പ്രശസ്ത ഹോളിവുഡ് താരം ആല്‍ബര്‍ട്ട് ഫിന്നി അന്തരിച്ചു. 82 വയസായിരുന്നു. 1960കളില്‍ ഹോളിവുഡിലെ എണ്ണം പറഞ്ഞ നടന്മാരില് ഒരാളായിരുന്നു ഫിന്നി. വൃക്കയില്‍ അര്‍ബുധം ബാധിച്ച് 2011 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. റോയല്‍ മാസ്ഡെന്‍ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം മരിച്ചതെന്ന് കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.
ഷേക്സ്പീരിയന്‍ നാടകങ്ങളിലൂടെ അഭിനയം തുടങ്ങിയ അദ്ദേഹം 1960ല്‍ ‘ദ എന്റര്‍ടെയിനര്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ‘സാറ്റര്‍ഡെ നൈറ്റ് ആന്റ് സണ്ടെ മോണിങ്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. ഏറെ ജനപ്രീതി നേടിയ ചിത്രം അക്കാലത്തെ ‘ആന്ഗ്രി’ സിനിമാ വിഭാഗത്തില്‍ മുന്നില്‍ നിന്നു. സിനിമയിലെ ‘ആന്ഗ്രി യംങ് മാന്‍’ എന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനായി.
ടോം ജോണ്‍സ് (1963), ടൂ ഫോര്‍ ദ റോഡ്സ് (1967), സ്ക്രൂജ് (1970), ആന്നി (1982), ദ ഡ്രൈസ്സര് (1983), മില്ലേഴ്സ് ക്രോസിങ് (1990), എറിന് ബ്രോക്കോവിച്ച് (2000), ബിഗ് ഫിഷ് (2003), ദ ബോണ്‍ ലെഗസി (2012), സ്കൈ ഫാള്‍ (2012) എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ബാഫ്ത പുരസ്കാരം, ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. നാല് തവണയാണ് അദ്ദേഹം ഓസ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. എന്നാല്‍ പുരസ്കാരം ലഭിച്ചില്ല.