scorecardresearch
Latest News

‘ഹോം’ പിറന്നത് അച്ഛന്റെ ചോദ്യത്തിൽ നിന്നും; സംവിധായകൻ പറയുന്നു

സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം താൻ എപ്പോഴെങ്കിലും നേരിട്ട് കണ്ടിട്ടുള്ള ആളുകളാണ് എന്നാണ് റോജിൻ പറയുന്നത്

‘ഹോം’ പിറന്നത് അച്ഛന്റെ ചോദ്യത്തിൽ നിന്നും; സംവിധായകൻ പറയുന്നു

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഹോം’. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു കുടുംബ ചിത്രമായാണ് ഹോം എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലേക്ക് എത്താൻ ഇടയായത് അച്ഛനെ റീചാർജ് ചെയ്യാൻ പഠിപ്പിച്ചതിൽ നിന്നുമാണെന്ന് പറയുകയാണ് സംവിധായകനായ റോജിൻ തോമസ്. “നിങ്ങൾക്ക് അറിയുന്നത് എഴുതുക” എന്ന് വിശ്വസിക്കുന്ന റോജിന്റെ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം താൻ എപ്പോഴെങ്കിലും നേരിട്ട് കണ്ടിട്ടുള്ള ആളുകളാണ് എന്നാണ് റോജിൻ പറയുന്നത്.

ഹോം സിനിമയുടെ ആശയം ഉദിച്ചത് അച്ഛൻ ഒരു സഹായം ചോദിച്ചു വന്നപ്പോഴാണെന്ന് റോജിൻ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ഏഴ് വർഷം മുൻപാണ് എനിക്ക് ഈ ആശയം ലഭിച്ചത്. ഇന്റർനെറ്റ് ഉള്ള ഡെസ്ക്‌ടോപ്പിൽ നിന്നും എങ്ങനെ മൊബൈൽ റീചാർജ് ചെയ്യാം എന്ന് എന്നോട് അച്ഛൻ ചോദിച്ചു. എങ്ങനെയാണ് സിപിയു ഓൺ ചെയ്യേണ്ടത് എന്ന് പോലും അറിയാതെയാണ് അദ്ദേഹം അത് ചോദിച്ചത്. പിന്നീട് ഞാൻ അത് കാണിച്ചു കൊടുക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം ഓരോന്നും നിങ്ങൾ ട്രെയിലറിൽ കാണുന്ന പോലെ കുറിച്ചെടുക്കാൻ തുടങ്ങി. എല്ലാം പറഞ്ഞു കൊടുത്ത ശേഷം അദ്ദേഹത്തിനോട് ഞാൻ സ്വയം ഫോൺ റീചാർജ് ചെയ്യാൻ ആവശ്യപ്പെട്ടു. അച്ഛൻ അത് ചെയ്തു. ട്രാൻസാക്ഷൻ പൂർത്തിയപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും സന്തോഷവാനായ അച്ഛനെ ഞാൻ കണ്ടു” റോജിൻ ഓർത്തെടുത്തു.

അങ്ങനെ അച്ഛന് പഠിപ്പിച്ചു കൊടുക്കുന്ന സമയത്താണ് ഡിജിറ്റൽ വിപ്ലവത്തിന്റെ ഈ കാലത്ത് അതിനോടൊപ്പം എത്താൻ മുതിർന്ന ആളുകൾ കഷ്ടപ്പെടുന്നത് സിനിമയാക്കാൻ റോജിന് തോന്നിയത്, അധികം സമയം കളയാതെ ആശയം നിർമാതാവായ വിജയ് ബാബുവുമായി പങ്കുവെക്കുകയും അദ്ദേഹം പച്ചക്കൊടി കാണിക്കുകയുമായിരുന്നു.

എന്നാലും ആശയത്തിന് കരുത്ത് നൽകുന്ന ഒരു ശക്തമായ കഥാ സന്ദർഭം റോജിന് ലഭിച്ചിരുന്നില്ല. “ഒരു ദിവസം അച്ഛൻ എന്നെ സ്കൈപ്പ് കോൾ ചെയ്തു. ആ സംസാരത്തിനിടയിൽ അച്ഛൻ എന്നോട് ഒരു കഥ പറഞ്ഞു. ഞാൻ അതിൽ നിന്നും സ്റ്റോറി ലൈൻ എടുത്ത് തിരക്കഥ ചെയ്യാൻ തുടങ്ങി” റോജിൻ പറഞ്ഞു.

Read Here: Home Movie Review: ഇന്ദ്രജാലവുമായി ഇന്ദ്രൻസ്; ‘ഹോം’ റിവ്യൂ

റോജിനെ സംബന്ധിച്ച് ‘ഹോം’ സ്വന്തം ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്നതാണ്. ഒരു ഹിറ്റ് സിനിമ പൂർത്തിയാക്കിയ യുവ സംവിധായകനെ ചുറ്റിപ്പറ്റിയാണ് സിനിമ നടക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ സംവിധായകനായി എത്തുന്നത്. ആദ്യ സിനിമ വിജയമായെങ്കിലും രണ്ടാം സിനിമ പൂർത്തിയാക്കാൻ കഴിയാതെ ഇരിക്കുന്ന സമയത്ത് അച്ഛൻ പറയുന്ന ഒരു കഥയാണ് സംവിധായകനെ കഥ പൂർത്തിയാക്കാൻ സഹായിക്കുന്നത്. ഇന്ദ്രൻസാണ് അച്ഛനായി എത്തുന്നത്.

ശ്രീനാഥ് ഭാസിക്കും ഇന്ദ്രൻസിനും പുറമെ മഞ്ജു പിള്ള, നസ്ലെൻ, ജോണി ആന്റണി, വിജയ് ബാബു, ദീപ, മണിയൻ പിള്ള രാജു, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Home director rojin thomas reveals how a tech lesson to his dad gave birth to the film

Best of Express