ജീവിതത്തില്‍ ഏതവസരത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളാണ് താനെന്ന് നടി മഞ്ജു വാര്യര്‍. സിനിമയില്‍ അഭിനയിക്കുന്ന കാലത്തും സിനിമയില്‍ നിന്നു വിട്ടു നിന്ന കാലത്തും വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നപ്പോഴും താന്‍ സന്തോഷവതിയായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പഞ്ഞു.

‘വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നപ്പോളും ഞാന്‍ പൂര്‍ണ സന്തോഷവതിയായിരുന്നു. ഒരിക്കലും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നില്ല. ആദ്യകാലത്ത് സിനിമയിലുണ്ടായിരുന്ന മൂന്നുവര്‍ഷം വലിയ തിരക്കുപിടിച്ചതായിരുന്നു. അന്നും ഞാന്‍ അതൊക്കെ ആസ്വദിക്കുകയായിരുന്നു. പിന്നീട് വിവാഹത്തിനു ശേഷം ഒന്നും ചെയ്യാതെ വീട്ടിലിരുന്നപ്പോഴും എന്റെ സന്തോഷത്തിന് ഒരു കുറവും ഇല്ലായിരുന്നു. വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയപ്പോളും ഞാന്‍ സന്തോഷവതിയാണ്.’ മഞ്ജു പറഞ്ഞു.

Manju Warrier

തന്റെ ഇപ്പോളത്തെ ജീവിതം ഒരു പുനര്‍ജന്മമാണെന്നും ഒന്നില്‍ നിന്നു തുടങ്ങുകയാണ് താനെന്നും മഞ്ജു പറഞ്ഞു. മാത്രമല്ല, സിനിമകൾ വിജയിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജീവിത വിജയത്തെ അളക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് മറ്റാരെക്കാള്‍ നന്നായി അറിയാവുന്ന ആളാണ് താനെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Read in English

സിനിമയില്‍ നിന്നും നൃത്തത്തില്‍ നിന്നും വിട്ടുനിന്ന മഞ്ജു 14 വര്‍ഷത്തിനു ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തമവതരിപ്പിച്ചാണ് പൊതുവേദിയിലേക്ക് മടങ്ങിയെത്തിയത്. നൃത്തം തുടങ്ങുമ്പോള്‍ കാണികളുടെ ആര്‍പ്പുവിളിയില്‍ പേടി തോന്നിയെങ്കിലും അവസാനിച്ചപ്പോള്‍ അവരൊന്നിച്ച് തന്റെ പേരുവിളിക്കുന്നതു കേട്ടപ്പോള്‍ വല്ലാത്ത ഊര്‍ജമായിരുന്നെന്നും മഞ്ജു പറയുന്നു.

‘അതുപോലൊരു അനുഭവം അതിനുമുമ്പൊരിക്കലും എനിക്കുണ്ടായിട്ടില്ല. പരിപാടി കഴിഞ്ഞപ്പോള്‍ സംഘാടകര്‍ പറഞ്ഞത്, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ദാസേട്ടന്റെ(യേശുദാസ്) സംഗീത കച്ചേരിക്കായിരുന്നു അതിനു മുമ്പ് അത്രയും കാണികള്‍ അവിടെ എത്തിയിട്ടുള്ളത് എന്നായിരുന്നു.’

Manju Warrier

താന്‍ എപ്പോള്‍ പുറത്തു പോകുമ്പോഴും ആളുകള്‍, പ്രത്യേകിച്ച് പ്രായമായ സ്ത്രീകളൊക്കെ വന്ന് സ്‌നേഹത്തോടെ കെട്ടിപ്പിടിക്കാറുണ്ടെന്ന് മഞ്ജു.
‘ഓടിവന്ന് അവര്‍ സ്‌നേഹത്തോടെ ചേര്‍ത്തു പിടിക്കും. എന്റെ നെറ്റിയില്‍ ഉമ്മവയ്ക്കും. വളരെ സ്വാതന്ത്ര്യത്തോടെ എന്റെ കൈയ്യെടുത്ത് അവരുടെ കൈയ്യില്‍ ചേര്‍ത്തു വച്ച് പറയും ഞങ്ങള്‍ മോള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന്. അത്രയും പേര്‍ നിങ്ങളെ സ്‌നേഹിക്കാന്‍ ഉണ്ടാവുക എന്നത് വെറുമൊരു ഭാഗ്യമല്ല. അതൊരു ‘താര’ത്തിനു കിട്ടുന്ന സ്‌നേഹവുമല്ല.’

Manju Warrier

സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ചും മഞ്ജുവിന് പറയാനുണ്ടായിരുന്നു. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക്, പ്രത്യേകിച്ച് ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നീങ്ങാന്‍ അവരെ സഹായിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും, തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും അനുഭവിച്ചിട്ടുള്ളവരെ അറിയാമെന്നും മഞ്ജു പറഞ്ഞു.

മഞ്ജുവിന് മറ്റൊരു മോഹം കൂടിയുണ്ട്. സിനിമയില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കണം എന്നാണത്.
‘ആളുകള്‍ വന്ന് എന്നോട് ചോദിക്കാറുണ്ട് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താത്പര്യമുണ്ടോ എന്ന്. ഞാന്‍ തിരിച്ചു ചോദിക്കും എന്തുകൊണ്ട് അവതരിപ്പിച്ചുകൂടാ എന്ന്.’

Manju Warrier

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമി എന്ന ചിത്രമാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. അണിയറപ്രവര്‍ത്തകരും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ആമിയെക്കാത്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ