ഇന്ന്, ബോളിവുഡിലെ ഏറെ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. നായകന്മാരില്ലാതെ പോലും ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാൻ കെൽപ്പുള്ള നായിക. ആലിയയ്ക്ക് വേണ്ടി മാത്രം കലാമൂല്യമുള്ള ചിത്രങ്ങൾ ബോളിവുഡിൽ ഉണ്ടാവുന്നു എന്നതു തന്നെ ഈ അഭിനേത്രിയുടെ പ്രതിഭയേയും താരപ്രഭയേയും അടയാളപ്പെടുത്തുന്ന കാര്യമാണ്.
ഹൃത്വിക് റോഷനൊപ്പം നിൽക്കുന്ന ആലിയയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചിത്രത്തിൽ ആലിയയെ കൂടാതെ സഹോദരി ഷഹീൻ ഭട്ടിനെയും കാണാം. നടി നീന ഗുപ്തയുടെ മകളും ഡിസൈനറുമായ മസബ ഗുപ്തയുമുണ്ട് ചിത്രത്തിൽ.
സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളായ ആലിയ ബാലതാരമായിട്ടാണ് ബോളിവുഡിലേക്കെത്തിയത്, 1999 ൽ പുറത്തിറങ്ങിയ ‘സംഘർഷ്’ എന്ന സിനിമയിൽ പ്രീതി സിന്റയുടെ ബാല്യകാലം അവതരിപ്പിച്ചു. 2012 ൽ പുറത്തിറങ്ങിയ ‘സ്റ്റുഡന്റ് ഓഫ് ദി ഇയർ’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി കൊണ്ടുള്ള ആലിയയുടെ അരങ്ങേറ്റം.
2014 പുറത്തിറങ്ങിയ ‘ഹൈവേ’ ആണ് ആലിയയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. പിന്നീടിങ്ങോട്ട് 2 സ്റ്റേറ്റ്സ്, ഉട്താ പഞ്ചാബ് , ഡിയർ സിന്ദഗി , റാസി , ഗല്ലി ബോയ് , കലങ്ക്, ആർആർആർ തുടങ്ങി ഗംഗുഭായി കത്തിയവാഡി വരെയുള്ള ചിത്രങ്ങളിലെ അഭിനയത്തിലൂടെ ആലിയ പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
ഗംഗുഭായിയെന്ന കഥാപാത്രത്തെ അവിസ്മരണീയമായി അവതരിപ്പിച്ച് ആലിയ ഏറെ നിരൂപകപ്രശംസ നേടുകയും ചെയ്തു. ബ്രഹ്മാസ്ത്ര, ഡാർലിംഗ്സ്, റോക്കി ഔർ റാണി കി പ്രേം കഹാനി തുടങ്ങിയവയാണ് ഇനി റിലീസിനൊരുങ്ങുന്ന ആലിയ ചിത്രങ്ങൾ.
2022 ഏപ്രിൽ 14നായിരുന്നു ആലിയയും രൺബീർ കപൂറും തമ്മിലുള്ള വിവാഹം. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും.