നടനാകണമെന്നു മനസില്‍ ആഗ്രഹിച്ച കാലം തൊട്ട് തന്റെ ഡ്രീം ഹീറോ താന്‍ തന്നെയാണെന്ന് തമിഴ് നടന്‍ വിജയ് സേതുപതി. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘നാന്‍ താന്‍ എന്നോടെ ഹീറോ’ എന്നായിരുന്നു സേതുപതിയുടെ മറുപടി.

ഓരോ നടന്മാരും അഭിനയിക്കുന്നതു കാണുമ്പോള്‍ ആ ഷോട്ട് എടുക്കുന്ന സമയത്ത് എന്തൊക്കെയാകും അവര്‍ മനസില്‍ ആലോചിച്ചു കാണുക എന്ന് സങ്കല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. ഡബ്ബിങ്ങിലൂടെയാണ് താന്‍ സിനിമയിലേക്കെത്തിയതെന്നും, മോഹന്‍ലാല്‍ നായകനായ വരവേല്‍പ്പ് എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ താനാണ് മോഹന്‍ലാലിന് ശബ്ദം നല്‍കിയതെന്നും വിജയ് സേതുപതി പറഞ്ഞു.

മക്കളും ഭാര്യയുമാണ് തന്റെ ഏറ്റവും വലിയ ഫാന്‍സെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി പറയുന്നു. പുറത്തു പോകുമ്പോള്‍ ആളുകള്‍ സ്‌നേഹത്തോടെ വന്നു കെട്ടിപ്പിടിക്കുന്നതൊന്നും മക്കള്‍ക്ക് ഇഷ്ടമില്ല. തങ്ങളുടെ അച്ഛനെ വേറാരും കെട്ടിപ്പിടിക്കേണ്ട എന്നാണ് അവര്‍ പറയുന്നതെന്നും വിജയ് സേതുപതി പറയുന്നു.

സിനിമ മനസിലേക്ക് കയറുന്നതിനു മുമ്പ് ജെസിയാണ് മനസിലേക്ക് കയറിയതെന്നും അദ്ദേഹം പറയുന്നു. സേതുപതിയുടെ ഭാര്യ ജെസ്സി കൊല്ലം സ്വദേശിയാണ്. ജെസി മോഹൻലാൽ, മമ്മൂട്ടി, രജനീകാന്ത് എന്നിവരുടെ കടുത്ത ആരാധികയാണ്. 24-ാം വയസിൽ അഭിനയിക്കണമെന്ന മോഹം വന്നപ്പോൾ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചതും ജെസിയാണെന്ന് സേതുപതി പറയുന്നു. അന്ന് അച്ഛന്റെ ബിസിനസ് പൊളിഞ്ഞ് കടം കയറി നിൽക്കുന്ന സമയമാണ്. ഭാര്യ ഗർഭിണിയും. കൂടാതെ 10 ലക്ഷം രൂപ കടവുമുണ്ട്. അഭിനയിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ അവൾ എതിർത്തില്ല. ആഗ്രഹിക്കുന്ന കാര്യം സാധിപ്പിക്കാൻ കൂടെ നിൽക്കുന്ന കൂട്ടുകാരിയെ കിട്ടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണമെന്നും വിജയ് സേതുപതി പറഞ്ഞു.

വിക്രം വേദ റിലീസ് ആയതിനു ശേഷം കേരളത്തിൽ നിന്നും ദിവസേന നിരവധി മെസ്സേജുകൾ ഫെയ്സ്ബുക്ക് വഴി ലഭിക്കാറുണ്ട്. തീർച്ചയായും മലയാളി ആരാധകരെ കാണാൻ കേരളത്തിലേക്ക് വരുമെന്നും വിജയ് സേതുപതി പറഞ്ഞു. മലയാളികൾ സ്വന്തം സിനിമ പോലെ വിക്രം വേദയെ അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ട്. ചിത്രത്തിന്റെ വിജയവും ഇപ്പോൾ ലഭിക്കുന്ന അംഗീകാരവും തൻറെ ഉത്തരവാദിത്തം കൂട്ടിയെന്നും വിജയ് സേതുപതി അഭിമുഖത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ