മുംബൈ: കങ്കണ റണൗട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം ഹൃതിക് റോഷന്‍ രംഗത്തെത്തിയതിന് പിന്നാലെ താരം നടിയ്ക്ക് അയച്ചതെന്ന് കരുതുന്ന ഇമെയില്‍ ചോര്‍ന്നു. കങ്കണയുടെ സഹോദരി രംഗോലി ചന്ദേല്‍ ആണ് ചിത്രം സഹിതം ഇമെയില്‍ പുറത്തുവിട്ടത്. ഗോസിപ്പുകള്‍ക്ക് വേണ്ടിയല്ല ഇത് പുറത്തുവിടുന്നതെന്നും ഹൃത്വിക് പറയുന്നത് കളളമാണെന്നും പറഞ്ഞാണ് രംഗോലി ഇമെയില്‍ പുറത്തുവിട്ടത്. ഐപാഡില്‍ നിന്ന് അയച്ചതെന്ന് പറയുന്ന മെയിലിന് കങ്കണ മറുപടിയും നല്‍കിയിട്ടുണ്ട്.

2014 മെയ് 5നാണ് മെയില്‍ അയച്ചിരിക്കുന്നത്. നേരത്തേ ഇരുവരും ചേര്‍ന്ന് ഇടപഴകുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു. ഇതും രംഗോലി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് ഫോട്ടോഷോപ്പ് ചെയ്തതതല്ലെന്നും കങ്കണയുടെ സഹോദരി വ്യക്തമാക്കുന്നു.
തനിക്കെതിരെ കങ്കണ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ആദ്യമായാണ് ഹൃതിക് ഇന്ന് പരസ്യ പ്രസ്താവനയുമായി എത്തിയത്. കുറച്ചുകാലമായി കങ്കണയും നിശബ്ദയായിരുന്നു.

ട്വിറ്ററിലൂടെയാണ് ഹൃതിക് മനസ്സു തുറന്നിരിക്കുന്നത്. ഈ പറയുന്ന സ്ത്രീയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ല. ശരിയാണ്, ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണന്ട്. എന്നാല്‍ സ്വകാര്യമായ ഒരു കാണലും നടന്നിട്ടില്ല. അതാണ് സത്യം. നല്ല ഇമേജ് ഉണ്ടാക്കനല്ല ഞാന്‍ ശ്രമിക്കുന്നത്, എന്റെ കുറവുകള്‍ എനിക്കറിയാം. ഞാനൊരു മനുഷ്യനാണ്. ഒരു പെണ്‍കുട്ടിയാണെന്ന പരിഗണന വച്ച് മാത്രം അവര്‍ പറയുന്നത് സത്യമെന്ന് കരുതേണ്ട. എന്നിങ്ങനെ പോകുന്നു നീണ്ട പോസ്റ്റ്.

ഒരു അഭിമുഖത്തിനിടെ ഹൃതിക് തന്റെ പൂര്‍വ്വകാമുകനാണെന്ന് കങ്കണ സൂചന നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതിന് ഹൃതിക് മറുപടി നല്‍കി. പിന്നീട് ഇരുവരും വക്കീല്‍ നോട്ടീസ് അയച്ചാണ് മറുപടി നല്‍കിയത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ