ഹൃത്വിക് റോഷനും സബ ആസാദും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരെയും ഒരുമിച്ച് ഇടയ്ക്കിടെ മുംബൈയിലെ റസ്റ്റോറന്റിൽ കണ്ടതോടെയാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്. അടുത്തിടെ ഹൃത്വിക്കിന്റെ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങളും വൈറലായിരുന്നു.
ഹൃത്വിക് റോഷൻ, സബ എന്നിവർക്കൊപ്പം ഹൃത്വിക്കിന്റെ മുൻഭാര്യ സൂസെയ്ൻ ഖാനും സൂസെയ്ന്റെ കാമുകൻ അർസ്ലാനും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സൂസെയ്ൻ ഖാന്റെ പുതിയ ഹോട്ടലിന്റെ ഉദ്ഘാടത്തിന് കാമുകി സബയ്ക്ക് ഒപ്പം എത്തിയതായിരുന്നു ഹൃത്വിക് റോഷൻ.
ഗോവയിലാണ് സൂസെയ്ൻ ഖാൻ പുതിയ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. വിട്രോ എന്നാണ് ഹോട്ടലിനു പേരു നൽകിയിരിക്കുന്നത്. ഹോട്ടൽ ലോഞ്ചിൽ നിന്നുള്ള ചിത്രങ്ങളും സൂസെയ്ൻ ഖാൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
നടൻ അര്‍സ്ലാന്‍ ഗോണിയുമായി തന്റെ പ്രണയം സൂസെയ്ൻ നേരത്തേ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമാക്കിയിരുന്നു. ഇരുവരും ഒന്നിച്ചു വിമാനത്താവളത്തിൽ നിന്നും ഇറങ്ങി വരുന്ന വിഡിയോയും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
2000 ലാണ് ഹൃത്വിക്കും സൂസെയ്നും വിവാഹിതരായത്. 2014 ൽ ഇരുവരും നിയമപരമായി വിവാഹമോചനം നേടി. ഇവർക്ക് ഹൃതാൻ, ഹൃഹാൻ എന്നീ രണ്ടു മക്കളുണ്ട്. വിവാഹ മോചനത്തിനു ശേഷവും നല്ല സൗഹൃദം സൂക്ഷിക്കുന്ന ഇരുവരും ലോക്ക്ഡൗൺ സമയത്ത് കുട്ടികൾക്കു വേണ്ടി ഇടയ്ക്ക് ഒന്നിച്ചതും വാർത്തയായിരുന്നു.