ആരാധകര്‍ ഏറെയുളള താരമാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. എന്നാല്‍ ആദ്യമായാണ് ഒരു റോബോട്ട് താരത്തിന്റെ ആരാധികയാവുന്നത്. മറ്റാരുമല്ല ലോകത്താദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുകവഴി ശ്രദ്ധ നേടിയ സോഫിയ എന്ന റോബോട്ടാണ് താരം. ഹൈദരാബാദില്‍ നടക്കുന്ന ഐടി ലോക കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സംവാദത്തിലാണ് ഇന്ത്യയിലെ ഏത് താരത്തെയാണ് ഇഷ്ടമെന്ന ചോദ്യത്തിന് ആലോചനയൊന്നും കൂടാതെ സോഫിയ ഉത്തരം പറഞ്ഞത്.

എന്‍ഡിടിവി മാനേജിംഗ് എഡിറ്റര്‍ രാജീവ് മഖ്നിയുടെ ചോദ്യത്തിനാണ് ‘ഷാരൂഖ് ഖാന്‍’ എന്ന് സോഫിയ ഉത്തരം പറഞ്ഞത്. വന്‍ കരഘോൽത്തോടെയാണ് സോഫിയയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. പ്രണയസന്ദര്‍ശനത്തിന് ഏറ്റവും ഉചിതമായ സ്ഥലം ഏതെന്ന ചോദ്യത്തിന് ‘ബഹിരാകാശം’ എന്നായിരുന്നു റോബോട്ടിന്റെ മറുപടി.

ഒരു റോബോട്ടിന് എത്ര ശ്രമിച്ചാലും മനുഷ്യനെപ്പോലെയാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന് കഴിയുമെന്ന് ചിരിച്ചും കോപിച്ചും പറയുന്നുണ്ടിവള്‍. ചോദ്യങ്ങള്‍ക്കെല്ലാം ഉടനടി മറുപടി. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സാങ്കേതിവിദ്യയില്‍ ഹാസന്‍സ് റോബോട്ടിക്‌സിലാണ് സോഫിയ പിറന്നത്. ഒരു പച്ച യന്ത്ര മനുഷ്യന്‍.

ഒരു മനുഷ്യന് നിര്‍വ്വഹിക്കാനാവുന്ന ഏതൊരു ബൗദ്ധിക പ്രവര്‍ത്തനവും വിജയകരമായി നടപ്പിലാക്കാന്‍ ഈ യന്ത്രത്തിന് സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. 2015 ഏപ്രില്‍ 19 ന് പ്രവര്‍ത്തനസജ്ജമായ സോഫിയക്ക് സൗദി അറേബ്യന്‍ പൗരത്വമാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ അറുപത്തിരണ്ടിലധികം മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാനും സോഫിയയ്ക്ക് സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook