തമിഴ്മക്കള്‍ ‘തല’ യുടെ പിറന്നാള്‍ ആഘോഷിക്കുകയാണ്. സിനിമയ്ക്കകത്തും പുറത്തുമുള്ളവര്‍ ഏറ്റവും മനോഹരങ്ങളായ വാക്കുകളിലൂടെയാണ് അദ്ദേഹത്തിന് ആശംസകള്‍ നേരുന്നത്. ഈ പിറന്നാള്‍ ആശംസകളില്‍ അറിയാം അജിത് എന്താണെന്ന്.

ആരാധകര്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ കാണാന്‍ കാത്തിരുന്നിട്ടുള്ളതും, എന്നാല്‍ കിട്ടാക്കനി എന്നൊക്കെ പറയുന്നതു പോലെ വല്ലപ്പോഴുമൊക്കെ കാണുന്നതുമാണ് തല അജിത്തിന്റെ അഭിമുഖങ്ങള്‍. അങ്ങനെ മാധ്യമങ്ങള്‍ക്ക് പിടികൊടുക്കുന്ന ആളല്ല അജിത്. എന്നു വച്ച് അജിത് അന്തര്‍മുഖനായ ഒരാളല്ല എന്നത് അജിത്തിന്റെ അഭിമുഖങ്ങള്‍ കണ്ടവര്‍ക്കറിയാം.

പറയാനുള്ള കാര്യങ്ങള്‍ മുഖം നോക്കാതെ പറയുക എന്നത് ഒരുപക്ഷെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റിയാകും. അതുകൊണ്ടുതന്നെ അദ്ദേഹം നേരിടേണ്ടി വന്നിട്ടുള്ള വിമര്‍ശനങ്ങളും ചെറുതല്ല. എട്ടുവര്‍ഷം മുമ്പ് 2010ല്‍ ഡിഎംകെ പാര്‍ട്ടിയുടെ പരിപാടിയില്‍ വച്ചാണ് അഭിനേതാക്കള്‍ നേരിടുന്ന രാഷ്ട്രീയ സമ്മർദത്തെ കുറിച്ച് അജിത്തിന്റെ തുറന്നു പറച്ചില്‍. രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അഭിനേതാക്കള്‍ നിര്‍ബന്ധിതമായി നിലപാടെടുക്കേണ്ട അവസ്ഥയെക്കുറിച്ചാണ് അന്ന് അദ്ദേഹം പറഞ്ഞത്. അതും കരുണാനിധിക്കു മുന്നില്‍വച്ച്!

താരാരാധനയ്ക്ക് പേരു കേട്ട ഇടമാണ് തമിഴ്‌നാട്. ദൈവത്തെ പോലെയാണ് അവര്‍ തങ്ങളുടെ താരത്തെ ആരാധിക്കുന്നത്. സ്വന്തം കുടുംബാംഗത്തെ പോലെ സ്‌നേഹിക്കുകയും ചെയ്യും. എന്നാല്‍ അതിരുകടന്ന ആരാധന പലപ്പോഴും പല അപകടങ്ങളും വരുത്തിവച്ചിട്ടുണ്ട്. 2011ല്‍ തന്റെ നാല്‍പതാം ജന്മദിനത്തിലാണ് അജിത് തന്റെ എല്ലാ ഫാന്‍സ് അസോസിയേഷനുകളും പിരിച്ചു വിടുന്നത്. തന്റെ പേരില്‍ അനാവശ്യമായ പണപ്പിരിവു നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു അജിത്തിന്റെ ഈ നടപടി. ഇത് അജിത്തിന് വിനയാകും എന്നു പലരും പറഞ്ഞു. പക്ഷെ ഇപ്പോഴും അദ്ദേഹം ഇഷ്ടപ്പെടുന്നവര്‍ക്ക് താരം തന്നെയാണ്.

നവമാധ്യമങ്ങളില്‍ തങ്ങളുടെ ആരാധകര്‍ കാണിച്ചുകൂടുന്ന തോന്നിവാസങ്ങള്‍ക്കു നേരെ പല താരങ്ങളും കണ്ണടയ്ക്കുമ്പോള്‍ ‘തല’ എപ്പോഴും അക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു. എന്നാല്‍ തന്റെ ആരാധകര്‍ എന്നു പറയുന്നവരില്‍ നിന്ന് അധിക്ഷേപം നേരിട്ടവരോട് മാപ്പു പറയാനും അദ്ദേഹം തയ്യാറായി.

പണ്ട് ‘അഹങ്കാരി’ എന്നു അജിത്തിനെ വിളിച്ചിരുന്നവര്‍, ഇന്ന് വിനയത്തിന്റെ പര്യായമായി അദ്ദേഹത്തെ ചൂണ്ടിക്കാണിക്കുന്നു. അജിത് എന്ന ഭര്‍ത്താവിനെക്കുറിച്ചും, അച്ഛനെക്കുറിച്ചും അത്രയേറെ സ്‌നേഹത്തോടെയാണ് എല്ലാവരും ഇന്നേവരെ വായിച്ചിട്ടുള്ളത്. മറ്റുള്ളവരെ അത്രയേറെ ബഹുമാനത്തോടെ പരിഗണിക്കുന്ന ആളാണ് അജിത് എന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത്.

സിനിമയിലെയും ജീവിതത്തിലേയും തിരിച്ചടികളെ ഏറ്റവും പക്വതയോടെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന്റെ ഉദാഹരണംകൂടിയാണ് അജിത്. അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് അത് വ്യക്തമാക്കുന്നു. ഇങ്ങനെ വ്യത്യസ്തരില്‍ വ്യത്യസ്തനായി ജീവിക്കുന്ന പ്രിയപ്പെട്ട ‘തല’യ്ക്ക് പിറന്തനാള്‍ വാഴ്ത്തുക്കള്‍!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook