സാഹസം, ഹോളിവുഡ് താരം വിൽ സ്മിത്തിന് പുത്തരിയല്ല, എന്നാൽ തന്റെ 50-ാം പിറന്നാളിന് താരം കാഴ്ചവച്ച സാഹസിക പ്രവൃത്തി ആകാംക്ഷയോടെയും ശ്വാസം അടക്കിപ്പിടിച്ചുമാണ് വിൽ സ്മിത്ത് ആരാധകർ കണ്ടത്. ഉയരെ പറക്കുന്ന ഹെലികോപ്റ്ററിൽ നിന്നും, മരണം കെണിവച്ചുറങ്ങുന്ന മലയിടുക്കുകൾക്കിടയിലെ ഗ്രാൻഡ് കാന്യൺ എന്ന അഗാധ ഗർത്തത്തിലേക്കായിരുന്നു വിൽ സ്മിത്തിന്റെ ചാട്ടം.
ചാരിറ്റിയ്ക്ക് പണം കണ്ടെത്താൻ വേണ്ടിയായിരുന്നു താരത്തിന്റെ ഈ സാഹസികമായ ചാട്ടം. പിന്നോക്ക രാജ്യങ്ങളിലെ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളുടെ പഠനത്തിന് പണം കണ്ടെത്താനാണ് ജീവൻ പണയം വച്ച് താരം ഇത്തരമൊരു സാഹസിക പ്രവൃത്തിക്ക് ഒരുങ്ങിയത്.
അരിസോണയിലെ ഗ്രാൻഡ് കാന്യണിന് അരികിൽ ഓൺലൈൻ ലോട്ടറിയിലൂടെ താരത്തിന്റെ സാഹസികചാട്ടം കാണാൻ അവസരം കിട്ടിയവർ തടിച്ചു കൂടിയിരുന്നു. “ഞാനെന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച,” എന്നാണ് കയറിൽ തൂങ്ങി കിടന്ന് ഗർത്തം കണ്ട സ്മിത്തിന്റെ പ്രതികരണം. “മഹാഭീതിയിൽ നിന്നും പരമാനന്ദത്തിലേക്ക്…” തന്റെ അനുഭവത്തെ വിവരിക്കാൻ സ്മിത്തിന് വാക്കുകൾ പോരാതെ വന്നു.