ഹൃത്വിക് റോഷനും സബ ആസാദും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരെയും ഒരുമിച്ച് ഇടയ്ക്കിടെ മുംബൈയിലെ റസ്റ്ററന്റിൽ കണ്ടതോടെയാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്. അടുത്തിടെ ഹൃത്വിക്കിന്റെ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങളും വൈറലായിരുന്നു.
സബ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പാട്ട് വീഡിയോയ്ക്ക് ഹൃത്വിക് നൽകിയ കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “വീട്ടിൽ അസുഖം ബാധിച്ചിരിക്കുമ്പോൾ പാടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ഞാൻ കുട്ടിയായിരിക്കുമ്പോൾ സത്യജിത് റേയുടെ ക്ലാസിക് ചിത്രം ‘ഗൂപ്പി ഗൈൻ ബാഗ ബൈനി’ലെ പാട്ടുകളടങ്ങിയ ഒരു കാസറ്റ് എന്റെ മാതാപിതാക്കൾ എനിക്കു തന്നു. ആ സമയത്ത് എനിക്ക് ബംഗ്ലാ ഭാഷ ഒട്ടും മനസ്സിലായില്ല, എന്നിരിക്കിലും അധികം വൈകാതെ അതെന്റെ പ്രിയപ്പെട്ട കാസറ്റായി. ആൽബത്തിലെ ഓരോ പാട്ടുകളുടെയും വരികൾ ഞാൻ പഠിച്ചു, ഒരു വാക്കിന്റെ പോലും അർത്ഥം മനസ്സിലാവാതെ തന്നെ… ( ഉച്ചാരണത്തിൽ തെറ്റുണ്ടാവും ക്ഷമിക്കുക),” പാടുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് സബാ കുറിച്ചു.
നിരവധി പേരാണ് സബയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. കൂട്ടത്തിൽ ഹൃത്വിക്കിന്റെ കമന്റ് ഇങ്ങനെയായിരുന്നു, “നീയൊരു അസാധാരണ മനുഷ്യനാണ്.” നിങ്ങളുമതേ, ഏറ്റവും ദയയുള്ളയാൾ എന്നാണ് ഹൃത്വികിന് സബയുടെ മറുപടി.
സുശാന്ത് സിങ് നായകനായ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. 2008 ൽ പുറത്തിറങ്ങിയ ദിൽ കബാഡി സിനിമയിലൂടെയാണ് സബ ബോളിവുഡിലേക്കെത്തുന്നത്. 2011 ൽ പുറത്തിറങ്ങിയ ‘മുച്ഛേ ഫ്രണ്ട്ഷിപ് കരോംഗേ’ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സ് ആന്തോളജി ‘ഫീൽസ് ലൈക്ക് ഇഷ്കി’ൽ സബ അഭിനയിച്ചിരുന്നു. സോണിലൈവിൽ സ്ട്രീമിങ് ചെയ്യുന്ന ‘റോക്കറ്റ് ബോയ്സ്’ എന്ന വെബ് സീരീസിലാണ് സബ ഇപ്പോൾ അഭിനയിക്കുന്നത്.
സൂസെയ്ൻ ഖാനുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായാണ് ഹൃത്വിക് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. 2000 ലാണ് ഹൃത്വിക്കും സൂസെയ്നും വിവാഹിതരാവുന്നത്. 2014 ൽ ഇരുവരും വിവാഹമോചിതരായി. ഇവർക്ക് ഹൃതാൻ, ഹൃഹാൻ എന്നീ രണ്ടു മക്കളുണ്ട്.
Read more: ഹൃത്വിക് റോഷനും കുടുംബത്തിനുമൊപ്പം അവധി ദിനം ആഘോഷിച്ച് സബ