മേയ് അഞ്ചിനാണ് സുധീർ മിശ്രയുടെ ഡ്രാമ ത്രില്ലറായ അഫ്‌വയും വിവാദ ചിത്രമായ ദി കേരള സ്റ്റോറിയും തിയേറ്ററുകളിലെത്തിയത്. രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന ഈ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് യാത്ര പരിശോധിക്കുമ്പോൾ നാടകീയതയ്ക്കും നിരാശയ്ക്കും ഒരുപോലെ സാക്ഷ്യം വഹിക്കുകയാണ് കണക്കുകൾ. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ടാക്സ് ഫ്രീയായി പ്രഖ്യാപിക്കപ്പെട്ട ദ കേരള സ്റ്റോറി അവസാനിക്കാത്ത വിവാദങ്ങൾക്കൊപ്പം തന്നെ ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടി മുന്നേറുകയാണ്. അതേ സമയം, ഈ വർഷത്തെ ഏറ്റവും ധീരമായ ചിത്രമെന്ന് നിരൂപകരാൽ വിശേഷിപ്പിക്കപ്പെട്ട അഫ്‌വാ ബോക്സ് ഓഫീസിൽ വീണു പോവുന്ന കാഴ്ചയാണ് കാണുന്നത്.
അനുഭവ് സിൻഹയും ഭൂഷൺ കുമാറിന്റെ ടി-സീരീസും ചേർന്ന് നിർമ്മിച്ച സുധീർ മിശ്ര സംവിധാനം ചെയ്ത അഫ്‌വയ്ക്ക് ഇന്ത്യയിൽ കഷ്ടിച്ച് 60 സ്‌ക്രീനുകളാണ് ലഭിച്ചത്. നവാസുദ്ദീൻ സിദ്ദിഖിയും ഭൂമി പെഡ്‌നേക്കറും മാത്രമായിരുന്നു ചിത്രത്തിലെ ജനപ്രിയമായ താരങ്ങൾ. അതേസമയം, 1276 സ്ക്രീനുകളിൽ റിലീസ് ചെയ്ത ദ കേരള സ്റ്റോറി വാരാന്ത്യത്തോടെ 1500 സ്ക്രീനുകളിലേക്ക് വ്യാപിച്ചു. ബിജെപി സർക്കാരിൽ നിന്നും ലഭിച്ച പിന്തുണ കൂടിയായതോടെ ദ കേരള സ്റ്റോറി ബോക്സ് ഓഫീസിൽ കുതിച്ചു. ആദ്യദിവസം തന്നെ അഫ്‌വ തിയേറ്ററുകളിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
അഫ്‌വയുടെ ബോക്സ് ഓഫീസ് കണക്കുകൾ റിപ്പോർട്ട് ചെയ്യാൻ പോലും കഴിയാത്തത്ര തുച്ഛമാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ indianexpress.comനോട് പറഞ്ഞത്. മികച്ച കണ്ടന്റ് കാഴ്ച വച്ച അഫ്‌വയ്ക്ക് നേരെ തിയേറ്ററുകൾ കണ്ണടച്ചുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. മികച്ച നിരൂപണങ്ങൾ നേടിയ അഫ്‌വയ്ക്ക് ബോക്സ് ഓഫീസിൽ പിടിച്ചുകയറാനുള്ള അവസരം പോലും നൽകാതെയാണ് പല തിയേറ്ററുകളും സ്ക്രീനിംഗ് നിർത്തി കളഞ്ഞത്. സംവിധായകൻ അനുരാഗ് കശ്യപ് പോലുള്ളവർ പ്രേക്ഷകരെ അഫ്‌വ കാണാനായി ആഹ്വാനം ചെയ്തിരുന്നെങ്കിലും അപ്പോഴേക്കും ചിത്രം തിയേറ്ററുകളിൽ നിന്നും അപ്രത്യക്ഷമായിരുന്നു.
“അഫ്‌വയ്ക്ക് അത് അർഹിക്കുന്ന പരിഗണ നൽകിയില്ല. ഇതൊരു നല്ല സിനിമയാണെന്ന് മനസ്സിലായി, പക്ഷേ 60ൽ താഴെ സ്‌ക്രീനുകൾ മാത്രമേ ലഭിച്ചുള്ളൂ എന്നത് ഭീകരാവസ്ഥയാണ്. അതിലുപരിയായി, ഷോ യുടെ സമയക്രമവും തമാശയായിരുന്നു, അതിരാവിലെയോ ഉച്ചതിരിഞ്ഞോ രാത്രി വൈകിയോ ഒക്കെയായിരുന്നു ഷോയുടെ സമയം. സിനിമ പൊതുജനങ്ങൾക്ക് ആക്സസ് ചെയ്യാനാകുന്ന രീതിയിൽ ലഭ്യമാക്കണം,” ട്രേഡ് അനലിസ്റ്റുകളുടെ പ്രതിനിധി പറയുന്നു.
അഫ്‌വയ്ക്ക് മാന്യതയില്ലാത്ത റിലീസ് നൽകിയെന്ന ആരോപണങ്ങൾ നിലനിൽക്കെ, ഇതിനെ കുറിച്ച് സംസാരിക്കാൻ indianexpress.com സുധീർ മിശ്രയെ സമീപിച്ചു. കൂടുതൽ ആളുകൾ ബിഗ് സ്‌ക്രീനിൽ സിനിമ കാണണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് ചെറിയ സിനിമകൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ഏറെയാണെന്നുമായിരുന്നു സുധീർ മിശ്രയുടെ പ്രതികരണം. ഒടിടി റിലീസിലൂടെ വൈകാതെ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയും സുധീർ മിശ്ര പങ്കുവച്ചു.
“ആത്യന്തികമായി ഇത് ഒടിടിയിൽ വരാൻ പോകുന്നു, ചെറുതും കൂടുതൽ സ്വതന്ത്രവുമായ സിനിമകൾ പുറത്തിറങ്ങുന്നത് അത്തരം പ്രേക്ഷകരെ കൂടെ കണക്കിലെടുത്താണ്. ചില ആളുകൾ അത് കണ്ടേക്കാം. പത്രക്കാർക്ക് അവിടെ ചിത്രം കാണാനും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും കഴിയും. കൂടുതൽ ആളുകൾ ചിത്രം തിയേറ്ററുകളിൽ കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരുപാട് ആളുകൾ എന്നോട് ചോദിക്കുന്നുണ്ട്, എനിക്ക് അഫ്‌വ എവിടെ കാണാനാവുമെന്ന്. ‘ഒടിടിയിൽ,’ എന്ന് ഞാൻ മറുപടി നൽകി കൊണ്ടേയിരിക്കുന്നു,” സുധീർ മിശ്ര പറഞ്ഞു.
പാൻഡെമിക് സമയത്ത് സംഭവിച്ചതുപോലെ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ഇനി മുതൽ ഒടിടിയിലേക്ക് നേരിട്ട് സിനിമകൾ വാങ്ങില്ല എന്നതിനാലാണ് തിയേറ്ററിൽ ആദ്യം റിലീസ് ചെയ്യാം എന്ന നീക്കം. തീയേറ്റർ റിലീസിന് ശേഷം ചിത്രങ്ങൾ ഒടിടിയിലേക്ക് യോഗ്യത നേടാൻ ഏറ്റവും കുറഞ്ഞത് 25 സ്‌ക്രീനുകളിലെങ്കിലും പ്രദർശിപ്പിച്ചിരിക്കണം. വലിയ സ്‌ക്രീനിൽ അഫ്‌വ കാണാനുള്ള അവസരം പ്രേക്ഷകർ നഷ്ടപ്പെട്ടെങ്കിലും ഒടിടി റിലീസ് ആശ്വാസമാവുമെന്ന പ്രത്യാശയാണ് സുധീർ മിശ്ര പങ്കുവയ്ക്കുന്നത്.
അതേസമയം, ബോക്സ് ഓഫീസിൽ മാജിക് കാണിക്കാൻ തങ്ങളുടെ ചിത്രങ്ങൾക്ക് സാധിക്കില്ലെന്ന് ഉറപ്പുള്ള നിർമാതാക്കൾക്ക് ഒരു ഡംപിംഗ് ഗ്രൗണ്ടായി ഒടിടി മാറരുതെന്ന ലക്ഷ്യത്തോടെ ഒടിടി പ്ലാറ്റ്‌ഫോമുകളും അവരുടെ സ്ട്രാറ്റജികൾ പുനഃക്രമീകരിക്കുകയാണ്.
പുതിയ ഫിലിം സ്ട്രാറ്റജികളും റിലീസിന് ശേഷമുള്ള ഏറ്റെടുക്കലും അടഞ്ഞ വാതിലുകൾക്ക് പിന്നിൽ നടക്കുമ്പോൾ, പരാജയത്തിന്റെ ആഘാതം നേരിടുന്നവർ അഭിനേതാക്കളാണ്, അവർ സന്തുഷ്ടരല്ല. സിനിമ മേഖലകളിൽ നിന്നു വരുന്ന റിപ്പോർട്ടറുകൾ അനുസരിച്ച്, അഫ്‌വയുമായി ബന്ധപ്പെട്ട അഭിനേതാക്കൾക്ക് സിനിമയ്ക്ക് ഒരു നിശബ്ദമായ റിലീസ് ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ, സിനിമയുടെ പ്രമോഷനുകളിൽ നിന്നും പിൻതിരിയാൻ അതവരെ സ്വയം പ്രേരിപ്പിച്ചു. കാരണം, തങ്ങളുടെ തെറ്റല്ലെങ്കിൽ കൂടി ചിത്രത്തിന്റെ പരാജയം ഒടുവിൽ അഭിനേതാക്കളുടെ മേൽ ചാർത്തപ്പെടുമെന്ന് അവർക്ക് അറിയാമായിരുന്നു.
“സിനിമ നല്ലതായതുകൊണ്ടാണ് അവർ ഒപ്പിട്ടതെന്നതിൽ സംശയമില്ല, അവർ ആ ചിത്രത്തിൽ വിശ്വസിച്ചു. അഭിനേതാക്കളെന്ന നിലയിൽ അവർ അവരുടെ ജോലി ചെയ്തു; അപ്പോൾ നിർമ്മാതാക്കൾ ആ ചിത്രത്തിന് അത് അർഹിക്കുന്ന രീതിയിലുള്ള റിലീസ് നൽകേണ്ടതല്ലേ. മാന്യമായൊരു റിലീസ് മാത്രമാണ് അവർക്ക് വേണ്ടിയിരുന്നത്,” അഭിനേതാക്കളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.