ബോളിവുഡ് താരം സൊനാലി ബേന്ദ്രയ്ക്ക് അര്‍ബുദമാണെന്ന വാര്‍ത്ത വളരെയധികം ഞെട്ടലോടെയാണ് ഇന്ത്യന്‍ സിനിമാലോകം കേട്ടത്. സൊനാലി തന്നെയാണ് തന്റെ അസുഖ വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലിരിക്കുന്ന തനിക്ക് സുഹൃത്തുക്കളും കുടുംബവും നല്‍കുന്ന പിന്തുണ വളരെ വലുതാണെന്ന് സൊനാലി പറഞ്ഞിരുന്നു. തന്റെ പന്ത്രണ്ടു വയസുകാരനായ മകനോട് രോഗവിവരത്തെക്കുറിച്ച് തുറന്നു പറഞ്ഞ നിമിഷത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു സൊനാലി.

Read More: ശുഭാപ്‌തി വിശ്വാസത്തോടെ പോരാടുകയാണ് ഞാന്‍: അര്‍ബുദ ബാധയെക്കുറിച്ച് സൊനാലി ബെന്ദ്രേ

പന്ത്രണ്ടു വയസ്സുകാരനായ മകന്‍ തന്റെ അസുഖ വിവരം അറിഞ്ഞതില്‍ പിന്നെ മുതിര്‍ന്ന ഒരാളെപ്പോലെ തന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നു എന്നാണ് സൊനാലി കുറിച്ചത്.  അതിന് മറുപടിയായി ബോളിവുഡ് താരം ഹൃതിക് റോഷന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ പറയുന്നു.

“നിങ്ങളുടെ മകന്‍ ‘unique’ ആണ്. നിങ്ങളോ, നിങ്ങളുടെ ഭര്‍ത്താവ് ഗോള്‍ഡിയോ അതോ അവനോ, ഇതില്‍ ആരാണ് ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത് എന്ന് പറയാനാവുന്നില്ല സൊനാലി…”

ഹൃതിക് കൂടാതെ കരണ്‍ ജോഹര്‍, ഏക്താ കപൂര്‍, വരുണ്‍ ധാവന്‍ എന്നിവരും സൊനാലിയ്ക്ക് ശക്തി പകര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ അയച്ചു.

Sonali Bendre Comments

Sonali Bendre Comments

തന്നെ ‘ബിഗ്‌ സി’ പിടികൂടി എന്ന വിവരം മകനോട്‌ പറഞ്ഞ നിമിഷം സൊനാലി ഇങ്ങനെ ഓര്‍ത്തെടുത്തു.

“പന്ത്രണ്ടു വര്‍ഷം, 11 മാസം, എട്ടു ദിവസം മുമ്പ് അവന്‍ ജനിച്ച ആ നിമിഷം മുതല്‍ എന്റെ ഹൃദയത്തിന്റെ ഉടമയാണ് എന്റെ മകന്‍. അന്നു മുതല്‍ ഞാനും ഭര്‍ത്താവ് ഗോള്‍ഡിയും ചെയ്യുന്ന എല്ലാത്തിന്റെയും അടിസ്ഥാനം അവന്റെ സന്തോഷവും സൗഖ്യവുമായിരുന്നു. അസുഖ ബാധിതയായപ്പോള്‍ മുതല്‍ അവനോട് എന്തു പറയും എങ്ങനെ പറയും എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവുമധികം കുഴക്കിയയത്.

അവനെ സംരക്ഷിക്കുക എന്നത് എത്ര പ്രധാനമാണോ അത്ര തന്നെ പ്രധാനമായിരുന്നു അവന്‍ സത്യം അറിയുക എന്നതും. അവനോട് എപ്പോഴും ഞങ്ങള്‍ എല്ലാം തുറന്നു പറയുകയും സത്യസന്ധത കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലും മറിച്ചു ചെയ്യണമെന്നു തോന്നിയില്ല. അവന്‍ വളരെ പക്വമായി തന്നെ കാര്യങ്ങളെ മനസിലാക്കി എന്നു മാത്രമല്ല, എനിക്ക് കൂടുതല്‍ പോസിറ്റിവിറ്റിയും ഊര്‍ജവും നല്‍കാനും അവന് സാധിക്കുന്നുണ്ട്. പലപ്പോഴും അവന്‍ എനിക്ക് രക്ഷിതാവാകുന്നു. എല്ലാ കാര്യങ്ങളും എന്നെ ഓര്‍മിപ്പിക്കുന്നു”.

Read More: ജീവിതത്തോട് ‘ചിയേഴ്‌സ്’ പറയാന്‍ സൊനാലി ബെന്ദ്രേ; മുടി മുറിച്ചപ്പോള്‍ ഇറ്റിയ കണ്ണീരിനെ പുഞ്ചിരിയാക്കി മാറ്റി നടി

ഇത്തരം പ്രതിസന്ധികള്‍ കുട്ടികളെ അറിയിക്കുന്നത് അത്യാവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും സൊനാലി കുറിച്ചു.

“അവരെ ഒഴിവാക്കുന്നു എന്ന് തോന്നിയാല്‍ അവര്‍ നമ്മില്‍ നിന്നും അകന്നു തുടങ്ങും. അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് ശ്രമിക്കേണ്ടത്. അറിഞ്ഞുകൊണ്ട് അവരോട് ഒന്നും മറച്ചുവയ്‌ക്കേണ്ട കാര്യമില്ല. അവരെ വിഷമിപ്പിക്കാതിരിക്കാന്‍ നാം പലപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ അറിയിക്കാറില്ല”, മകന്‍ രണ്‍വീറിനൊപ്പമാണ് താനിപ്പോള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നതെന്നും അവന്റെ കുട്ടിക്കളികളും കുസൃതികളും ആശ്വാസം പകരുന്നതോടൊപ്പം തങ്ങള്‍ അന്യോന്യം ശക്തി പകരുന്നുവെന്നും സൊനാലി കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook