വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന ജാൻവി കപൂർ ഒരാഴ്ച പിന്നിടുമ്പോൾ വികാരനിർഭരമായൊരു കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ ദിവസങ്ങളിൽ താൻ പഠിച്ചതെന്തൊക്കെയാണെന്ന് വിശദീകരിക്കുകയാണ് ജാൻവി. തന്റെ അച്ഛനെക്കുറിച്ചും അമ്മ ശ്രീദേവിയെക്കുറിച്ചും ജാൻവി എഴുതിയിട്ടുണ്ട്.
”ഞാൻ കഴിക്കുന്ന ഭക്ഷണം വിലമതിക്കാൻ പഠിച്ചു. ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ ഞങ്ങളുടെ വീട്ടിലെ റേഷൻ ഉണ്ടാവുമോയെന്ന് അറിയില്ല, ആരെങ്കിലും പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴെല്ലാം അവരുടെ ആരോഗ്യം അപകടത്തിലാക്കുന്നുവെന്ന് അറിയുന്നത്- മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ എന്നെ വിഷമിപ്പിക്കുന്നു. ഇപ്പോഴും ഈ അവസ്ഥകളിലെ മിക്കതിനേക്കാളും മികച്ചതാണ് എനിക്കുള്ളത്, ജീവിതത്തിൽ മികച്ചത് എനിക്കുണ്ട്.. ഞാൻ സ്വാർത്ഥയും നിരുത്തരവാദിയുമാണെന്ന് മനസ്സിലാക്കി.”
Read Also: അടുത്തുണ്ടായിട്ടും ‘അകലെ’യായി പോയല്ലോ നമ്മൾ, സങ്കടം പങ്കുവച്ച് നസ്രിയയും അമാലും
”അച്ഛൻ എന്നെ മിസ് ചെയ്യുന്നുവെന്ന് ഞാൻ മനസിലാക്കി. ലോക്ക്ഡൗണിനു മുൻപ് അദ്ദേഹം വീട്ടിൽ ഉളളപ്പോഴെല്ലാം ഞാനും ഖുഷിയും ജോലി കഴിഞ്ഞോ, മീറ്റിങ് കഴിഞ്ഞോ, സുഹൃത്തുക്കളുടെ വീട്ടിൽനിന്നോ മടങ്ങിവരുന്നതും കാത്തിരിക്കും, ഞങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ. അങ്ങനെയല്ലാതെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. പക്ഷേ ഇപ്പോൾ ഞാൻ ഉറക്കമെഴുന്നേറ്റ് ഹാളിലേക്ക് വരുമ്പോൾ സോഫയിൽ ചിരിച്ചുകൊണ്ട് അച്ഛൻ ഇരിക്കുന്നത് കാണും. ദിവസം മുഴുവനും ഞങ്ങൾക്കൊപ്പം അച്ഛനുണ്ട്. ഞങ്ങൾ വീട്ടിൽ വരുന്നതും കാത്ത് ഒറ്റയ്ക്ക് അതേ സ്ഥലത്ത് ഇരിക്കുന്നത് എനിക്ക് ചിത്രീകരിക്കാൻ കഴിയും.”
”അമ്മയുടെ ഡ്രെസിങ് റൂമിൽ ഇപ്പോഴും അവരുടെ മണം എനിക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. യഥാർത്ഥ ജീവിതത്തേക്കാൾ മികച്ച ചിത്രകാരിയാണ് ഞാൻ എന്ന് മനസ്സിലാക്കി. ഖുഷി വളരെ കൂളായ സഹോദരിയാണെന്ന് ഞാൻ മനസിലാക്കി. ലോകത്തിൽ തന്നെ വളരെ തമാശക്കാരായ സുഹൃത്തുക്കളാണ് എനിക്കുളളതെന്ന് ഞാൻ മനസിലാക്കി. എന്തിനെയും അതിജീവിക്കാൻ സംഗീതം സഹായിക്കുമെന്ന് ഞാൻ മനസ്സിലാക്കി. മറ്റെന്തിനെക്കാളും സിനിമയെ ഞാൻ ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കി. സിനിമ കാണാനും അവയെക്കുറിച്ച് ചിന്തിക്കാനും സ്വപ്നം കാണാനും ഞാൻ ഇഷ്ടപ്പെടുന്നു” ജാൻവിയുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങളാണിത്.
‘ധടക്’ സിനിമയിലൂടെയാണ് ജാൻവി ബോളിവുഡിലേക്കെത്തിയത്. അതുകഴിഞ്ഞ് സോയ അക്തറിന്റെ ആന്തോളജി ഫിലിം ‘ഗോസ്റ്റ് സ്റ്റോറീസി’ൽ അഭിനയിച്ചു. ഗുഞ്ചൻ സക്സേനയുടെ ബയോപിക്, ഹൊറർ കോമഡി സിനിമ ‘റൂഹിഅഫ്സാന’, ‘ദോസ്താന 2’ എന്നിവയാണ് ജാൻവിയുടെ അടുത്ത ചിത്രങ്ങൾ.