scorecardresearch
Latest News

കേരളവും കിമ്മും തമ്മില്‍; ഒരു വിദേശ സിനിമാക്കാരനെ മലയാളി നെഞ്ചേറ്റിയ കഥ

‘വർഷങ്ങളോളം കാത്തിരുന്ന് കാലചക്രത്തെയും ഋതുക്കളെയും രേഖപ്പെടുത്തി അയാൾ സൃഷ്ടിക്കുന്ന വിസ്മയപ്രപഞ്ചങ്ങളിൽ പലപ്പോഴും മഞ്ഞുപ്രതിമകളെ പോലെ ഉറഞ്ഞു പോയവരാണ് മലയാളികൾ,’ കോവിഡ്‌ കവര്‍ന്നെടുത്ത ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്റെ ‘കേരള കണക്ഷനെ’ക്കുറിച്ച്

Kim ki duk, Kim ki duk death, Kim ki duk died, Kim ki duk dies, കിം കി ഡുക്ക്, കിം കി ഡുക്, കിം കി ഡുക് അന്തരിച്ചു, kim ki duk films, Indian express malyalam, IE malayalam, Kim Ki-duk, Kim Ki-duk death, Kim Ki-duk dead, Kim Ki-duk south korea, south korean filmmaker dead, Kim Ki-duk films, Kim Ki-duk movies,

കേരള രാജ്യാന്തര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന ഒരു തമാശക്കഥയുണ്ട്. ഏതോ ഒരു മലയാളി, കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിന്റെ വീട്ടില്‍ എത്തിപ്പെടുന്നു. വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ സ്വീകരണ മുറിയില്‍ ഒരു പടം ചില്ലിട്ടു വച്ചിരിക്കുന്നു. അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ – ‘ബീനാ പോള്‍ ഈ വീടിന്റെ ഐശ്വര്യം. ഒപ്പം അവരുടെ ഒരു ചിത്രവും. മേളയ്ക്ക് എത്തുന്ന തലമുറകള്‍ പാണന്റെ പാട്ട് പോലെ പാടി പതിഞ്ഞ ഈ തമാശക്കഥയ്ക്ക് പിന്നില്‍ ആര്‍ക്കും നിഷേധിക്കാന്‍ ആവാത്ത ചില സത്യങ്ങളുണ്ട്. വിദൂരദേശത്ത് നിന്ന് വന്ന ഒരു സിനിമാക്കാരനെ സ്വന്തമെന്നോണം മലയാളി നെഞ്ചേറ്റിയ കഥ.

കിം കി ഡുക് എന്ന പേര് മലയാളി പ്രേക്ഷകര്‍ കേള്‍ക്കുന്നത് പ്രധാനമായും കേരള രാജ്യാന്തര ചലച്ചിത്ര മേളയിലൂടെയാണ്. ഏഷ്യ-ആഫ്രിക്ക-ലാറ്റിന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ സിനിമകളില്‍ ഫോക്കസ് ചെയ്യുന്ന മേളയുടെ കാഴ്ചക്കാര്‍ സമകാലിക കൊറിയന്‍ സിനിമയിലെ പ്രധാനപ്പെട്ട സംവിധായകരില്‍ ഒരാളായ കിം കി ഡുക്കില്‍ ആകൃഷ്ടരാക്കുന്നത് സ്വാഭാവികം. മേള രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മേളയുടെ പ്രേക്ഷകര്‍ക്ക് മാത്രമല്ല, മലയാള സമൂഹത്തിനാകമാനം പ്രിയങ്കരനായി തീര്‍ന്നു കിം കി ഡുക്.

വർഷങ്ങളോളം കാത്തിരുന്ന് കാലചക്രത്തെയും ഋതുക്കളെയും രേഖപ്പെടുത്തി അയാൾ സൃഷ്ടിക്കുന്ന വിസ്മയപ്രപഞ്ചങ്ങളിൽ പലപ്പോഴും മഞ്ഞുപ്രതിമകളെ പോലെ ഉറഞ്ഞു പോയവരാണ് മലയാളികൾ. ഐഎഫ്എഫ്കെ എന്ന പേരിനൊപ്പം ഫെസ്റ്റിവൽ സിനിമാപ്രണയികൾ കിം എന്ന പേരു ചേർത്തു വായിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. 2005ലെ ഐഎഫ്എഫ്കെയിലാണ് മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായ ബീനാ പോൾ, ഒരു റെട്രോസ്‌പെക്റ്റീവ് സെക്ഷനിലൂടെ കിം കി ഡുക്കിനെ കേരളത്തിനു പരിചയപ്പെടുത്തുന്നത്. ഉന്മാദവും ഭ്രമകല്പനകളും ലൈംഗികതയുടെ അതിപ്രസരവും കലരുന്ന ആ ചിത്രങ്ങൾക്കൊപ്പം തന്നെ കിം കി ഡുക്കും വൈകാതെ മലയാളികളുടെ ഹൃദയത്തിലിടം നേടി. രസികരായ ഐഎഫ്എഫ്കെ പ്രേക്ഷകർക്ക് കിം, ‘കിമ്മേട്ടനാ’യി മാറി.

ലോക സിനിമയിലെ തന്നെ എണ്ണം പറഞ്ഞ ചലച്ചിത്രകാരന്മാരില്‍ ഒരാളായ കിം കി ഡുക്കിന്റെ ചിത്രങ്ങള്‍ വിഖ്യാതമായ മേളകളായ വെനീസ്, കാന്‍സ്‌, ബെര്‍ലിന്‍ എന്നിവടങ്ങില്‍ പുരസ്കാരങ്ങള്‍ നേടിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ കൊറിയന്യില്‍ നിന്നുമുള്ള ഓസ്കര്‍ നോമിനേഷന്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടിടുമുണ്ട്. എന്നാല്‍ കിം കി ഡുക്കിനെ ഇത്ര കണ്ടു സ്നേഹിക്കുന്ന ഒരിടം വേറെയുണ്ടോ എന്ന് സംശയമാണ്. അത്രയ്ക്കിഷ്ടമാണ് മലയാളിക്ക് കിം കി ഡുക്കിനെ.

അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള പ്രേക്ഷക സമൂഹത്തിനിടയിലേക്ക് കിം കി ഡുക് വന്നിട്ടുമുണ്ട്. 2013ല്‍ ‘മോബിയസ്’ എന്ന തന്റെ ചിത്രവുമായാണ് കിം എത്തിയത്. തലസ്ഥാനത്തെത്തിയ കിമ്മിനെ സിനിമാ പ്രേക്ഷകര്‍ ആരാധന കൊണ്ട് വീര്‍പ്പുമുട്ടിച്ചു. ബസില്‍ നിന്നും, കാറില്‍ നിന്നുമൊക്കെ തന്നെ നോക്കി കൈവീശുന്ന നാട്ടുകാരെക്കണ്ട് കിം കി ഡുക് അന്തം വിട്ടു.

കിമ്മിന്റെ ചിത്രങ്ങള്‍ക്ക് കൊറിയയില്‍പ്പോലും ഇത്രയും ആരാധകര്‍ ഉണ്ടോ എന്ന് സംശയമാണ്. ‘പ്രിയപ്പെട്ട കിം’ എന്ന് പേരുള്ള ഒരു ഹൃസ്വചിത്രം ഒരുക്കിയാണ് മലയാളി കിമ്മിനെ ആദരിച്ചത്. കേരളത്തിലെ ഒരു സിനിമാ ആസ്വാദകന്‍ കിം കി ഡുക്കിന് ഒരു കത്തെഴുതുന്നതാണ് ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇതിവൃത്തം.

Read Here: കിം കി ഡുക് അന്തരിച്ചു; വിട പറഞ്ഞത് മലയാളികളുടെ മനസ്സെടുത്ത സംവിധായകൻ

 

പ്രളയാനന്തര കേരളത്തില്‍ മേള നടത്തണമോ വേണ്ടയോ എന്ന ആശങ്കയില്‍ പെട്ടുഴറിയ സര്‍ക്കാരിന് മേള നടത്തണം എന്നാവശ്യപ്പെട്ടു അക്കാദമിയ്ക്ക് കിം കത്തെഴുതിയതും ശ്രദ്ധേയമാണ്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഐഎഫ്എഫ്കെ റദ്ദു ചെയ്തു കൊണ്ട് സർക്കാർ ഉത്തരവ് വന്നപ്പോൾ മലയാളികളുടെ ട്രോളിടങ്ങളിൽ ആദ്യം നിറഞ്ഞതും കിം തന്നെയായിരുന്നു. ‘ആരെങ്കിലും കിം കി ഡുക്കിനെ വിവരമറിയിച്ചോ?’ തുടങ്ങിയ ട്രോളുകളൊക്കെ മലയാളികളെ തെല്ലൊന്നുമല്ല ചിരിപ്പിച്ചത്. തമാശകൾക്കപ്പുറം അത്രമേൽ പരിചിതമായൊരു സാന്നിധ്യമാണ് ഐഎഫ്എഫ്കെ പ്രേക്ഷകർക്ക് കിം. ഒടുവിൽ, അനിശ്ചിതത്വങ്ങളെല്ലാം ഒഴിഞ്ഞ് ഐഎഫ്എഫ്കെ 2018ന്റെ തിരശ്ശീലയുയർന്നപ്പോൾ ‘ഹ്യൂമന്‍, സ്പേസ്, ടൈം ആന്‍ഡ്‌ ഹ്യൂമന്‍’ എന്ന അദ്ദേഹത്തിന്റെ ചിത്രമാണ് അത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കച്ചത്. മലയാളികൾക്ക് കിമ്മിനോടുള്ള ഇഷ്ടത്തിന് സാക്ഷിയാവുകയായിരുന്നു, അക്ഷരാർത്ഥത്തിൽ അന്ന് ജനസാഗരമായി മാറിയ നിശാഗന്ധി ഓഡിറ്റോറിയം. പ്രിയ സംവിധായകന്റെ ‘ഹ്യൂമന്‍, സ്പേസ്, ടൈം ആന്‍ഡ്‍ ഹ്യൂമന്‍’ എന്ന ചിത്രം കാണാൻ അന്ന് നിശാഗന്ധിയിൽ തടിച്ചു കൂടിയത് നൂറുകണക്കിന് സിനിമാ പ്രേമികളാണ്.

ഓരോ വര്‍ഷവും മലയാളി മേളയ്ക്കായി കാത്തിരിക്കുന്നത് കിമ്മിന്റെ ചിത്രങ്ങള്‍ കാണാനും കൂടിയാണ്. കിം കി ഡുക് എന്ന പേര് അത്ര കണ്ടു ഇഴുകിച്ചേര്‍ന്നിരിക്കുന്നു കേരളത്തിന്റെ ചലച്ചിത്ര മേള. അത് കൊണ്ട് തന്നെ അത്രമേല്‍ വേദനിപ്പിക്കുന്നതും ശൂന്യതയുളവാക്കുന്നതുമാകുന്നു ആ വിയോഗം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: How movie lovers from kerala took to kim ki duk movies at iffk