ആഴ്ചകളോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കും പരാതികള്‍ക്കും വിരാമമിട്ട് കൊണ്ട് സോണി എന്റര്‍ട്റെയിന്‍മെന്‍റ് ടെലിവിഷന്‍ പ്രക്ഷേപണം ചെയ്തു വന്ന ‘പെഹ്രെദാര്‍ പിയാ കി’, എന്ന സീരിയല്‍ നിര്‍ത്തലാക്കാന്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉത്തരവിട്ടു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഒരു സീരിയല്‍ നിര്‍ത്തലാക്കാന്‍ ചാനലിനോട് ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഒരു പക്ഷേ ഇതാദ്യമായിരിക്കാം. വെള്ളിയാഴ്ചയായിരുന്നു സീരിയലിന്‍റെ ഒടുവിലത്തെ സംപ്രേക്ഷണം.

‘സീരിയലിന്‍റെ സര്‍ഗ്ഗ പ്രവര്‍ത്തനം നടത്തിയവരെ ഇത് നിരാശപ്പെടുത്തുമെന്നിരിക്കെത്തന്നെ, ഈ സീരിയല്‍ പിന്‍വലിക്കാന്‍ തീരുമാനം എടുക്കുന്നു. പുതിയതായി തുടങ്ങുന്ന ഞങ്ങളുടെ പരിപാടികളിലേക്ക് പ്രേക്ഷക ശ്രദ്ധ കൊണ്ട് വരുന്നതില്‍ ശ്രദ്ധയൂന്നാനാണ് ഞങ്ങളുടെ ശ്രമം.’, ചാനല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ആഴ്ചകള്‍ക്ക് മുന്‍പ്, സീരിയിലിന്‍റെ  പ്രേക്ഷകരില്‍ ഒരു വിഭാഗം സമര്‍പ്പിച്ച പരാതിയിന്‍ മേലാണ് നടപടി കൈക്കൊണ്ടത്. 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ വിവാഹം കഴിക്കുന്നതാണ് സീരിയലിന്‍റെ  ഇതിവൃത്തം. മരണശയ്യയില്‍ കിടക്കുന്ന ബാലന്‍റെ അച്ഛന് മകന്‍റെ രക്ഷിതാവായിക്കൊള്ളാം (പെഹ്രെദാര്‍) എന്ന് പെണ്‍കുട്ടി വാക്ക് കൊടുക്കുന്നതിന്‍റെ  അടിസ്ഥാനത്തിലാണ് വിവാഹം നടക്കുന്നത്.

‘പത്ത് വയസ്സ് മാത്രമുള്ള ഒരു കുട്ടി, തന്‍റെ  ഇരട്ടി പ്രായമുള്ള പെണ്‍കുട്ടിയെ തലോടുന്നതും നെറ്റിയില്‍ സിന്ദൂരം തൊട്ട് കൊടുക്കുന്നതും പ്രൈം ടൈം ടെലിവിഷനില്‍ കാണാന്‍ ഞങ്ങള്‍ കുടുംബ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നില്ല. ഇത് ആസ്വാദകമനസ്സില്‍ എന്ത് തരം സ്വാധീനമായിരിക്കും ചെലുത്തുക എന്നൂഹിച്ചു നോക്കാവുന്നതേയുള്ളൂ. ഞങ്ങളുടെ കുട്ടികള്‍ ഇതു കണ്ടു വളരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതു കൊണ്ട് ഈ സീരിയല്‍ നിരോധിക്കണം’, എന്നാണ് സ്മൃതി ഇറാനിയ്ക്ക് പ്രേക്ഷകരിലെ ഒരു വിഭാഗം അയച്ച പെറ്ററ്റിഷനില്‍ പറയുന്നത്.

എന്നാല്‍ ഇതിനോട് നിര്‍മ്മാതാക്കളായ ശശി മിത്തല്‍, സുമീത് മിത്തല്‍ എന്നിവര്‍ ഇങ്ങനെയാണ് പ്രതികരിച്ചത്.

‘ഞങ്ങളും യാഥാസ്ഥികര്‍ തന്നെയാണ്. കുടുംബവുമായി കാണാന്‍ പറ്റാത്തതൊന്നും അതില്‍ കാണിച്ചിട്ടില്ല. ഒരു ബാലനും പെണ്‍കുട്ടിയും തമ്മിലുള്ള ഒരു തീവ്രവും സത്യസന്ധവും മധുരവുമായ ഒരു ബന്ധത്തിന്‍റെ കഥയാണത്. ഇതില്‍ സമൂഹത്തിന് നിരക്കാത്തതായി ഒന്നുമില്ല.’

രണ്ടാഴ്ച മുന്‍പാണ് സോണി ടി വി യോട് ഈ സീരിയലിന്‍റെ സമയം പ്രൈം ടൈമില്‍ നിന്ന് മാറ്റാനും ‘ഇത് ബാല വിവാഹത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല’ എന്ന് ഡിസ്ക്ലെമര്‍ ചേര്‍ക്കാനും ആവശ്യപ്പെട്ടത്. ചാനല്‍ ആ നിര്‍ദേശം നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സീരിയല്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കണം എന്ന ഉത്തരവ്.

‘ഈ സീരിയല്‍ തങ്ങളുടെ സംസ്ക്കാരത്തെ അവഹേളിക്കുന്നു എന്ന് ചില രാജ കുടുംബങ്ങള്‍ പരാതി പറഞ്ഞതാണ് പെട്ടന്നുള്ള ഈ നടപടിക്കു കാരണം.’ എന്ന് ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ചാനലും സീരിയലിന്‍റെ അണിയറക്കാരും തയ്യാറായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ