കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്ത ഹൃത്വിക് റോഷന് ട്വിറ്ററിൽ ട്രോൾ വർഷം. ഫിറ്റ്നസ് രഹസ്യം വീഡിയോ ആയി പകർത്തി പോസ്റ്റ് ചെയ്യാനാണ് കേന്ദ്രമന്ത്രി വെല്ലുവിളിച്ചത്. വിരാട് കോഹ്‌ലി, സൈന നെഹ്‌വാൾ, ഹൃത്വിക് റോഷൻ എന്നീ മൂന്നുപേരെയാണ് മന്ത്രി വെല്ലുവിളിച്ചത്.

കേന്ദ്രമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത വിരാട് കോഹ്‌ലി വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്തു. തുടര്‍ ‘സ്‌പൈഡര്‍ പ്ലാങ്കാണ്’ കോഹ്‌ലി ചെയ്തത്. ഇരു കൈമുട്ടുകളും നിലത്ത് കുത്തി കാലുകള്‍ മുകളിലേക്ക് ചലിപ്പിക്കുന്ന വ്യായാമമാണ് സ്‌പൈഡര്‍ പ്ലാങ്ക്. റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി മറ്റ് മൂന്നു പേരെ വെല്ലുവിളിക്കുകയും ചെയ്തു. തന്റെ ഭാര്യ അനുഷ്ക ശര്‍മ്മ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സഹതാരം മഹേന്ദ്ര സിങ് ധോണി എന്നിവരെയാണ് കോഹ്‌ലി ഫിറ്റ്നസ് വീഡിയോ തയ്യാറാക്കാന്‍ വെല്ലുവിളിച്ചത്.

കോഹ്‌ലിയുടെ ഫിറ്റ്നസ് വീഡിയോയെ ആരാധകർ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. എന്നാൽ ഹൃത്വിക് റോഷന്റെ വീഡിയോയ്ക്ക് ട്വിറ്ററിൽ നിറഞ്ഞത് നിറയെ ട്രോളുകളാണ്. മുംബൈയിലെ തിരക്കേറിയ പാതയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്ന വീഡിയോ ഷൂട്ട് ചെയ്താണ് ഹൃത്വിക് വെല്ലുവിളി ഏറ്റെടുത്തത്.

”ട്രാഫിക്കിൽനിന്നും രക്ഷപ്പെടാനുളള എളുപ്പ മാർഗം സൈക്കിളിൽ യാത്ര ചെയ്യുന്നതാണ്. ദിവസവും ഞാൻ ഓഫിസിൽ പോകുന്നത് ഇങ്ങനെയാണ്. കാറിൽ യാത്ര ചെയ്ത് ഓഫിസിൽ പോകുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. നടന്നോ സൈക്കിളിൽ യാത്ര ചെയ്തോ പോകുന്നതോ ആണ് നല്ലത്” വീഡിയോ പോസ്റ്റ് ചെയ്തതിനൊപ്പം ഹൃത്വിക് കുറിച്ചു.

വീഡിയോ പോസ്റ്റ് ചെയ്തതിനൊപ്പം തന്റെ മാതാപിതാക്കളായ രാകേഷ്, പിങ്കി റോഷൻ, സുഹൃത്തുക്കളായ ടൈഗർ ഷറോഫ്, കുണാൽ കപൂർ എന്നിവരെ വെല്ലുവിളിക്കുകയും ചെയ്തു.

പക്ഷേ, ഹൃത്വിക്കിന്റെ വീഡിയോ തെറ്റായ സന്ദേശം നൽകുന്നതെന്നാണ് ട്വിറ്ററിൽ ഉയർന്ന അഭിപ്രായം. സൈക്കിളിൽ സെൽഫി പകർത്തിയത് ശരിയല്ലെന്നും ഇത് അപകടം ഉണ്ടാക്കുമെന്നും, മാത്രമല്ല ഹൃത്വിക് ഹെൽമെറ്റ് ധരിക്കാതെയാണ് സൈക്കിളിൽ യാത്ര ചെയ്തതെന്നുമാണ് ഉയരുന്ന വിമർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook