പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിൽ പ്രേക്ഷകർ ശ്രദ്ധിച്ച ഒരു ഇടത്തെക്കുറിച്ച് പറയുകയാണ് വീനീത്. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഒരു ചായക്കടയെക്കുറിച്ചാണ് വിനീത് പറയുന്നത്.
ചിത്രത്തിൽ അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന് പലരും തന്നോട് ചോദിച്ചെന്ന് പറഞ്ഞാണ് വിനീത് ആ ചായക്കടയെക്കുറിച്ച് പറയുന്നത്. കട എവിടെ ആണെന്നും ആരാണ് ആ കട തനിക്ക് പരിചയപ്പെടുത്തിത്തന്നതെന്നും വിനീത് പറയുന്നു.
പാലക്കാട് ജില്ലയിലെ എടച്ചിറ എന്ന സ്ഥലത്തെ അയ്യപ്പേട്ടൻ എന്നയാളുടെ കടയാണ് അതെന്നാണ് വിനിത് പറയുന്നത്. അവിടെ നിന്ന് ഏത് ഭക്ഷണം കഴിച്ചാലും നന്നാവുമെന്നും അത്രക്കും കൈപ്പുണ്യമാണെന്നും വിനീത് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
“ഹൃദയം കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്,” വിനീത് കുറിച്ചു.
“കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ് ,” വിനീത് കൂട്ടിച്ചേർത്തു.
പ്രണവ് മോഹന്‍ലാല്‍ ദര്‍ശനാ രാജേന്ദ്രന്, കല്യാണി പ്രിയദര്ശന്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ സിനിമയാണ് ഹൃദയം. ജനുവരി 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ കലാലയ ജീവിതം മുതൽ അയാൾ അച്ഛനാവുന്നത് വരെയുള്ള കഥയാണ് വിനീത് വളരെ ലീനിയറായി ‘ഹൃദയ’ത്തിൽ പറയുന്നത്.
Also Read: അവസാനം അത് കണ്ടു, പറയാൻ വാക്കുകളില്ല; ‘ഹൃദയം’ ടീമിനെ അഭിനന്ദിച്ച് വിസ്മയ മോഹൻലാൽ