/indian-express-malayalam/media/media_files/uploads/2023/08/Mohanlal-Rajanikanth.jpg)
ജയിലറിൽ താരങ്ങൾ കൈപ്പറ്റിയ പ്രതിഫലം എത്രയെന്നറിയേണ്ടേ?
രജനീകാന്ത് ചിത്രം ജയിലർ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തലൈവർക്കൊപ്പം മോഹൻലാൽ, ജാക്കി ഷ്റോഫ്, ശിവ രാജ്കുമാർ, തമന്ന ഭാട്ടിയ, വിനായകൻ എന്നിവരും കൈകോർത്തപ്പോൾ തിയേറ്ററുകളെയും ആവേശത്തിലാക്കുന്ന ദൃശ്യാനുഭവമാണ് ചിത്രം സമ്മാനിച്ചത്. ചിത്രം റിലീസിനെത്തി ഏഴു ദിവസം പിന്നിടുമ്പോൾ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 450 കോടിയോളം കളക്റ്റ് ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനീകാന്ത് ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനീകാന്ത് അവതരിപ്പിച്ചത്. ലോകമെമ്പാടും 7000-ലധികം സ്‌ക്രീനുകളിലാണ് ഈ ആക്ഷൻ പാക്ക് എന്റർടെയ്‌നർ റിലീസ് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ ആകെ ബജറ്റ് 200 കോടിയാണ്.
ഇപ്പോഴിതാ, ചിത്രത്തിനായി അഭിനേതാക്കൾ കൈപ്പറ്റിയ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് രജനികാന്ത്. റിപ്പോർട്ടുകൾ പ്രകാരം രജനികാന്തിന്റെ 169-ാമത്തെ ചിത്രമാണ് ജയിലർ. ഈ ചിത്രത്തിനായി 110 കോടി രൂപയാണ് താരം പ്രതിഫലമായി ഈടാക്കിയത് എന്നാണ് റിപ്പോർട്ട്.
അതേസമയം, ചിത്രത്തിൽ അതിഥി താരമായി എത്തിയ മോഹൻലാൽ കൈപ്പറ്റിയത് എട്ടു കോടി രൂപയാണെന്നും റിപ്പോർട്ടുകളുണ്ട്. ജയിലറിലെ മോഹൻലാലിന്റെ വേഷവും വലിയ രീതിയിൽ പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ഏതാനും മിനിറ്റുകൾ മാത്രം ചിത്രത്തിൽ വന്നു പോവുന്ന കഥാപാത്രമായിട്ടും തന്റേതായൊരു സിഗ്നേച്ചർ അടയാളപ്പെടുത്താൻ മോഹൻലാലിനു സാധിച്ചിട്ടുണ്ട്.
ജയിലർ റിലീസിനെത്തുന്നതിനു മുൻപു തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്ത ഗാനമാണ്, കാവാലയ്യ… ഈ നൃത്തരംഗത്തിൽ പ്രേക്ഷകരെ രസിപ്പിച്ചത് നടി തമന്ന ഭാട്ടിയ ആണ്. സിനിമയിൽ വളരെ ചുരുക്കം സീനുകൾ മാത്രമേ തമന്നയ്ക്ക് ഉള്ളുവെങ്കിലും കാവാലയ്യ എന്ന ഒരൊറ്റ ഗാനത്തിലൂടെ ജയിലറിനെ തന്റേതുകൂടിയാക്കി മാറ്റാൻ തമന്നയ്ക്കു കഴിഞ്ഞു. മൂന്നു കോടി രൂപയാണ് തമന്ന ചിത്രത്തിനു വേണ്ടി കൈപ്പറ്റിയത് എന്നാണ് റിപ്പോർട്ട്.
ജാക്കി ഷ്രോഫും ശിവ രാജ് കുമാറും ചിത്രത്തിനായി യഥാക്രമം 4 കോടി രൂപ വീതം നേടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. യോഗി ബാബുവും രമ്യാ കൃഷ്ണനും ജയിലറിലെ തങ്ങളുടെ കഥാപാത്രങ്ങൾക്കായി ഒരു കോടി 80 ലക്ഷം രൂപ വീതം കൈപ്പറ്റി. അതേസമയം, ചിത്രത്തിലെ പ്രധാന വില്ലനായി എത്തിയ വിനായകൻ 35 ലക്ഷം രൂപയാണ് കൈപ്പറ്റിയതെന്നും വാർത്തകളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.