വിഖ്യാത ഹോളിവുഡ് താരം ലിയോനാർഡോ ഡികാപ്രിയോയും പ്രസിദ്ധ സംവിധായകൻ മാർട്ടിൻ സ്കൊഴ്സസെയും വീണ്ടും കൈകോർക്കാൻ ഒരുങ്ങുകയാണ്. ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
ഡേവിഡ് ഗ്രാനിന്റെ ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എറിക് റോത്താണെന്ന് വെറൈറ്റി ടോഡ് കോം റിപ്പോർട്ട് ചെയ്യുന്നു.
“ഡേവിഡ് ഗ്രാനിന്റെ ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന ഗ്രന്ഥം വായിച്ചപ്പോൾ തന്നെ അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എന്റെ മുന്നിൽ വന്നു. ഈ സംഭവം ഒരു ചലച്ചിത്രമാക്കണമെന്ന് ഞാൻ മനസിലാക്കി”, സ്കൊഴ്സസെ പറഞ്ഞു. എറിക് റോത്തിന്റെ തിരക്കഥയിൽ ഡികാപ്രിയോയ്ക്കൊപ്പം വീണ്ടും ഒരു സിനിമ ചെയ്യാൻ സാധിക്കുന്നതിൽ താൻ ആവേശത്തിലാണെന്നും സ്കൊഴ്സസെ കൂട്ടിച്ചേർത്തു.
1920 കളിൽ അമേരിക്കയെ പിടിച്ചുകുലുക്കിയ കൊലപാതക പരമ്പരകളുടെ കഥ പറയുന്ന ഗ്രന്ഥമാണ് ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’. അമേരിക്കയിലെ ഒക്‌ലഹോമയിലെ ഗോത്രസമൂഹമായ ഓസേജ് നേഷൻസ് അവരുടെ പ്രദേശത്ത് എണ്ണ നിക്ഷേപം കണ്ടെത്തിയതിന് പിന്നാലെ അവർ ഓരോരുത്തരായി കൊല്ലപ്പെടുന്നു. കൊലപാതകങ്ങൾ അന്വേഷിക്കുവാൻ എഫ്ബിഐ എത്തുന്നതും, അമേരിക്ക കണ്ട ഏറ്റവും വലിയ കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം.
ലിയോനാർഡോ ഡികാപ്രിയോയും പ്രസിദ്ധ സംവിധായകൻ മാർട്ടിൻ സ്കൊഴ്സസെയും ഒന്നിക്കുന്ന ആറാമത് ചിത്രമാണ് ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ഓസ്കർ നേമിനേഷൻ നേടിയ ‘ദി വൂൾഫ് ഓഫ് വാൾസ്ട്രീറ്റാ’ണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.