2012ല്‍ പുറത്തിറങ്ങിയ ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റംകുറിച്ച നായികയാണ് സണ്ണി ലിയോണ്‍. എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു സണ്ണിയുടെ യാത്ര. അടുത്തിടെയാണ് സണ്ണിയുടെ ജീവിതം ചലച്ചിത്രമാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. കരണ്‍ജിത് കൗര്‍-ദി അൺറ്റോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന പേരില്‍ ഇത് സംപ്രേക്ഷണവും ആരംഭിച്ചു.

2003ല്‍ പുറത്തിറങ്ങിയ ‘പെന്‍ന്തോസ് പെറ്റ് ഓഫ് ദി ഇയര്‍’ എന്ന സിനിമയിലൂടെയായിരുന്നു സണ്ണിയുടെ തുടക്കമെങ്കിലും പ്രേക്ഷകശ്രദ്ധ ലഭിച്ചത് ജിസം 2ലൂടെയായിരുന്നു. പിന്നീട് രാഗിണി എംഎംഎസ് 2, ഏക് പഹേലി ലീല, കുച്ച് കുച്ച് ലോച്ചാ ഹേ, തേരാ ഇന്തസാര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സണ്ണിയുടേതായി പുറത്തിറങ്ങി.

തന്റെ ജീവിതയാത്രയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷവും സംതൃപ്തിയുമാണ് തോന്നുന്നതെന്ന് ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി പറയുന്നു.

കഴിഞ്ഞ ജൂലൈയിലാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നാണ് സണ്ണി കുഞ്ഞിനെ ദത്തെടുത്തത്.

പിന്നീട് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് ആണ്‍കുട്ടികളെക്കൂടി ഇവര്‍ സ്വന്തമാക്കി. വാടക ഗര്‍ഭത്തിലൂടെയാണ് ദമ്പതികള്‍ കുട്ടികളെ സ്വന്തമാക്കിയത്. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

ഒരു അമ്മയെന്ന നിലയിലുള്ള ജീവംതം താന്‍ ഏറെ ആസ്വദിക്കുന്നു എന്നാണ് സണ്ണി പറയുന്നത്. എല്ലാ ജോലികള്‍ക്കിടയിലും അവര്‍ക്കുവേണ്ടി സമയം ചെലവഴിക്കാനും അവരെ സംരക്ഷിക്കുന്നതിലും താന്‍ ഒരു കുറവും വരുത്തുന്നില്ലെന്നും സണ്ണി പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ