റഷ്യൻ അധിനിവേശം നടക്കുന്ന യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഹോളിവുഡ് നടി ആഞ്ജലീന ജോളി. നടി പടിഞ്ഞാറൻയുക്രൈനിയൻ നഗരമായ ലിവിവിൽ സന്ദർശനം നടത്തിയതായി ലിവീവ് റീജിയണൽ ഗവർണർ മാക്സിം കോസിറ്റ്സ്കി ടെലിഗ്രാമിൽ പറഞ്ഞു.
2011 മുതൽ അഭയാർത്ഥികൾക്കായുള്ള യുഎൻ സമിതിയിലെ പ്രത്യേക പ്രതിനിധിയാണ് ആഞ്ജലീന ജോളി. ലിവീവിൽ എത്തിയ നടി ഏപ്രിൽ ആദ്യം ക്രാമാറ്റോർസ്ക് റെയിൽവേ സ്റ്റേഷനിലുണ്ടായ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ സന്ദർശിക്കുകയും, ലിവിവിലെ അഭയാർത്ഥികളുമായി സംസാരിക്കുകയും ചെയ്തതായി ലിവീവ് ഗവർണർ പറഞ്ഞു.
കുട്ടികളുടെ കഥകൾ അവരെ വേദനിപ്പിച്ചെന്നും ചില കുട്ടികൾ അവരുടെ സ്വപ്നങ്ങളെ പറ്റി അവരുമായി സംസാരിച്ചെന്നും ഗവർണർ പറഞ്ഞു. ജോളി ഒരു ബോർഡിംഗ് സ്കൂളും സന്ദർശിക്കുകയും അവിടുത്തെ വിദ്യാർത്ഥികളുമായി സംസാരിക്കുകയും അവർക്കൊപ്പം ഫൊട്ടോ എടുക്കുകയും ചെയ്ത ശേഷം വീണ്ടും വരുമെന്ന് വാഗ്ദാനം ചെയ്താണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ലിവിവിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ അഭയാർത്ഥികളുമായും എത്തുന്നവർക്ക് വൈദ്യസഹായവും കൗൺസിലിംഗും നൽകുന്ന സന്നദ്ധപ്രവർത്തകരുമായും ജോളി കൂടിക്കാഴ്ച നടത്തി.
“ഈ സന്ദർശനം ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി,” എന്ന് ഗവർണർ പറഞ്ഞു. “ലിവിവ് മേഖലയിൽ ജോളിയെ കണ്ട പലർക്കും അത് ശരിക്കും അവരാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഫെബ്രുവരി 24 മുതൽ, അവിശ്വസനീയമായ ഒരുപാട് കാര്യങ്ങൾ ഇവിടെ ഉണ്ടെന്ന് യുക്രൈൻ ലോകത്തെ മുഴുവൻ കാണിച്ചു.” അദ്ദേഹം പറഞ്ഞു.