് എന്തിനൊരു ചിത്രമെടുത്തു?: ‘മുല്‍ക്ക്’ സംവിധായകന്‍ അനുഭവ് സിന്‍ഹ പറയുന്നു
Interview with Mulk Director Anubhav Sinha

♦ എന്താണ് ‘മുല്‍ക്ക്’ എഴുതാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകം ?

ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ വിഭജനത്തിന്റെ രാഷ്ട്രീയം എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഈയടുത്ത് കണ്ട ചില തലക്കെട്ടുകള്‍ എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഭൂരിപക്ഷം ഈ വിഭജനത്തില്‍ വിശ്വസിക്കുന്നില്ല. അതെത്ര ആപത്കരമാണ് എന്ന് മനസ്സിലാക്കാതെ നമ്മള്‍ മുന്‍വിധികള്‍ ചമയ്ക്കുന്നു. അങ്ങനെയാണ് തെറ്റിദ്ധരിക്കപ്പെട്ട് കുറ്റാരോപിതരായ ഒരു കുടുംബത്തിന്റെ കഥ ഒരു ദിവസം ഞാന്‍ ആലോചനയിലേക്ക് വരുന്നത്. നമ്മുടെ രാജ്യത്തിന്റെ ഒരു മെറ്റഫര്‍ (രൂപകം) ആണത്. നടീനടന്മാരെയും നിര്‍മാതാക്കളേയും കണ്ടെത്തുക എന്നതിന് പുറമേ അങ്ങനെയൊരു സിനിമ റിലീസ് ചെയ്യുന്നതില്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടും എന്ന് എന്റെ സുഹൃത്തുക്കള്‍ കരുതി. ഞാനും ആശങ്കാകുലനായിരുന്നു, അതിനാല്‍ തന്നെ കുറച്ചുകാലം അത് മാറ്റി വച്ചു. അങ്ങനെരിയിക്കെ ഒരു വാരാന്ത്യത്തില്‍ ഞാന്‍ നൂറോളം പേജുകള്‍ എഴുതി. എന്റെ സുഹൃത്തുക്കള്‍ക്ക് അത് വായിക്കാന്‍ കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞത് ‘ഹൃദയത്തില്‍ നിന്ന് എഴുതപ്പെട്ടവ’ എന്നായിരുന്നു.

♦ പ്രേക്ഷകനെ ‘എജുക്കേറ്റ്’ ചെയ്യാന്‍ ശ്രമിക്കുന്ന സിനിമയാണ് ‘മുല്‍ക്ക്’. എന്തു കൊണ്ടാണ് അങ്ങനെ ചെയ്യാന്‍ തോന്നിയത് ?

വിചിത്രമെന്ന് പറയട്ടേ, കാര്യങ്ങളെ കുറിച്ച് യാതൊരു ധാണയുമില്ലാത്ത ഒരു സമൂഹമായി നമ്മള്‍ മാറിക്കഴിഞ്ഞിരുക്കുന്നു. ഈ സിനിമ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, subtle ആയ ഒരു സമീപനമല്ല വേണ്ടത് എന്ന്. പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ miss ആവരുത് എന്ന് എനിക്കുണ്ടായിരുന്നു. overstate ചെയ്താല്‍ കേള്‍ക്കുമെങ്കില്‍ അത് ചെയ്യാനും ഞാന്‍ തയ്യാറായി.

ഒരു സ്ഥലത്ത് എത്തിയപ്പോള്‍ എനിക്ക് തീവ്രവാദം എന്താണ് എന്ന് വിവരിക്കേണ്ടിയിരുന്നിരുന്നു. അതെന്താണ് എന്ന് എനിക്ക് തന്നെ അറിവുള്ള കാര്യവുമല്ല. തീവ്രവാദത്തെക്കുറിച്ചുള്ള അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) നിര്‍വ്വചനമാണ് നിര്‍വ്വചനമാണ് സിനിമയില്‍ ഉപയോഗിച്ചത്. പല രാഷ്ട്രങ്ങളും പിന്‍പറ്റിയിട്ടുള്ള നിര്‍വ്വചനമാണത്. “രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പൗരന് നേരെ നിയമപരമല്ലാത്ത ഭീഷണിയും അക്രമവും ഉപയോഗിക്കുക എന്നതാണ് തീവ്രവാദം”.

എന്നാല്‍ ‘ക്ലൂ ക്ലക്സ് ക്ലാനി’നെ ആരും തീവ്രവാദികള്‍ എന്ന് വിളിക്കില്ല. കുപ്രസിദ്ധമായ ചുവപ്പ് ഇടനാഴിയില്‍ ആദിവാസികള്‍ അനുഭവിക്കുന്ന ഹിംസയെ തീവ്രവാദം എന്ന് വിളിക്കില്ല. നമ്മള്‍ വിരല്‍ ചൂണ്ടുന്നത് ‘ഇസ്ലാമിക തീവ്രവാദത്തിന്’ നേരെ മാത്രമാണ്. മറ്റെല്ലാം ഹിംസയാണ്. തൊട്ടുകൂടായ്മ എന്നത് ആയിരത്തോളം വര്‍ഷങ്ങളായി ഉള്ള വ്യവസ്ഥയാണ്‌. അത് നമ്മളെ സംബന്ധിച്ചുള്ളതായത് കൊണ്ട് അത് തീവ്രവാദം അല്ലാതെയാകുന്നുണ്ടോ? ‘ഇസ്ലാമിക തീവ്രവാദം’ എന്നത് നിങ്ങളുടെ ഇടയിലേക്ക് വിറ്റഴിക്കപ്പെട്ട ഒരു ബ്രാന്‍ഡ്‌ ആണ് എന്നാണ് എനിക്ക് പറയേണ്ടിയിരുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ക്കും വിവിധ സര്‍ക്കാരുകള്‍ക്കും മാധ്യമങ്ങള്‍ക്കും താത്പര്യമുള്ള വിഷയമായിരിക്കും. പക്ഷെ നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഇഴയടുപ്പത്തിനെ അത് നശിപ്പിക്കുന്നു.

Read More: ‘മുല്‍ക്കി’ന്റെ പ്രസക്തിയും പ്രാധാന്യവും

♦ ബനാറസില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ എന്ന നിലയില്‍ താങ്കള്‍ ശ്രദ്ധിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് ?

തമ്മില്‍ പ്രശ്നങ്ങള്‍ ഉള്ളപ്പോഴും പരസ്പരം സ്നേഹിക്കുന്ന അയല്‍ക്കാരെപ്പോലെയായിരുന്നു ഹിന്ദുക്കളും മുസ്ലിംങ്ങളും. ഇന്ന് ആ വേര്‍തിരിവിനു ആക്കം കൂടിയിരിക്കുന്നു. ക്രിക്കറ്റിലുള്ള ഇന്ത്യാ-പാക്ക് പോര് അതിന്റെ പാരമ്യത്തില്‍ എത്തിയ സമയമായിരുന്നു എണ്‍പതുകള്‍. അപ്പോള്‍ പോലും, ‘പാകിസ്ഥാനിലേക്ക് പോകൂ’ എന്ന് ആരും ആരോടും പറഞ്ഞതായി അറിവില്ല. ഈ വേര്‍തിരിവുകള്‍ മനസ്സുകളില്‍ ഇപ്പോള്‍ ഉള്ളത്ര ഘനീഭവിചിരുന്നില്ല എന്നുള്ളത് കൊണ്ട് തന്നെ മുന്‍വിധിളോട് കൂടിയുള്ള അഭിപ്രായ രൂപീകരണമോ തീരുമാനം കൈക്കൊള്ളലോ അന്നുണ്ടായിരുന്നില്ല. അകാരണമായി ചിലരില്‍ കുറ്റം ചാര്‍ത്തിക്കൊടുക്കുന്നത് വഴി നിങ്ങള്‍ ചെയ്യുന്നത് രാജ്യത്തെ സ്നേഹിക്കുന്ന ബാക്കി 95 ശതമാനം മുസ്ലിംങ്ങളെ വെറുപ്പിക്കുകയാണ്.

♦ 1970കളുടെ മധ്യത്തില്‍ ബനാറസില്‍ നടന്നിട്ടുള്ളതായ കലാപങ്ങളെക്കുറിച്ച് താങ്കള്‍ സംസാരിച്ചിട്ടുണ്ട്. എന്തായിരുന്നു അനുഭവം ?

കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് പലപ്പോഴും ഉത്സവങ്ങളുടെ സമയത്തായിരുന്നു. അതിന് കൃത്യമായൊരു സമയമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ രാവിലെ എഴുന്നേറ്റാല്‍ ഏതെങ്കിലും ഒരിടത്ത് ആരെയെങ്കിലും തല്ലിക്കൊന്ന വാര്‍ത്ത അന്ന് കേട്ടിരുന്നില്ല. ഇതിനെ നമ്മള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

  • എങ്ങനെ അഭിസംബോധന ചെയ്യാം എന്നാണ് താങ്കള്‍ കരുതുന്നത് ?

സംസാരിക്കണം. എന്റെ രീതിയില്‍ ഞാന്‍ ചെയ്യുന്നുമുണ്ട്. മുസ്ലിംങ്ങളും ഹിന്ദുക്കളുമായ സുഹൃത്തുക്കളോട് സംസാരിക്കും. അവര്‍ അവരുടെ സുഹൃത്തുക്കളോടും. ഇതിനായി ഒരു ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ ഒന്നും വിളിക്കാനാവില്ല. നമ്മള്‍ നമ്മുടെ സമൂഹത്തിനുള്ളില്‍ തീര്‍ക്കേണ്ട കാര്യമാണിത്.


‘മുല്‍ക്ക്’ ട്രെയിലര്‍

♦ #Talktoamuslim പോലെയുള്ള നടപടികള്‍ ഏതെങ്കിലും വിധത്തില്‍ മാറ്റം കൊണ്ടു വരും എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ ?

ഒരൊറ്റ ശ്രമം കൊണ്ട് മാറ്റം വരും എന്നൊന്നും ഞാന്‍ കരുതുന്നില്ല. നമ്മള്‍ ഓരോരുത്തരും ഒരോരുത്തരുമായി ചെയ്യേണ്ട കാര്യമാണിത്. ഇതൊരു രാഷ്ട്രീയ കാമ്പൈന്‍ അല്ല. നിങ്ങള്‍ ആ ഹാഷ്ടാഗിനോട് വിയോജിക്കുന്നുണ്ടാവുമായിരിക്കും. പക്ഷെ ആരോ എവിടെയോ എന്തെങ്കിലും വിധത്തിലുള്ള ശ്രമം നടത്തി എന്നത് കൊണ്ട് ഞാന്‍ അതിനോട്‌ എതിര്‍പ്പ് പ്രകടിപ്പിക്കില്ല. അത് നടക്കുമോ ഇല്ലയോ എന്നത് നിങ്ങള്‍ക്ക് സംസാരിച്ചാല്‍ മാത്രം മനസ്സിലാക്കാന്‍ ആവുന്ന കാര്യമാണ്.

♦ ബോളിവുഡ് ചെയ്യേണ്ട പല സമയത്തും ഇതിനെക്കുറിച്ച് വ്യക്തമായ നിലപാട് എടുത്തിട്ടില്ല. അവിടെ  മുസ്ലീം കലാകാരന്മാര്‍ ഏറെ ആരാധിക്കപ്പെടുന്നുമുണ്ട്. ഇന്നത് ഏതെങ്കിലും വിധം മാറുകയാണ് എന്ന് തോന്നുന്നുണ്ടോ ?

ഒരിക്കലുമില്ല.  ചിലര്‍ക്ക് സര്‍ക്കാരിനെ ഇഷ്ടമായിരിക്കാം, ചിലര്‍ ബിജെപിയുടെ പാര്‍ലമെന്റ് അംഗങ്ങളുമാകാം. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം സ്വീകരിക്കുക എന്നതൊക്കെ ഓരോ വ്യക്തികളുടെയും തീരുമാനമാണ്. അത് ഇന്‍ഡസ്ട്രിയുടെ പ്രതിഫലനമല്ല. മറ്റെന്തിനും മുകളില്‍ പണത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു ഇന്‍ഡസ്ട്രിയാണിത്. സാമൂഹിക മാധ്യമങ്ങളില്‍ കുറച്ച് ലൈക്കുകള്‍ കിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമാണ് ബോളിവുഡിനെ വിമര്‍ശിക്കുന്നത്. എംഎസ് ധോണിയോ സച്ചിന്‍ ടെന്‍ഡുല്‍ക്കറോ വിരാട് കൊഹ്‌ലിയോ ഒക്കെ എപ്പോഴാണ് ഇന്ത്യയുടെ മതേതരത്വത്തെ കുറിച്ച് സംസാരിച്ചത്? എല്ലാവരും സംസാരിക്കുന്നവരല്ല.

♦ മുഹമ്മദ്‌ അലി സംസാരിക്കുകയും അമിതാബ് ബച്ചന്‍ സംസാരിക്കാതിരിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പായാണോ താങ്കള്‍ കാണുന്നത് ?

മിസ്റ്റര്‍ ബച്ചന് അദ്ദേഹത്തിന്റെ അന്തസ്സ് സംരക്ഷിക്കേണ്ടതായുണ്ട്. ട്വിറ്ററും ഫെയ്സ്ബുക്കും വന്നതോടെ ആളുകള്‍ക്ക് സെലിബ്രിറ്റികളുമായി നേരിട്ട് സംവേദിക്കാനാകുന്നുണ്ട്. ഇന്ത്യ ടൂര്‍ണമെന്റ് തോറ്റാല്‍ ധോണിയുടെ വീട്ടിലേക്ക് ആളുകള്‍ കല്ലെറിയുന്ന സമയമാണിത്. അത്രയും വൽനർബൽ  ആണ് അവരൊക്കെ. എന്തെങ്കിലും എഴുതിയതിന്റെ പേരില്‍ ഞാന്‍ നിരന്തരം ട്രോള്‍ ചെയ്യപ്പെടുന്ന ദിവസങ്ങളും ഉണ്ട്.

♦താങ്കള്‍ ഈയടുത്ത് ട്രോളുകള്‍ക്ക് ഒരു തുറന്ന കത്തെഴുതുകയുണ്ടായി.

അവരെ കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് വിഷമം തോന്നി. എല്ലാ ദിവസവും വെറുപ്പും വിദ്വേഷവും മാത്രം ചീറ്റുന്നത് ആരെ ജീവിതത്തില്‍ എവിടെയും എത്തിക്കില്ല എന്ന് എനിക്ക് പറയണമായിരുന്നു.

‘മുല്‍ക്കി’ല്‍ ഋഷി കപൂറും തപ്സീ പന്നുവും

♦ പാക്കിസ്ഥാന്‍ താങ്കളുടെ സിനിമ നിരോധിച്ചു എന്നതില്‍ താങ്കള്‍ നിരാശനാണോ ?

സര്‍ക്കാരുകള്‍ക്ക് സ്വരച്ചേര്‍ച്ചകളോട് താത്പര്യമില്ല. ഈ സിനിമ സൗഹൃദത്തെ കുറിച്ചാണ്. ഇതില്‍ നഗ്നതയോ ആക്ഷേപമോ ഇല്ല, മുസ്ലിമിനെയോ പാക്കിസ്ഥാനെയോ പ്രഹരിക്കുന്നില്ല. അവരെന്തിനാണ് അത് നിരോധിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല.

♦ അലിഗഡ് മുസ്ലീം സര്‍വ്വകലാശാല താങ്കളില്‍ ചെലുത്തിയ സ്വാധീനം എന്താണ് ?

എനിക്ക് എഞ്ചിനിയറിങ് പഠിക്കാന്‍ സീറ്റ് തന്ന ഒരേയൊരു ഇടമാണ് അലിഗഡ്. അവിടെ ചേര്‍ന്നപ്പോള്‍ ഞാന്‍ കരുതിയിരുന്നത് അവിടെ മുസ്ലിംങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു. എന്റെ അമ്മ ആശങ്കാകുലയായിരുന്നു.  പക്ഷെ അച്ഛന്‍ തുറന്ന മനസ്സോടെയുമാണ്‌ അത് കണ്ടത്. ഒരുമിച്ച് കൂടുക എന്നത് ന്യൂനപക്ഷങ്ങളുടെ ഒരു സവിശേഷ സ്വഭാവമാണ്. ഉദാഹരണത്തിന്, ഇന്ത്യക്കാരും പാക്കിസ്ഥാനിക്കളും ലണ്ടനില്‍ പോവുകയാണ് എങ്കില്‍ അവര്‍ ജീവിക്കുക സൗത്താളില്‍ ആണ്.  മുസ്ലിം സുഹൃത്തുക്കളെ ഉണ്ടാക്കുക എന്നത് എന്റെ തീരുമാനമായിരുന്നു.  അതിനാല്‍ തന്നെ മുസ്ലിംങ്ങളെ കുറിച്ച് എനിക്കുണ്ടായിരുന്ന ആശങ്കകളെല്ലാം തകര്‍ന്നു തരിപ്പണമായി.

♦ നിങ്ങളൊരു ചലച്ചിത്രകാരനാകുന്നത് എങ്ങനെയാണ് ?

ഡല്‍ഹിയില്‍ വച്ച് ഒരു ഡോക്യുമെന്ററി ചിത്രം നിര്‍മിക്കുന്നതിന്റെ ഭാഗമാവാന്‍ എനിക്ക് സാധിച്ചു. അവിടെനിന്ന് ഞാന്‍ മുംബൈയിലേക്ക് കുടിയേറി. ഇത് സാറ്റലൈറ്റ് ടെലിവിഷന്‍ വരുന്നതിനും മുന്‍പാണ്. ഒരു സിനിമ സംവിധാനം ചെയ്യുന്നതിന് മുന്‍പ് ഒരാള്‍ വര്‍ഷങ്ങളോളം മറ്റൊരാളുടെ സഹായിയായി ജോലി ചെയ്യേണ്ടതുണ്ടായിരുന്നു. കേബിള്‍ ടെലിവിഷന്‍ വന്നതോടെ ഞാന്‍ കുറച്ച് ടെലിവിഷന്‍ ജോലിയും മ്യൂസിക് വീഡിയോയും മറ്റും ചെയ്യുകയുണ്ടായി. ‘തും ബിന്‍’ (2001) ചെയ്തതോടെ കൂടി എനിക്ക് ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാനുള്ള അവസരം വന്നു ചേരുകയായിരുന്നു.

♦ ‘റാ വണ്‍’ ചെയ്യുവാനായി വിട്ടുവീഴ്ചകള്‍ ചെയ്തതിനെപ്പറ്റി താങ്കള്‍ സംസാരിക്കുകയുണ്ടായി.

അത്രയും വലിയൊരു സ്റ്റാറിന്റെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും പല പ്രതീക്ഷകളും വന്നു ചേരും. ഞാന്‍ അതിന് ഇരയാവുകയായിരുന്നു. എല്ലാ തരത്തിലുള്ള പ്രേക്ഷകനും അനുസരിച്ച് സിനിമയില്‍ മാറ്റം വരുത്തുകയായിരുന്നു ഞാന്‍. അത് തെറ്റായിപ്പോയി.

Read in English: I didn’t want to be subtle, I wanted to be heard: Mulk director Anubhav Sinha

♦ ഇപ്പോള്‍ താങ്കള്‍ക്ക് കൂടുതല്‍ ഗ്രാഹം വന്നുവെന്നാണോ ?

ബോളിവുഡിന്റെ ഫോര്‍മുലകളോട് അത്യന്തം ബഹുമാനമുള്ള ആളാണ്‌ ഞാന്‍. രോഹിത് ഷെട്ടി ചെയ്യുന്ന പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ നിരൂപകരും അദ്ദേഹത്തിന്റെ ചിത്രങ്ങളെ വിമര്‍ശിക്കാറുണ്ട്. എങ്കിലും പ്രേക്ഷകന്റെ ഇഷ്ടത്തിനനുസരിച്ച ഒരു സിനിമ അദ്ദേഹം നല്‍കും. ഒരു സിനിമയെ എങ്ങനെ സമീപിക്കണം എന്ന കാര്യത്തില്‍ എനിക്ക്  കുറച്ചു കൂടി ധാരണയുണ്ടിപ്പോള്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: I didnt want to be subtle i wanted to be heard director anubhav sinha