scorecardresearch
Latest News

കുതിരയുടെ മരണം; മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി

സംഭവത്തിന്റെ തെളിവായി ഫോട്ടോ/വീഡിയോ നല്‍കുന്നവര്‍ക്ക് പെറ്റ ഇന്ത്യ (Peta India) 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

Ponniyin Selvam, Mani Ratnam, Film
Representation Image/Fan Art

ചെന്നൈ: മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വത്തിന്റെ ഷൂട്ടിങ്ങില്‍ പ്രതിസന്ധി. ചിത്രീകരണത്തിനിടെ തലകള്‍ കൂട്ടിയിടിച്ച് കുതിര മരിച്ച സംഭവത്തില്‍ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (എഡബ്ല്യുബിഐ) അന്വേഷണത്തിന് ഉത്തരവിട്ടതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍ (പെറ്റ) നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ഹൈദരബാദ് ജില്ലാ കലക്ടറിനോടും തെലങ്കാന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനോടുമാണ് കുതിരയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ സംഭവിക്കാതിരിക്കാൻ കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എഡബ്ല്യുബിഐ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസിന്റെ മാനേജ്മെന്റിനെതിരെയും കുതിരയുടെ ഉടമയ്ക്കെതിരെയും 1960ലെ പിസിഎ ആക്ട് സെക്ഷൻ 11, ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 1860 ലെ സെക്ഷന്‍ 429 എന്നിവ പ്രകാരം റച്ചക്കൊണ്ടയിലെ അബ്ദുള്ളപൂർമെറ്റ് പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിർജലീകരണം മൂലം ക്ഷീണമുണ്ടായ കുതിരയെ ചിത്രീകരണത്തിനായി ഉപയോഗിക്കാൻ ഉടമ അനുവാദം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി (സിജിഐ) ഉപയോഗിച്ച് ചിത്രീകരണം നടത്തുന്ന കാലത്ത് ക്ഷീണിതരായ കുതിരകളെ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് നിര്‍മാണ കമ്പനികള്‍ക്ക് വിശദീകരണം നല്‍കി ഒഴിയാനാകില്ലെന്ന് പെറ്റ ഇന്ത്യ ചീഫ് അഡ്വക്കസി ഓഫീസർ ഖുശ്ബു ഗുപ്ത പറഞ്ഞു. അനുകമ്പയുള്ള, പുരോഗമന ചിന്താഗതിയുള്ള സംവിധായകര്‍ മൃഗങ്ങളെ ഇത്തരത്തില്‍ സിനിമാ സെറ്റുകളില്‍ ഉപയോഗിക്കുകയില്ല. ഇത്തരം ക്രൂരതകള്‍ ഒഴിവാക്കി സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരണം നടത്താന്‍ മണിരത്നത്തിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന്റെ തെളിവായി ഫോട്ടോ/വീഡിയോ നല്‍കുന്നവര്‍ക്ക് പെറ്റ ഇന്ത്യ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വത്തിന്റെ ചിത്രീകരണം മധ്യപ്രദേശില്‍ പുരോഗമിക്കുകയാണ്. ഐശ്വര്യ റായ്, ചിയാന്‍ വിക്രം, തൃഷ, ജയം രവി, കാര്‍ത്തി, പ്രകാശ് രാജ് എന്നിവരാണ് നിലവിലത്തെ ഷെഡ്യൂളിന്റെ ഭാഗമായിട്ടുള്ളത്.

Also Read: ആദ്യം ‘ഇരുവര്‍’, ഇപ്പോള്‍ ‘പൊന്നിയിന്‍ സെല്‍വന്‍’: മണിരത്നം ചിത്രത്തില്‍ ഐശ്വര്യാ റായ് വീണ്ടും ഇരട്ട വേഷത്തില്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Horse dies during mani ratnam ponniyin selvan shooting animal welfare board calls for enquiry