താരാരാധനയുടെ രസകരവും വിചിത്രവുമായ കഥകൾ ഇന്ത്യൻ സിനിമാലോകത്ത് പുത്തരിയല്ല. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നടി ഖുശ്ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം തന്നെ പണികഴിപ്പിച്ചിട്ടുണ്ട്.
15 വർഷത്തിലേറെയായി തന്നെ നിരന്തരം വിളിക്കുകയും സ്നേഹം അറിയിക്കുകയും തനിക്കായി ഒരു അമ്പലം പണികഴിപ്പിക്കുകയും ചെയ്ത ഒരു ആരാധകനെ കുറിച്ചുളള ഹണിറോസിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“വളരെ സ്നേഹമുള്ള ഒരു വ്യക്തിയാണ്. ബോയ്ഫ്രണ്ട് മുതൽ എന്റെ എല്ലാ സിനിമയും കാണും. തമിഴ്നാട് സ്വദേശിയാണ്, പാണ്ടി എന്നു വിളിക്കണമെന്നാണ് പുള്ളിക്കാരൻ പറയുന്നത്. അതാണ് ആൾക്കിഷ്ടം. ഇത്രയും വർഷമായിട്ടും തുടർച്ചയായി ആരാധനയോടെ നിൽക്കുക എന്നത് വലിയ കാര്യമാണ്. ഏതു സിനിമ ഇറങ്ങിയാലും, പേപ്പറിൽ ഒരു ചെറിയ ഫോട്ടോ കണ്ടാൽ പോലും അദ്ദേഹം വിളിക്കും. അമ്മാ, ഇവിടെയുണ്ട്, ഞാൻ കണ്ടു എന്നൊക്കെ പറയും. അദ്ദേഹമൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, അവിടുത്തെ പ്രതിഷ്ഠ ഞാനാണെന്നൊക്കെയാണ് പറയുന്നത്. എല്ലാ പിറന്നാളിനും കറക്റ്റായിട്ട് വിളിക്കും. നാട്ടിലുള്ള ആളുകൾക്ക് പായസം കൊടുത്തുവെന്നൊക്കെ പറയും,” ഹണി പറയുന്നു.
മലയാളത്തിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഹണി റോസ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹണി അഭിനയിച്ചിട്ടുണ്ട്.
വിനയന് സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര് സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, താങ്ക്യൂ, ബിഗ് ബ്രദർ, ഇട്ടിമാണി എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളിൽ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.