ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ‘കഹോ ന പ്യാർ ഹെ’യിലൂടെ നൂറുകണക്കിന് ആരാധികമാരുടെ ഹൃദയം കീഴടക്കിയ നടനാണ് ഹൃത്വിക് റോഷൻ. ചിത്രം ബോളിവുഡിൽ സൂപ്പർ ഹിറ്റായതിനൊപ്പം ഹൃത്വിക്കിന്റെ ആരാധികമാരുടെ എണ്ണവും കൂടി. ചിത്രം പുറത്തിറങ്ങിയശേഷം ഓരോ ദിവസവും ആയിരത്തോളം വിവാഹ അഭ്യർഥനകൾ എത്തിയിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ഹൃത്വിക് റോഷൻ. കപിൽ ശർമ്മ അവതാരകനായ ‘ദി കപിൽ ശർമ്മ ഷോ’യിൽ അതിഥിയായെത്തിയപ്പോഴാണ് ഹൃത്വിക് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മുംബൈ മിററാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.

Read Also: ഹൃത്വിക് റോഷനെ അല്ലാതെ വേറെ ആരേയും സിനിമയില്‍ ചുംബിക്കില്ല: തമന്ന

തിയേറ്ററിൽ സിനിമ ഹിറ്റായതോടെ 30,000 ലധികം വിവാഹ അഭ്യർഥനകൾ വന്നുവെന്നാണ് ഹൃത്വിക് ഷോയിൽ പറഞ്ഞത്. 2000 ലാണ് ‘കഹോ ന പ്യാർ ഹെ’ സിനിമ റിലീസായത്. അതേ വർഷമാണ് സൂസന്ന ഖാനെ ഹൃത്വിക് റോഷൻ വിവാഹം കഴിച്ചത്. 14 വർഷത്തെ വിവാഹ ജീവിതത്തിനുശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരായി.

ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ് ‘കഹോ ന പ്യാർ ഹെ’യുടെ സംവിധായകൻ. ഹൃത്വിക്കും അമീഷ പട്ടേലുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇരട്ട വേഷമായിരുന്നു ഹൃത്വിക്കിന്. പ്രണയമായിരുന്നു ചിത്രത്തിലെ പ്രമേയം. 2000 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ ചിത്രമാണ് ‘കഹോ ന പ്യാർ ഹെ’. 92 അവാർഡുകളും ചിത്രം നേടിയെടുത്തു. ഒരു വർഷത്തിൽ ഏറ്റവും അധികം അവാർഡുകൾ നേടുന്ന ചിത്രമെന്ന ഗിന്നസ് റെക്കോർഡും ചിത്രം നേടിയെടുത്തു.

സിദ്ധാർഥ് ആനന്ദിന്റെ ‘വാർ’ ചിത്രമാണ് ഹൃത്വിക്കിന്റേതായി റിലീസിനൊരുങ്ങുന്നത്. ജാക്കി ഷറഫാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ‘ജയ് ജയ് ശിവശങ്കര്‍’ വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൃത്വിക്കിന്റെയും ജാക്കി ഷറഫിന്റെയും ഡാൻസ് വിസ്മയിപ്പിക്കുന്നതാണ്. ഒക്ടോബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുക.

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് റോഷൻ ഒന്നാം സ്ഥാനത്തെത്തിയത് വാർത്തയായിരുന്നു. വേള്‍ഡ്സ് ടോപ്മോസ്റ്റ് ഡോട്ട്കോം എന്ന രാജ്യാന്തര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃത്വിക് ഒന്നാമതെത്തിയത്. റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍, ഹെന്റി കാവില്‍ അടക്കമുളള ഹോളിവുഡ് താരങ്ങളെയാണ് ഹൃത്വിക് പിന്നിലാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook