അവതരണത്തില പുതുമയും സാങ്കേതിക വിദ്യയുടെ മികവും പ്രേത സിനിമകളെ ന്യൂജന്‍കാലത്തും നിലനിര്‍ത്തുമെന്നു കരുതാം.
കാലത്തിന്റെ മാറ്റങ്ങള്‍ എന്നും ഉള്‍ക്കൊള്ളുന്നവയാണ് സിനിമകള്‍. കുടുംബം, ക്യാംപസ്, പ്രണയം എന്നിവ പ്രമേയമാക്കി കാലത്തിനനുസരിച്ച് പുറത്തിറങ്ങിയ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രേത സിനിമകളും മലയാളത്തിലുണ്ടായി. കുറച്ചുകാലമായി മലയാളസിനിമയിൽ കാണാനില്ലാതിരുന്ന പ്രേതങ്ങൾ ഇടവേളയ്ക്കു ശേഷം തിരശീലയിൽ ഇടം പിടിച്ചു. 2016ൽ പ്രേത കഥ പ്രമേയമാക്കി മൂന്നു ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്നത് പ്രിഥ്വിരാജിന്റെ എസ്രയും ഷൈൻ ടോം ചാക്കോയും ഹരീഷ് കണാരനും നായകരാകുന്ന പ്രേതമുണ്ട് സൂക്ഷിക്കുക എന്ന രണ്ട് ചിത്രങ്ങളാണ്.
1964ലാണ് മലയാളത്തില്‍ ആദ്യത്തെ പ്രേത ചിത്രം രൂപം കൊണ്ടത്. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനയില്‍ എ.വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീ നിലയമായിരുന്നു അത്. പ്രേം നസീറായിരുന്നു ചിത്രത്തിലെ നായകന്‍. ഇതിനുശേഷം പ്രേതകഥയെ ആസ്പദമാക്കി അന്‍പതിലധികം ചിത്രങ്ങളെത്തി. ലിസ, ആയുഷ്‌കാലം, ആകാശഗംഗ, സമ്മര്‍ പാലസ്, വെള്ളിനക്ഷത്രം, ദേവദൂതന്‍, ഇന്ദ്രിയം, അനന്ദഭദ്രം തുടങ്ങിയ ചിത്രങ്ങളൊക്കെ ഇക്കൂട്ടത്തില്‍ മികച്ച വിജയം നേടി. എന്നാല്‍ തന്ത്ര, യക്ഷി, യക്ഷിയും ഞാനും, ഡ്രാക്കുള തുടങ്ങിയ സിനിമകള്‍സാമ്പത്തികമായി പരാജയപ്പെട്ടത് മലയാളത്തില്‍ പ്രേത സിനിമകളുടെ എണ്ണം കുറച്ചു. ന്യൂജനറേഷന്‍ ചിത്രങ്ങളുടെ കാലത്ത് വെള്ള സാരിയുടുത്ത പ്രേതങ്ങള്‍ ഒരുപക്ഷേ പ്രേക്ഷകരെ പേടിപ്പെടുത്താത്തതാവാം പരാജയ കാരണം.
എന്നാല്‍ 2016 ജൂണില്‍ ഇറങ്ങിയ ഹോളിവുഡ് ഹൊറര്‍ ചിത്രം കണ്‍ജുറിങ് 2 മലയാളി പ്രേക്ഷകരെ ഒന്നടങ്കം പേടിപ്പിച്ചു. കേരളത്തില്‍ ചിത്രം വന്‍വിജയവുമായി. മലയാളിക്ക് പ്രേത സിനിമകളോടുള്ള താല്‍പര്യം നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവു കൂടിയായി ഈ ചിത്രം.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പ്രേത സിനിമകളില്‍ ആടുപുലിയാട്ടം, പ്രേതം തുടങ്ങിയ ചിത്രങ്ങള്‍ നല്ല പ്രതികരണമുണ്ടാക്കി. എന്നാല്‍ ഗോസ്റ്റ് വില്ല എന്ന ചിത്രം പരാജയമായി. പൃഥ്വിരാജ് നായകനാകുന്ന എസ്ര കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സിനിമ സമരം മൂലം റിലീസ് നീണ്ടുപോകുകയായിരുന്നു. എസ്ര 2016ൽ റിലീസ് ചെയ്തിരുന്നെങ്കിൽ കഴിഞ്ഞ വര്‍ഷം ഇറങ്ങുന്ന നാലാമത്തെ പ്രേത സിനിമയാകും അത്. ചിത്രീകരണ സമയത്തുണ്ടായ വിചിത്രസംഭവങ്ങളുടെ പേരില്‍ എസ്ര നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
വെള്ള സാരിയുടുത്ത് പാട്ട് പാടി വരുന്ന പ്രേതങ്ങള്‍ ഒന്നുമില്ലെങ്കിലും അവതരണത്തില പുതുമയും സാങ്കേതിക വിദ്യയുടെ മികവും പ്രേത സിനിമകളെ ന്യൂജന്‍കാലത്തും നിലനിര്‍ത്തുമെന്നു കരുതാം. പ്രേതങ്ങള്‍ക്കും നല്ല കാലം വരുന്നുവെന്ന് ചുരുക്കം!