ജിതിൻ ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ടൊവിനോ തോമസ് ചിത്രമാണ് ‘അജയ്യന്റെ രണ്ടാം മോഷണം.’ പിരീഡ് ആക്ഷൻ ത്രില്ലർ ഴോണറിലുള്ള ചിത്രത്തിൽ ടൊവിനോ മൂന്നു വേഷത്തിലായിരിക്കുമെത്തുക. അജൻ, മണിയൻ, കുഞ്ഞികേളു എന്നിവയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. വിവിധ ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യാഴാഴ്ച്ച നടത്തിയ ഒരു പ്രഖ്യാപനമാണ് പ്രേക്ഷകരെ ആകാംക്ഷയിലാക്കിയത്.
വെള്ളിയാഴ്ച്ച വൈകീട്ട് 7 ന് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. മലയാളത്തിൽ നിന്ന് പൃഥ്വിരാജാണ് ടീസർ റിലീസ് ചെയ്യുക. അതുപോലെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലെ ടീസർ പ്രമുഖ നടന്മാർ റിലീസ് ചെയ്യും. ഹിന്ദിയിൽ നിന്ന് ഹൃതിക്ക് റോഷനും തെലുങ്കിൽ നിന്ന് നാനിയുമെത്തുമ്പോൾ കന്നഡയിൽ നിന്ന് രക്ഷിത് ഷെട്ടിയായിരിക്കും റിലീസ് ചെയ്യുക. തമിഴിൽ നിന്ന് നടൻ ആര്യയും സംവിധായകൻ ലോകേഷുമായിരിക്കും നിർവഹിക്കുക.
ഹൃതിക്ക് റോഷന്റെ പേര് കണ്ടപ്പോഴാണ് പ്രേക്ഷകർ ആഹ്ളാദത്തിലായത്. ടൊവിനോയ്ക്ക് അങ്ങ് ബോളിവുഡിലും ഉണ്ടെടാ പിടിയെന്നാണ് ആരാധകർ കമന്റ് ബോക്സിൽ പറയുന്നത്. തീരെ പ്രതീക്ഷിച്ചില്ല ടോവിനോ ചേട്ടാ, എന്റെ മോനേ ഹൃതിക്ക് റോഷനോ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സുജിത്ത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ എഡിറ്റിങ്ങ് ഷമീർ മുഹമ്മദ് എന്നിവർ നിർവഹിക്കുന്നു.