തമിഴ് സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു വര്‍ഷമായിരുന്നു 1991 – തമിഴകത്ത് ജ്വലിച്ചു നിന്ന നായകന്മാരുടെയെല്ലാം ചിത്രങ്ങള്‍ ബോക്സ് ഓഫീസ് നിറഞ്ഞോടിയ വര്‍ഷം.
പുതിയ മുഖ താരങ്ങള്‍ അണി നിരന്ന ‘നന്‍ബര്‍കള്‍’, വിജയകാന്തിന്‍റെ ‘ക്യാപ്റ്റന്‍ പ്രഭാകരന്‍’, പ്രഭുവിന്‍റെ ‘ചിന്ന തമ്പി’, രാജ് കിരണിന്‍റെ ‘എന്‍ രാസാവിന്‍ മനസ്സിലെ’, ശരത് കുമാറിന്‍റെ ‘ചേരന്‍ പാണ്ട്യന്‍’ എന്നിങ്ങനെ ഹിറ്റുകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു ആ വര്‍ഷത്തിന്‍റെ ആദ്യ പകുതി.
രണ്ടാം പകുതിയെ കാത്തിരുന്നത് മറ്റൊരു താര യുദ്ധം. കമല്‍ – രജനി ചിത്രങ്ങള്‍. തമിഴകത്തെ ഈ സൂപ്പര്‍ താരങ്ങള്‍ ഏറ്റവുമൊടുവില്‍ ബോക്സ് ഓഫീസില്‍ നേര്‍ക്ക് നേര്‍ വന്നത് ഈ വര്‍ഷമാണ്. രണ്ടും ചിത്രങ്ങളും വന്‍ ഹിറ്റുകളായി തീര്‍ന്നു.
മന്ട്രങ്ങളെ സന്തോഷത്തിരയിലാറാടിച്ച് നായകന്മാര്‍ വിലസുന്നതിനിടയിലാണ് വര്‍ഷത്തിന്‍റെ മധ്യത്തില്‍, കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 15 ന്, തമിഴകത്തെ പുളകം കൊള്ളിച്ച മറ്റൊരു സൂപ്പര്‍ ഹിറ്റ് പിറന്നത്. താര രാജാക്കളുടെ ഗുരുവായ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘അഴഗന്‍’ എന്ന ചിത്രം. അഴഗനായി എത്തിയത് മലയാളത്തിന്‍റെ മമ്മൂട്ടിയും.
വിഭാര്യനായ ഒരു ബിസിനസുകാരനായി മമ്മൂട്ടിയെത്തിയ ചിത്രത്തില്‍ ഭാനുപ്രിയ, ഗീത, മധുബാല എന്നിവരായിരുന്നു നായികമാര്‍. കെ ബാലചന്ദറിന്റെ കര വിരുതില്‍ അഴഗപ്പന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അനശ്വരമാക്കി, തമിഴില്‍ അത് വരെയില്ലാത്ത പ്രേക്ഷക പിന്തുണ പിടിച്ചു പറ്റി.
‘മൗനം സമ്മതം’ എന്ന ചിത്രമായിരുന്നു അഴഗന് മുന്‍പ് മമ്മൂട്ടി ചെയ്ത തമിഴ് ചിത്രം. എസ് എന്‍ സ്വാമി എഴുതി കെ മധു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് അഴഗന്റെ നിര്‍മ്മാതാവ് കോവൈ ചെഴിയന്‍. അമല നായികയായി അഭിനയിച്ച ഈ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയാണ് മമ്മൂട്ടിയെ നായകനാക്കി അടുത്ത ചിത്രം ചെയ്യാന്‍ അദ്ദേഹത്തിന് പ്രേരണയായത്.
‘അഴഗന്റെ’ അഴഗില്‍ തമിഴകം മതി മറന്നിരിക്കെയാണ് ബോക്സ് ഓഫീസിനെ ഒന്ന് കൂടി പിടിച്ചു കുലുക്കിക്കൊണ്ട് മണിരത്നത്തിന്‍റെ ‘ദളപതി’ വരുന്നത്. മഹാഭാരതത്തിന്‍റെ പുനരാഖ്യാനത്തില്‍ രജനികാന്ത് കര്‍ണ്ണനായപ്പോള്‍ കൈ പിടിച്ചു കൂട്ടുകാരന്‍ ദുര്യോധനനായത് മമ്മൂട്ടി. അവിസ്മരണീയമായ മറ്റൊരു കഥാപാത്രം, ദേവ.
തുല്യ പ്രാധാന്യമുള്ള, സമാന്തര കഥാപാത്രങ്ങളുള്ള സിനിമകളില്‍ നിന്നും രജനികാന്ത് വിട്ടു നില്‍ക്കുകയാണ് പതിവ്. അത് തെറ്റിച്ചാണ് രജനി ‘ദളപതി’യില്‍ മമ്മൂട്ടിക്കൊപ്പം വേഷമിടുന്നത്.
അങ്ങനെ അന്യഭാഷാ നായകന്മാര്‍ക്ക് സൂചി കുത്താന്‍ ഇടമില്ലാതിരുന്ന ഒരു വര്‍ഷത്തില്‍, രണ്ടു ഹിറ്റുകള്‍ സ്വന്തമാക്കി മമ്മൂട്ടി തമിഴ് സിനിമാ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
1991 മലയാളത്തിലും വിജയ വര്‍ഷമായിരുന്നു താരത്തിന്. ഐ വി ശശി സംവിധാനം ചെയ്ത ‘നീലഗിരി’, ‘ഇന്‍സ്പെക്ടര്‍ ബാലറാം’ എന്നീ ചിത്രങ്ങള്‍, ഭരതന്‍റെ ‘അമരം’ എന്നിവയാണ് ആ വര്‍ഷത്തെ ചിത്രങ്ങള്‍.
പിന്നീട് പന്ത്രണ്ടോളം തമിഴ് ചിത്രങ്ങളില്‍ മമ്മൂട്ടി വേഷമിട്ടു. രാജീവ് മേനോന്‍ സംവിധാനം ചെയ്ത ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’, ലിങ്കു സ്വാമിയുടെ ‘ആനന്ദം’ എന്നിവയാണ് ശ്രദ്ധേയമായത്.