മുംബൈ: നവാസുദ്ദീൻ സിദ്ദീഖിയുടെ പുതിയ ചിത്രം ‘ബബുമോശായി ബന്ദുകാബ്സിന് 48 ഭാഗങ്ങളിൽ കത്രിക വെക്കണമെന്ന് സെൻസർ ബോർഡ് നിർദേശം വിവാദമായിരിക്കെ കൂടുതല്‍ ആരോപണങ്ങളുമായി നിര്‍മ്മാതാവ് കിരണ്‍ ഷ്രോഫ് രംഗത്ത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ മാനസികമായി അവഹേളിച്ചതായി ഇവര്‍ ആരോപിച്ചു. ഒരു സ്ത്രീയായ നിങ്ങള്‍ക്ക് എങ്ങനെ ഇത്തരത്തിലൊരു ചിത്രം എടുക്കാന്‍ തോന്നിയെന്ന് ഒരു ബോര്‍ഡംഗം ചോദിച്ചതായി ഷ്രോഫ് പറഞ്ഞു. മറ്റൊരു മാന്യനായ വ്യക്തി ചോദിച്ചത് തന്നെ ഞെട്ടിച്ചുവെന്നും നിര്‍മ്മാതാവ് പറയുന്നു. ‘പാന്റും ഷര്‍ട്ടും ധരിച്ച ഒരുവള്‍ എങ്ങനെ സ്ത്രീ ആകും’ എന്നായിരുന്നു മറ്റൊരു ബോര്‍ഡംഗം ചോദിച്ചതെന്ന് ഷ്രോഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ ചോദ്യം കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. “എ സര്‍ട്ടിഫിക്കറ്റ് ആണെങ്കിലും തങ്ങള്‍ തൃപ്തരാണ്. എന്നാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനോടൊപ്പം 48 ഇടങ്ങളില്‍ കൂടി കത്രിക വെക്കുമെന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല. കുട്ടികളും എ പടം കാണും എന്നാണ് സെന്‍സര്‍ ബോര്‍ഡ് ഇതിന് തന്ന മറുപടിയെന്നും ഷ്രോഫ് വ്യക്തമാക്കി.

കുഷാന്‍ നന്ദി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചുംബനരംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന രംഗങ്ങളും ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.

നവാസുദ്ദീന്‍ സിദ്ദിഖിയുടെ നായികയായി വെളുത്ത് സുന്ദരിയായ നായികയെ കിട്ടുക ബുദ്ധിമുട്ടാണെന്ന കാസ്റ്റിംഗ് ഡയറക്ടര്‍ സഞ്ജയ് ചൗഹാന്‍റെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു. ഇതിന് നവാസുദ്ദീന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇരുണ്ടനിറക്കാരനും സുന്ദരനല്ലാത്തതിനാലുമാണ് തനിക്ക് സുന്ദരിയായ ഒരു നായികയെ കിട്ടാത്തതെന്ന് മനസിലാക്കി തന്നതിന് നന്ദിയുണ്ടെന്നും എന്നാൽ താൻ അക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു സിദ്ദീഖിയുടെ ട്വീറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ