/indian-express-malayalam/media/media_files/uploads/2023/10/Meenakshy-Dileep-1.jpg)
തമന്ന ആദ്യമായി മലയാളത്തിലെത്തുന്ന ബാന്ദ്ര നവംബർ 10ന് റിലീസിനെത്തുകയാണ്
തെന്നിന്ത്യൻ താരം തമന്ന ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ബാന്ദ്ര റിലീസിന് ഒരുങ്ങുകയാണ്. നവംബർ 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ദിലീപും തമന്നയും.
പ്രമോഷൻ ഇവന്റിനിടെ ദിലീപ് പങ്കുവച്ച രസകരമായൊരു അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ബാന്ദ്രയിൽ തമന്നയ്ക്ക് ഒപ്പമുള്ള ഡാൻസ് രംഗത്തെ കുറിച്ച് മകൾ മീനാക്ഷിയോട് പറഞ്ഞപ്പോഴുള്ള പ്രതികരണത്തെ കുറിച്ചാണ് ദിലീപ് പറയുന്നത്.
സിനിമയുടെ ഏറ്റവും അവസാനമായിരുന്നു പാട്ട് സീൻ ഷൂട്ട് ചെയ്തതെന്നും ഷൂട്ടിംഗിന്റെ അന്നു രാവിലെ മീനാക്ഷിയോട് സംസാരിച്ചപ്പോൾ ലഭിച്ച പ്രതികരണം തന്നെ തളർത്തിയെന്നും ദിലീപ് പറയുന്നു.
"അന്ന് രാവിലെ ഞാൻ മോളെ വിളിച്ചു. ഇന്നെന്താ? എന്ന് മീനൂട്ടി ചോദിച്ചു. പാട്ടുണ്ട്, ഡാൻസാണ് എന്ന് ഞാൻ പറഞ്ഞു.
ആരുടെയൊപ്പം?
ഞാനും തമന്ന മാമും.
അച്ഛാ.. ആ പരിസരത്തൊന്നും പോവേണ്ട കെട്ടോ.. അച്ഛൻ ദൂരെ മാറി നിന്ന് എത്തിയെത്തി നോക്കീട്ടുള്ള പരിപാടിയൊക്കെ ചെയ്‌തോ... ലിറിക് പാടി നടക്കുകയോ മറ്റോ... അല്ലാതെ അവരുടെ അടുത്തേക്ക് പോകരുത് കേട്ടോ. ഞാനൊക്കെ ഇവിടെ ജീവിച്ചോട്ടെ അച്ഛാ...
അതുകേട്ട് ഞാനാകെ തളർന്നു," ദിലീപ് പറയുന്നു.
മീനാക്ഷിയുടെ പ്രതികരണത്തെ കുറിച്ച് തമന്നയോട് പറഞ്ഞപ്പോൾ, 'ഏയ് എനിക്ക് ഡാൻസ് തെരിയാത്' എന്നായിരുന്നു തമന്നയുടെ പ്രതികരണമെന്നും ദിലീപ് പറയുന്നു. അതു കേട്ടപ്പോൾ ആദ്യം സമാധാനം തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ ഡാൻസ് പഠിക്കാത്ത ആൾ ഇത്രയും കളിക്കുമെങ്കിൽ, ഡാൻസ് പഠിച്ചെങ്കിൽ എന്താകും എന്ന് താൻ ആശ്ചര്യപ്പെട്ടെന്നും ദിലീപ് പറയുന്നു.
അരുൺ ഗോപിയാണ് ബാന്ദ്രയുടെ സംവിധായകൻ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിച്ച 'ബാന്ദ്ര' മുംബൈ അധോലോകത്തിന്‍റെ പശ്ചാത്തലത്തിലുള്ള മാസ്സ് ആക്ഷൻ ചിത്രമാണെന്നാണ് റിപ്പോർട്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.