ഹൃത്വിക് റോഷനൊപ്പം ഡിന്നറിന് എത്തിയ അജ്ഞാത സുന്ദരി ആരെന്ന് തിരയുകയാണ് ആരാധകർ. വെള്ളിയാഴ്ച രാത്രിയാണ് മുംബൈയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ ഹൃത്വിക് റോഷൻ ഒരു പെൺകുട്ടിക്കൊപ്പം എത്തിയത്. പെൺകുട്ടിയുടെ കൈപിടിച്ച് റസ്റ്ററന്റിനു പുറത്തേക്കുവരുന്ന ഹൃത്വിക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മാസ്ക് ധരിച്ചിരുന്നതിനാൽ പെൺകുട്ടി ആരാണെന്നു വ്യക്തമല്ല.
റസ്റ്ററന്റിനു പുറത്തേക്കു വരുന്ന ഹൃത്വിക് ഫൊട്ടോഗ്രാഫർമാരെ ശ്രദ്ധിക്കാതെ പെൺകുട്ടിയുടെ കൈപിടിച്ച് കാറിനടുത്തേക്ക് പോകുന്നത് കാണാം. പെൺകുട്ടിയെ ആദ്യം കാറിൽ കയറ്റിയശേഷം പിന്നാലെ ഹൃത്വിക്കും കയറുകയായിരുന്നു. റസ്റ്ററന്റിൽനിന്നും ഇറങ്ങി കാറിൽ കയറുന്നതുവരെ പെൺകുട്ടിയുടെ കൈ ഹൃത്വിക് വിട്ടിരുന്നില്ല.
വീഡിയോ കണ്ടവരെല്ലാം പെൺകുട്ടി ആരെന്ന ചോദ്യം ഉയർത്തുന്നുണ്ട്. ചിലർ ഹൃത്വിക്കിന്റെ പുതിയ കാമുകിയാണോ ഇതെന്ന ചോദ്യവും കമന്റ് ബോക്സിൽ ചോദിച്ചിട്ടുണ്ട്. ഹൃത്വിക്കിനൊപ്പമുള്ളത് യുവനടി സബ ആസാദ് ആണെന്നാണ് ചിലരുടെ കണ്ടെത്തൽ. സുശാന്ത് സിങ് നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. 2011 ൽ പുറത്തിറങ്ങിയ മുച്ഛേ ഫ്രണ്ട്ഷിപ് കരോംഗേ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സൂസെയ്ൻ ഖാനുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായാണ് ഹൃത്വിക് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. 2000 ലാണ് ഹൃത്വിക്കും സൂസെയ്നും വിവാഹിതരാവുന്നത്. 2014 ൽ ഇരുവരും വിവാഹമോചിതരായി. ഇവർക്ക് ഹൃതാൻ, ഹൃഹാൻ എന്നീ രണ്ടു മക്കളുണ്ട്. സൂസെയ്ന്‍ ഖാന്‍ മുൻ ബിഗ് ബോസ് മത്സരാർഥിയായ അലി ഗോണിയുടെ സഹോദരനായ അർസ്‌ലന്‍ ഗോണിയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്ഷൻ ത്രില്ലർ സിനിമയായ ‘വാര്‍’ ആണ് ഹൃത്വിക് റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക് ഇപ്പോൾ അഭിനയിക്കുന്നത്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിക്കുന്നത്. ദീപിക പദുക്കോണിനൊപ്പം ആദ്യമായി ഹൃത്വിക് അഭിനയിക്കുന്ന ആക്ഷൻ സിനിമയും അണിയറില്‍ ഒരുങ്ങുന്നുണ്ട്.