പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ പ്രണവിന്റെ കഥാപാത്രം, അരുണിന്റെ സുഹൃത്തായി എത്തുന്ന ആന്റണി താടിക്കാരനും പ്രേക്ഷകരുടെ ശ്രദ്ധനേടി കഴിഞ്ഞു. അശ്വത്ത് ലാൽ എന്ന പുതുമുഖ നടനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
എന്തിനും ഏതിനും അരുണിനൊപ്പം ഉണ്ടാകുന്ന ആളാണ് ചിത്രത്തിൽ ആന്റണി താടിക്കാരൻ. അതുകൊണ്ട് തന്നെ പ്രണവിനൊപ്പം ഒരുപാട് കോമ്പിനേഷൻ രംഗങ്ങളും അശ്വത്തിന് ഉണ്ടായിരുന്നു. ഇതെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പ്രണവിനൊപ്പം ആദ്യ രംഗം ചെയ്തപ്പോഴുള്ള അനുഭവം പറയുകയാണ് അശ്വത്ത്. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് അശ്വത്തിന്റെ പ്രതികരണം.
“ഷൂട്ടിന്റെ ആദ്യദിവസമാണ് എന്റെ പൊസിഷൻ നൽകി ഇരുത്തി. അടുത്ത് അപ്പുവിനും (പ്രണവ്) പൊസിഷൻ നൽകി ഇരുത്തി. അപ്പോ സംസാരിച്ച് തുടങ്ങാമെന്ന് ഞാന്‍ വിചാരിച്ചു. ഒരു ഇമ്പ്രഷൻ ഒക്കെ പിടിച്ചുപറ്റണമല്ലോ, ഞാൻ പറഞ്ഞു, ‘അപ്പു, ഞാന്‍ ആദ്യമായിട്ടാ സിനിമ, എനിക്ക് ഇതിന്റെ പരിപാടികള്‍ ഒന്നും നന്നായിട്ട് അറിയില്ല. നമ്മള്‍ തമ്മില്‍ ഒരുപാട് സീന്‍സ് ഉണ്ട്. ദേഷ്യപ്പെടുന്നതയൊക്കെ ഉണ്ട്. ഞാന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും അണ്‍കംഫര്‍ട്ടബിള്‍ ആയി അപ്പുവിന് ഫീല്‍ ചെയ്താൽ അതെന്നോട് തുറന്നു പറയണം. ഞാന്‍ അത് മാറ്റിക്കോളം, അപ്പുവിന് ഒരു ബുദ്ധിമുട്ടുണ്ടാകരുത്’ എന്ന്.. ഇത് പറഞ്ഞു കഴിയുമ്പോള്‍ വരെ, ‘അത് കുഴപ്പമില്ലെടാ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ പറയാം’ എന്നൊരു മറുപടിയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ‘ആ’ എന്ന് മാത്രം പറഞ്ഞിട്ട് അപ്പു തിരിഞ്ഞ് ഇരുന്നു,”
“ഞാനും അങ് തിരിഞ്ഞിരുന്നു. ഈശ്വരാ ഞാൻ എന്തിനിത് പറഞ്ഞു. ഒന്നും പറയണ്ടായിരുന്നു. വിനീതേട്ടന്‍ പറയുന്നത് ചെയ്തിട്ട് അങ്ങ് പോയാല്‍ മതിയാരുന്നു എന്നൊക്കെ ചിന്തിച്ചു. അപ്പോള്‍ അപ്പു എന്നെ തോണ്ടിയിട്ട് പറഞ്ഞു ‘എനിക്കും ഈ പരിപാടി വലുതായിട്ട് അറിയില്ല. ഞാന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും അണ്‍കംഫര്‍ട്ട് ആയിട്ട് നിനക്ക് ഫീല്‍ ചെയ്യുകയാണെങ്കില്‍ നീ എന്നോട് പറയണെ’. ഇത് കേട്ട് ഞാൻ ആ മനുഷ്യനെ ഒന്ന് നോക്കി, എന്നിട്ട് തോളത്ത് കയ്യിട്ട് പറഞ്ഞു ”അളിയാ, നമ്മുക്ക് പൊളിക്കാട’ അവിടെ നിന്നാണ് ഞങ്ങൾ തുടങ്ങിയത്” അശ്വത്ത് പറഞ്ഞു.
ദര്‍ശനാ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന സിനിമ കൂടിയാണ് ഹൃദയം. ഈ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ഹൗസ് ഫുള്ളയാണ് പ്രദർശനം തുടരുന്നത്. മേരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രധാന്യം നല്‍കിയിട്ടുള്ള സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്.
Also Read: Hridayam movie review: പുതുമയില്ലാത്ത പ്രണയ-കാല്‍പ്പനികത; ‘ഹൃദയം’ റിവ്യൂ