യുഎസിൽ ഹാർവി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെളളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ് ഹൂസ്റ്റൺ. വെളളപ്പൊക്കത്തെത്തുടർന്ന് ആയിരക്കണക്കിന് പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഹൂസ്റ്റണിലാണ് നടൻ ബാബു ആന്റണിയും കുടുംബവും താമസിക്കുന്നത്. ഇവർ സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയെന്നും സുരക്ഷിതരാണെന്നും സഹോദരനും നടനുമായ തന്പി ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു. ബാബു ആന്രണിയുടെ വീടിനു പുറത്ത് വെളളം എത്തിയെന്നും എന്നാൽ അകത്തേക്ക് കടന്നില്ലെന്നും തമ്പി ആന്റണി ഫെയ്സ്ബുക്കിൽ പറഞ്ഞു.

വെളളപ്പൊക്കത്തിനുപിന്നാലെ മുതലയും ചീങ്കണ്ണിയും പാമ്പുമെല്ലാം ഹൂസ്റ്റൺ നഗരത്തിലെത്തിയിട്ടുണ്ട്. ബാബു ആന്റണിയുടെ വീടിനു മുന്നിലും ചീങ്കണ്ണിയും പാമ്പും എത്തി. വീടിന്റെ മുന്നിൽ ചീങ്കണ്ണിയും പാമ്പും കിടക്കുന്നതിന്റെ ദൃശ്യങ്ങളും തമ്പി ആന്റണി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഹൂസ്റ്റണിൽ ഒട്ടേറെ മലയാളി കുടുംബങ്ങളുണ്ട്. ഒട്ടേറെപ്പേർ പുറത്തിറങ്ങാനാകാതെ വീടുകളിൽ കഴിയുകയാണ്. രക്ഷാബോട്ടുകളില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്രയും വേഗം മാറണമെന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഹൂസ്റ്റണിൽ ഇതുവരെ അഞ്ചുപേർ മരിച്ചതായാണു വിവരം. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ