പ്രതിഫലം കൂട്ടിയെന്ന മാധ്യമ വാർത്തകൾക്കെതിരെ നടി പാർവതി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടി ഇതിനെതിരെ ശക്തമായി പ്രതികരിച്ചത്. ”എന്റെ പ്രതിഫലം എത്രയാണെന്ന് ചാനലുകളോടോ ഓൺലൈൻ മാധ്യമങ്ങളോടോ വെളിപ്പെടുത്തിയതായി എനിക്ക് ഓർമയില്ല. ഇക്കാര്യം ചോദിച്ച് ഒരു മെസേജോ ഒരു കോളോ ഏതെങ്കിലും മീഡിയ ഏജൻസിയിൽനിന്നോ ജേർണലിസ്റ്റുകളിൽനിന്നോ എനിക്ക് കിട്ടിയിട്ടുമില്ല. എന്നാൽ ചില വാർത്താ ചാനലുകളും വെബ്സൈറ്റുകളും എന്റെ പ്രതിഫലം ഞാൻ ഉയർത്തിയതായി വാർത്തകൾ നൽകി. ഒരു വാർത്ത നൽകുന്നതിനു മുൻപ് അത് സത്യമാണോയെന്നു ആദ്യം ഉറപ്പുവരുത്തുകയല്ലേ ചെയ്യേണ്ടത്? ഒരു ജേർണലിസ്റ്റ് ആദ്യം ചെയ്യേണ്ട കാര്യം ഇതല്ലേ?.”

”ഞാൻ എത്ര പ്രതിഫലം വാങ്ങുന്നുവെന്നു തിരക്കേണ്ട ആവശ്യം മറ്റൊരാൾക്കും ഇല്ല. ഞാനും എന്റെ നിർമാതാവും അക്കാര്യം അറിഞ്ഞാൽ മതി. അഥവാ ഞാൻ പ്രതിഫലം കൂട്ടാൻ തീരുമാനിച്ചാൽ അതിന് എനിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമില്ല. വേതനത്തിലെ അസമത്വം സമൂഹത്തിൽ ചർച്ച ചെയ്യണ്ട ഒരു വിഷയമാണ്. എന്നാൽ ഒരു അഭിനേതാവിന്റെ പ്രതിഫലത്തെക്കുറിച്ച് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് തെറ്റാണ്”.

”ഇത്തരത്തിൽ തെറ്റായതും അടിസ്ഥാനമില്ലാത്തതുമായ വാർത്തകൾ നൽകരുത്. സത്യസന്ധമായ വാർത്തകൾ നൽകി നിങ്ങളുടെ നിലവാരം ഉയർത്തുക. എനിക്കിപ്പോഴും നിങ്ങളിലുളള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. മാധ്യമങ്ങൾ എപ്പോഴും സത്യസന്ധരായി നിലകൊളളണമെന്നാണ് ഞാനടക്കമുളള ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ എന്നെക്കുറിച്ച് വന്ന വാർത്തകളിൽ ഞാൻ തീർത്തും നിരാശയാണ്” പാർവതി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ടേക്ക് ഓഫ് ചിത്രത്തിന്റെ വിജയത്തിനുപിന്നാലെ പാർവതി പ്രതിഫലം ഉയർത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. പാർവതി തന്റെ പ്രതിഫലം ഒരു കോടി രൂപ ആക്കിയെന്നായിരുന്നു വാർത്തകൾ. ഇതോടെ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി പാർവതി മാറിയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ