നാലു വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ നസീം സിനിമയിലേക്കു തിരിച്ചു വരുന്നു എന്ന വാര്‍ത്തയറിഞ്ഞ് സന്തോഷത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ പ്രേക്ഷകരെക്കാള്‍, മറ്റാരെക്കാള്‍ സന്തോഷിക്കുന്ന മറ്റൊരാളുണ്ട്. നടനും നസ്രിയയുടെ നല്ലപാതിയുമായ ഫഹദ് ഫാസില്‍. തന്റെ സന്തോഷം നേരത്തെ ഫഹദ് ഫെയ്‌സ്ബുക്ക് വഴി അറിയിച്ചതാണ്.
നസ്രിയ അഭിനയിക്കാന്‍ പോകാന്‍ തയ്യാറാണെങ്കില്‍ വീട്ടിലിരിക്കാന്‍ താന്‍ ഒരുക്കമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ ഫഹദ് വ്യക്തമാക്കി.
‘വ്യക്തിപരമായി അങ്ങേയറ്റം സന്തോഷത്തിലാണ് ഞാന്‍. തന്റെ ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചുവരുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് ഒരു കുടുംബം ഉണ്ടാക്കി തരാനാണ് നസ്രിയ ഇത്രയും നാള്‍ വീട്ടിലിരുന്നത്. ഞാന്‍ എപ്പോഴും പറയാറുണ്ട്, നസ്രിയ സിനിമയില്‍ സജീവമാകുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേ ഉള്ളൂ എന്ന്. അവര്‍ക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ അവര്‍ ചെയ്യും. എനിക്ക് തോന്നുമ്പോള്‍ ഞാനും ചെയ്യും. അത്തരത്തിലാണ് ഞങ്ങള്‍ ജീവിതം പ്ലാന്‍ ചെയ്യാറുള്ളത്. പിന്നെ ഒരു കാര്യം ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്, രണ്ടുപേര്‍ക്കും പരസ്‌പരം ഒന്നിച്ചു ചെലവഴിക്കാനും യാത്ര ചെയ്യാനുമുള്ള സമയം കണ്ടെത്തും. മറ്റൊന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം അതിന്റെ രീതിയില്‍ നടക്കും,’ ഫഹദ് പറഞ്ഞു.
Read More: നാലു വർഷങ്ങൾ അവൾ വേണ്ടെന്നുവച്ചത് എനിക്കൊരു നല്ല കുടുംബം നൽകാനാണ്: ഫഹദ് ഫാസിൽ
ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന കൂടെയിലൂടെയാണ് നസ്രിയ തന്റെ തിരിച്ചുവരവ് നടത്തുന്നത്. ബാംഗ്ലൂർ ഡേയ്സ് ആയിരുന്നു വിവാഹത്തിനു മുമ്പ് നസ്രിയ അവസാനമായി അഭിനയിച്ച ചിത്രം. കൂടെയിലെ നസ്രിയ അഭിനയിച്ച പാട്ടും ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പൃഥ്വിരാജ്, നസ്രിയ നസീം, പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തും. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്‌ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കൂടെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് ഫഹദ് എഴുതിയ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമായിരുന്നു.
”ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിനു മുൻപ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാൻ കാണാൻ ഇഷ്‌ടപ്പെടുന്ന ഒരാളെ നാലു വർഷത്തിനുശേഷം സ്ക്രീനിൽ കാണാൻ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്. ജീവിതത്തിലെ നാലു സുവർണ വർഷങ്ങൾ അവൾ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നൽകാനാണ്. ഞാൻ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും”, ഇതായിരുന്നു ഫഹദ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
അമല്‍ നീരദിന്റെ വരത്തന്‍, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്, വിജയ് സേതുപതിക്കും സമാന്തയ്‌ക്കുമൊപ്പമുള്ള തമിഴ് ചിത്രം സൂപ്പര്‍ ഡിലക്‌സ്, നവാഗത സംവിധായകനൊപ്പമുള്ള ആണെങ്കിലും അല്ലെങ്കിലും, സത്യന്‍ അന്തിക്കാടിനോടൊപ്പമുള്ള പുതിയ ചിത്രം എന്നിവയുടെ തിരക്കിലാണ് ഫഹദ് ഇപ്പോള്‍.