scorecardresearch
Latest News

നിര്‍മ്മാതാക്കള്‍ വംശീയ വിവേചനം കാട്ടിയെന്ന് ‘സുഡുമോൻ’ സാമുവൽ റോബിൻസൺ

സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കടുത്ത വിമർശനമാണ് സിനിമയിലെ കേന്ദ്രകഥാപാത്രമായ സാമുവൽ റോബിൻസൺ നടത്തിയത്.

നിര്‍മ്മാതാക്കള്‍ വംശീയ വിവേചനം കാട്ടിയെന്ന് ‘സുഡുമോൻ’ സാമുവൽ റോബിൻസൺ

കൊച്ചി:  കേരളം ഒന്നടങ്കം ഏറ്റെടുത്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്കെതിരെ സാമുവൽ റോബിൻസൺ. നിർമ്മാതാക്കൾ നൽകിയ പ്രതിഫലം മലയാളത്തിലെ നവാഗത നടന്മാർക്ക് നൽകുന്നതിനേക്കാൾ വളരെ കുറവായിരുന്നുവെന്നും ഇത് വംശീയ വിവേചനമായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

“നിർമ്മാതാക്കളിൽ നിന്ന് ഞാൻ വംശീയ വിവേചനം നേരിട്ടു. മുൻപ് ഇക്കാര്യം പറയാതിരുന്നത് നല്ലൊരു അവസരം കാത്തിരുന്നത് കൊണ്ടാണ്. മറ്റൊരു കറുത്ത വർഗക്കാരനായ നടനും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് ഞാനിക്കാര്യം ഇപ്പോൾ പറയുന്നത്.”

“കേരളത്തിലുണ്ടായിരുന്നപ്പോൾ വംശീയ വിവേചനത്തിന് ഞാൻ ഇരയായെന്ന് വിശ്വസിക്കുന്നു. ഒരു മലയാളി നവാഗത നടനും നൽകുന്നതിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് എനിക്ക് അവർ പ്രതിഫലമായി നൽകിയത്. മറ്റുളളവരുമായി പ്രതിഫല കാര്യം സംസാരിച്ചപ്പോഴാണ് ഞാനിത് അറിഞ്ഞത്. എല്ലാ ആഫ്രിക്കക്കാരും പണത്തിന്‍റെ മൂല്യമറിയാത്ത പാവപ്പെട്ടവരാണെന്ന തോന്നലും എന്‍റെ കറുത്ത തൊലി നിറവുമാണ് ഇതിന് കാരണമായതെന്ന് ഞാൻ സംശയിക്കുന്നു. സംവിധായകൻ സക്കറിയ തനിക്കാവും വിധം സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം അല്ല പണം മുടക്കുന്നയാൾ എന്നത് കൊണ്ട് തന്നെ കാര്യമായി എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല. സക്കറിയ നല്ല മനുഷ്യനും മികച്ച സംവിധായകനുമാണ്. സിനിമ വിജയിച്ചാൽ കൂടുതൽ പണം നൽകുമെന്ന് നിർമ്മാതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ഒന്നും നൽകിയില്ലെന്ന് മാത്രമല്ല ഞാൻ നൈജീരിയയിൽ തിരിച്ചെത്തുകയും ചെയ്തു. 2017 ഒക്ടോബർ മുതൽ 2018 ഫെബ്രുവരി എന്‍റെ സമയം ലഭിക്കാൻ വേണ്ടി വെറുംവാക്ക് പറഞ്ഞതാണെന്ന് ഞാൻ സംശയിക്കുന്നു. വാണിജ്യപരമായി സിനിമ വൻവിജയം നേടിയിരിക്കുകയാണ്. ആരാധകരുടെ സ്നേഹം നേരിട്ടറിയാൻ സാധിച്ചത് മഹത്തരമായി കാണുന്നു. കേരളത്തിന്‍റെ സാംസ്കാരിക സമ്പത്ത് മനസിലാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. കറുത്തവർഗക്കാരനായതിനാൽ വരും തലമുറയിലെ നടന്മാർക്ക് വേണ്ടി കൂടി സംസാരിക്കേണ്ടത് എന്‍റെ ബാധ്യതയാണ്. ജാതീയവും വംശീയവുമായ വിവേചനങ്ങളെ എതിർക്കണം,” സാമുവൽ റോബിൻസൺ കുറിച്ചു.

സുഡുമോന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ മലയാളികളുടെ വിമർശനങ്ങളും പ്രതികരണങ്ങളും വർദ്ധിച്ചു വരുന്നു. ഇതോടെ ഇക്കാര്യത്തിൽ വീണ്ടും വിശദീകരണവുമായി സാമുവൽ റോബിൻസൺ രംഗത്ത് വന്നു.

“മലയാളത്തിലെ നവാഗതർക്ക് നൽകുന്നതിനേക്കാൾ വളരെ കുറവ് തുകയാണ് എനിക്ക് നൽകിയത്. നൈജീരിയയിൽ എനിക്ക് ലഭിക്കുന്നതിനേക്കാൾ വളരെ കുറവായിരുന്നു ഈ തുക. ബജറ്റ് സിനിമയാണെന്ന് കരുതിയാണ് ഞാൻ ഈ തുകയ്ക്ക് സമ്മതിച്ചത്. എന്നാൽ പിന്നീട് സിനിമയുടെ ബജറ്റ് സാമാന്യം ഉയർന്നതാണെന്ന് ഞാൻ മനസിലാക്കി. ഏഴ് ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ ഇരട്ടിയോളം ലാഭമാണ് സിനിമ നേടിയത്.”

“കേരളത്തിലെ പൊതുജനം എന്നോട് വംശീയ വിവേചനം കാട്ടിയിട്ടില്ല. അവർ അത്തരക്കാരാണെന്ന് ഞാൻ കരുതുന്നില്ല. കേരളത്തിലെ താമസവും സംസ്കാരവും ബിരിയാണിയും എല്ലാം ഞാൻ വളരെയധികം ആസ്വദിച്ചതാണ്,” സാമുവൽ റോബിൻസൺ പറഞ്ഞു.

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’.  ഫുട്‌ബോള്‍ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ക്കു ശേഷം ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ‘കെ.എല്‍10 പത്തി’ലൂടെ ശ്രദ്ധേയനായ മുഹ്സിന്‍ പരാരിയും സംവിധായകന്‍ സകറിയയുമാണ്. റെക്സ് വിജയന്‍ ആണ് സംഗീതം.

സെവന്‍സിന്‍റെ നാടായ മലപ്പുറത്തെ ഒരു ഫുട്‌ബോള്‍ ടീമിന്‍റെ മാനേജറാണ് സൗബിന്‍ സാഹിര്‍ അവതരിപ്പിക്കുന്ന മജീദ് റഹ്മാന്‍ എന്ന കഥാപാത്രം. പ്ലസ് ടു തോറ്റ് സ്ഥിര വരുമാനമൊന്നുമില്ലാത്ത മജീദും അയാളുടെ ടീം അംഗങ്ങളും അവര്‍ക്കിടയിലെ സ്‌നേഹവും അത്രയേറെ സൗന്ദര്യത്തോടെയാണ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരനാണ് ഈ ടീമിന്‍റെ താരം. നൈജീരിയയില്‍ നിന്നാണെങ്കിലും സാമുവല്‍ ഇവര്‍ക്ക് സുഡാനിയാണ്. ഭാഷ അഭിനയത്തിന് ഒരു തടസമല്ലെന്ന് ഇയാള്‍ തെളിയിച്ചു. സ്‌നേഹത്തോടെ ആ നാട്ടുകാര്‍ അയാളെ സുഡു എന്നു വിളിക്കുന്നു. അപ്രതീക്ഷിതമായി സുഡുവിന് പരിക്കേല്‍ക്കുകയും കളിക്കാന്‍ പറ്റാതാകുകയും ചെയ്യുന്നു. പരിചരിക്കാന്‍ ആരുമില്ലാതായ സാമുവലിനെ മജീദ് സ്വന്തം വീട്ടിലേക്ക് കൊണ്ടു വരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: I did experience racial discrimination from producers in kerala says samuel robinson