പന്ത്രണ്ടു വര്‍ഷമായി മംമ്ത മോഹന്‍ദാസ് എന്ന നടി മലയാള സിനിമയുടെ ഭാഗമാണ്. നിറയെ സിനിമകള്‍ ചെയ്യാറില്ല, വര്‍ഷത്തില്‍ ചിലപ്പോള്‍ ഒരു സിനിമ. പക്ഷെ മംമ്തയേയും മംമ്തയുടെ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ക്കിഷ്ടമാണ്. ഒടുവില്‍ ഇറങ്ങിയ കാര്‍ബണ്‍ എന്ന ചിത്രത്തെക്കുറിച്ചും സഹതാരം ഫഹദ് ഫാസിലിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ഗള്‍ഫ് ന്യൂസ് ലേഖിക മഞ്ജുഷ രാധാകൃഷ്ണന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത സംസാരിക്കുന്നു.

‘ഞാനും ഫഹദും ഏറെക്കുറേ ഒരുപോലെ ചിന്തിക്കുന്നവരാണ്. ഷൂട്ടിങ് സമയത്തും ഈ ചിത്രത്തെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. ഞങ്ങളുടെ വ്യക്തിത്വങ്ങള്‍ തമ്മിലും ബന്ധമുണ്ട്. ആദ്യമായാണ് ഒരുചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നത്. ആളുകള്‍ എങ്ങനെയാകും ചിത്രത്തെ മനസ്സിലാക്കുക, സ്വീകരിക്കുക എന്നൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. ഈ കഥാപാത്രങ്ങളെ മനസ്സിലാക്കാന്‍ കുറച്ച് ബുദ്ധിപരമായി ചിന്തിക്കണം. ആ ചിത്രത്തില്‍ ഒരുപാട് നിഗൂഢതകളുണ്ട്. കാര്‍ബണിന്റെ ഉപോത്പന്നങ്ങളാണ് ചാരവും വജ്രവും. ജീവിത്തിന്റെ ഇരുവശങ്ങളെക്കുറിച്ചും അതു നിങ്ങളെ ചിന്തിപ്പിക്കും.’ മംമ്ത പറഞ്ഞു.

കാര്‍ബണിന്റെ ഡേറ്റുമായി പ്രശ്‌നങ്ങള്‍ വരുമെന്നതിനാലാണ് മംമ്ത പൃഥ്വിരാജ് നായകനാകുന്ന രണം എന്ന ചിത്രം വേണ്ടെന്നു വച്ചത്. അതുകൊണ്ടു തന്നെ അതില്‍ നിരാശയുമില്ല. എന്നാല്‍ അരുന്ധതി എന്ന തെലുങ്കു ചിത്രത്തില്‍ അനുഷ്‌കയ്ക്കു പകരം ആദ്യം നായികയായി ആലോചിച്ചിരുന്നത് മംമ്തയെയായിരുന്നു. ആ ചിത്രം ഉപേക്ഷിക്കേണ്ടിവന്നതില്‍ തനിക്ക് സങ്കടമുണ്ടെന്ന് മംമ്ത.

‘കുറേ വര്‍ഷങ്ങള്‍ എനിക്ക് സിനിമയോട് വലിയ പാഷന്‍ ഉണ്ടായിരുന്നില്ല. ആദ്യത്തെ നാലുവര്‍ഷം ഞാന്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയിട്ടുള്ള ഒരാളായിരുന്നു. വെറുതേ സിനിമകള്‍ ചെയ്യുന്നു എന്നതിലപ്പുറം ശരിയായ ഒരു ചിത്രമൊന്നും തിരഞ്ഞെടുത്തില്ല. അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു നഷ്ടമായി തോന്നുന്നുണ്ട്. കരിയറില്‍ ശ്രദ്ധിക്കാനുള്ള ഒരു വിളിയായിരുന്നു അത്. എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ അപ്പോളോ ആശുപത്രിയിലേക്കുള്ള നിരന്തരമായ യാത്രകള്‍ എനിക്ക് മറ്റൊരു തിരിച്ചറിവു തന്നു. കരിയറിനു പുറകേയല്ല, ജീവിത്തിനു പുറകേയാണ് ഞാനിപ്പോള്‍ ഓടേണ്ടത് എന്ന്.’ മംമ്ത വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ