ഇന്നലെ അന്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ച മലയാളത്തിന്‍റെ പ്രിയ താരം മോഹന്‍ലാലിനെ തേടി ഒരു പിറന്നാള്‍ ആശംസയെത്തി. ബോളിവുഡ് താരം ഹൃതിക് റോഷന്‍റെയായിരുന്നു അത്.

“പ്രിയപ്പെട്ട മോഹന്‍ലാല്‍ സര്‍, സന്തോഷ ജന്മദിനം ആശംസിക്കുന്നു, സ്നേഹം” എന്നാണ് ഹൃതിക് തന്‍റെ ട്വിറ്റെറില്‍ കുറിച്ചത്. ലാലേട്ടന്‍റെ ജന്മദിനമായ മെയ്‌ 21 ന് അതിരാവിലെ നാല് മണിയ്ക്കാണ് ഹൃതിക് ട്വിറ്റെറില്‍ ഇത് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Hrithik Roshan wishes Mohanlal on his Birthday

“നന്ദി ഹൃതിക്, അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ” എന്ന് മോഹന്‍ലാലും ഹൃതികിനെ അറിയിച്ചു.

ജനുവരി 10ന് ഹൃതിക് റോഷന്‍ പിറന്നാള്‍ സമയത്തും ഇവര്‍ തമ്മില്‍ ഇത് പോലെ ട്വിറ്റെറില്‍ ആശംസകള്‍ കൈമാറിയിരുന്നു. അത് മുതല്‍ ആരാധകര്‍ക്കുള്ള സംശയം ഇപ്പോള്‍ ബലപ്പെട്ടിരിക്കുകയാണ്.

Mohanlal thanks Hrithik Roshan for his Birthday Wishes

മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ഭീമസേനനെ അവതരിപ്പിക്കുന്ന ‘മഹാഭാരതം’ എന്ന ചിത്രത്തില്‍ കൃഷ്നായി എത്തുന്നത്‌ ഹൃതിക് റോഷന്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ അടിസ്ഥാനം ‘മഹാഭാരത’ത്തിനു വേണ്ടി അവര്‍ ഒരുമിക്കുന്നു എന്നതാണ് എന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്.

1000 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമയാണ് ‘മഹാഭാരതം’ സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോന്‍ ആണ്. എം.ടി.വാസുദേവൻ നായരുടെ ‘രണ്ടാമൂഴത്തെ’ ആസ്പദമാക്കി എടുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ തിരക്കഥ എംടിയുടെ തന്നെയാണ്.

മോഹൻലാൽ ഭീമനാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിലെ മറ്റുതാരങ്ങളെക്കുറിച്ച് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നില്ല. തെലുങ്ക് സൂപ്പർ താരം നാഗാർജുനയാകും കർണൻ ആയി എത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് താനുമായി ചർച്ച നടത്തിയതായി 58 കാരനായ നാഗാർജുന ഒരു പ്രമുഖ ദിനപത്രത്തോട് പറഞ്ഞിരുന്നു. ചർച്ചകൾ മാത്രമാണ് നടന്നതെന്നും പക്ഷേ അന്തിമ തീരുമാനം ആയിട്ടില്ലെന്നും നാഗാർജുന വ്യക്തമാക്കി.

Shrikumar Menon and B R Shetty Announcing Mahabharatam

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് മഹാഭാരതം ഒരുങ്ങുന്നത്. പ്രമുഖ പ്രവാസി വ്യവസായി ബി.ആർ.ഷെട്ടിയാണ് ചിത്രത്തിന്റെ നിർമാതാവ്. 2018 സെപ്റ്റംബറോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീലങ്ക, മുംബൈ, രാജസ്ഥാൻ, കേരളം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി നാല് മാസത്തിന്ശേഷം രണ്ടാം ഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ പുറത്തിറങ്ങും.

2017ല്‍ ഹൃതിക് നായകനായി അഭിനയിച്ച ‘കാബില്‍’ എന്ന ചിത്രത്തിന്‍റെ കേരള വിതരണാവകാശം ആന്റണി പെരുമ്പാവൂറിന്‍റെ ഉടമസ്ഥതയിലുള്ള മാക്സ് ലാബ്‌ സിനിമാസ് ആയിരുന്നു. മോഹന്‍ലാലുമായുള്ള അടുപ്പമാണ് ഇതിനു കാരണമായത്‌ എന്നും കരുതപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook