മീ ടൂ ക്യാമ്പയിന് ബോളിവുഡിനെ പിടിച്ചുലയ്ക്കുകയാണ്. തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലോടെയാണ് തുറന്നു പറച്ചിലുകള്‍ ആരംഭിക്കുന്നത്. ഏറ്റവും ഒടുവിലായി ആരോപണം ഉയര്‍ന്നിരിക്കുന്നത് ക്വീന്‍ സിനിമയുടെ സംവിധായകനായ വികാസ് ബേലിനെതിരായണ്.
മുന്‍ സഹപ്രവര്‍ത്തകയും നടിമാരുമടക്കം വികാസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംവിധായകനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഹൃത്വിക് റോഷന്. തന്റെ പുതിയ സിനിമയുടെ സംവിധായകനായ വികാസിനെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്താക്കണമെന്നാണ് ഹൃത്വിക് പറയുന്നത്.
”ഇത്ര ഹീനമായ കുറ്റം ചെയ്ത വ്യക്തിയോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ നാട്ടിലില്ല. അതുകൊണ്ട് തന്നെ എനിക്ക് ലഭിക്കാവുന്നത് പരിമിതമായ വിവരമാണ്. വിഷയത്തിലെ വസ്തുത പരിശോധിച്ച് ആവശ്യമെങ്കില്‍ കടുത്ത നടപടി തന്നെ എടുക്കണമെന്ന് സൂപ്പര്‍ 30യുടെ നിര്‍മ്മാതക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തള്ളിക്കളായാനാകില്ല. കുറ്റവാളികളെന്ന് തെളിയിക്കപ്പെടുന്നവരെല്ലാം ശിക്ഷിക്കപ്പെടണം. ഇരകളെ ശാക്തീകരിക്കണം, തുറന്നു പറയാനുള്ള കരുത്ത് പകരണം” എന്നായിരുന്നു ഹൃത്വികിന്റെ ട്വീറ്റ്.
വികാസ് ബേലിനെതിരെ ലൈംഗിക അതിക്രമ ആരോപണമുയര്‍ത്തിയ യുവതിയോട് മാപ്പ് ചോദിച്ച് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അനുരാഗും വികാസും ഭാഗമായ ഫാന്റം ഫിലിംസിലെ ജോലിക്കാരിയായിരുന്ന യുവതിയാണ് വികാസിനെതിരെ ആരോപണമുന്നയിച്ചത്. കഴിഞ്ഞ ദിവസമാണ് ഫാന്റം ഫിലിംസ് പിരിയുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.
വികാസിനെതിരെ, സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ നടപടിയെടുത്തിരുന്നുവെന്നും അന്ന് തനിക്ക് ചെയ്യാവുന്നതിന് പരിമിതികളുണ്ടായിരുന്നുവെന്നും കശ്യപ് പറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് അനുരാഗ് തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഹഫിങ്ടണ്‍ പോസ്റ്റിലെഴുതിയ ആര്‍ട്ടിക്കിളിലായിരുന്നു യുവതി വികാസിനെതിരെ ആരോപണമുന്നയിച്ചത്. ഇതിന് പിന്നാലെ ഇന്നലെയാണ് ഫാന്റം ഫിലിംസ് അവസാനിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതും.
അനുരാഗിന് പിന്നാലെ ഫാന്റം ഫിലിംസിന്റെ ഭാഗമായിരുന്ന അനുരാഗും മധു മാന്റേനയും യുവതിയോട് മാപ്പ് ചോദിച്ച് രംഗത്തെത്തി. 2017 ല്‍ അനുരാഗ് പറയുമ്പോഴാണ് സംഭവത്തെ കുറിച്ച് അറിയുന്നതെന്നും ആര്‍ട്ടിക്കിളില്‍ പറയുന്ന കാര്യങ്ങളെല്ലാം അതേപടി യുവതി തങ്ങളോട് മൂന്ന് പേരോടുമായി പറഞ്ഞിരുന്നുവെന്നും വിക്രമാദിത്യ പറയുന്നു. സംഭവം തങ്ങളെ ഉലച്ചു കളഞ്ഞെന്നും വികാസിനെ ദീര്‍ഘനാളത്തേക്ക് കമ്പനിയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നുവെന്നും വിക്രമാദിത്യ പറഞ്ഞു.
— Hrithik Roshan (@iHrithik) October 8, 2018